ചണ്ഡീഗഢ്: പരിചയക്കാര്‍ തട്ടിക്കൊണ്ടുപോയി തീകൊളുത്തിയ പഞ്ചാബി
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മഞ്ജീത് കൗര്‍ (28) ഏഴ് ആഴ്ച ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ് രണ്ട് മാസത്തിന് ശേഷമാണ് അവര്‍ ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ചികില്‍സയിലിരിക്കെ മരിക്കുന്നത്. മഞ്ജീതിനെ ചണ്ഡീഗഢില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മൊറിന്‍ഡയില്‍ വച്ച് തീകൊളുത്തുകയായിരുന്നു.
കൊലയ്‌ക്ക് ഉത്തരവാദികളായ ശുഭി, പിന്‍ഡ എന്നിവര്‍ക്കായി പൊലീസ് തെരച്ചിലിലാണ്. ഇരുവരും മഞ്ജീത് കൗറിന്റെ പരിചയക്കാരായിരുന്നു. വിളിച്ചുവരുത്തിയശേഷം ബലമായി വാഹനത്തില്‍ കയറ്റി മൊറിന്‍ഡയ്‌ക്ക് സമീപമുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതുവഴി പോയ മറ്റൊരു പരിചയക്കാരനാണ് തീ അണച്ച് മഞ്ജിതിനെ ആശുപത്രിയില്‍ എത്തിച്ചത്. അമ്മ കാന്ത ദേവിയുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും രണ്ടു പ്രതികള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
















