ന്യൂദല്‍ഹി: ലഹരി മുക്ത ഭാരതത്തിനായി നശാമുക്ത് അഭിയാനിലൂടെ സിന്തറ്റിക് മയക്കുമരുന്നുകള്‍ക്കെതിരെ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) നടത്തിയ പരിശോധനയില്‍ 18 കിലോഗ്രാം രാസലഹരിയുമായി രണ്ട് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ നിന്ന് 14.9 കിലോഗ്രാം ആംഫെറ്റാമൈനും പൂനെയില്‍ നിന്ന് 2.53 കിലോഗ്രാം ആംഫെറ്റാമൈനും 878 ഗ്രാം എംഡിഎംഎ ഗുളികകളുമാണ് പിടിച്ചെടുത്തത്. രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്താകമാനം 150 കിലോ രാസലഹരി മരുന്നുകളാണ് ഡിആര്‍ഐ പിടികൂടിയത്.
കഴിഞ്ഞദിവസം ന്യൂദല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ട്രെയിനിലെത്തിയ യുവതിയില്‍ നിന്നാണ് ഏഴ് പാക്കറ്റുകളിലായി 14.9 കിലോഗ്രാം ആംഫെറ്റാമൈന്‍ പിടികൂടിയത്. ഇവരില്‍ നിന്നും രാസലഹരി മരുന്ന് വാങ്ങാനെത്തിയ രണ്ട് പേരെയും പിടികൂടി. ദല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൂനെ ജങ്ഷന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ മറ്റൊരു യുവതിയില്‍ നിന്നാണ് ലഹരി പിടികൂടിയത്. ഇവരില്‍ നിന്നും 2.53 കിലോ ആംഫെറ്റാമൈനും 878 ഗ്രാം എംഡിഎംഎ ഗുളികകളും കണ്ടെത്തി.
ഏതാനും ദിവസം മുമ്പ് മധ്യപ്രദേശിനും മഹാരാഷ്‌ട്രയ്‌ക്കുമിടയില്‍ പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്‌ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ട് വിദേശികളെ ഡിആര്‍ഐ മുംബൈ സോണല്‍ യൂണിറ്റ് പിടികൂടിയിരുന്നു. നശാ മുക്ത് അഭിയാനിലൂടെ കര്‍ശന പരിശോധനകളാണ് വിവിധ ഏജന്‍സികളെ സംയോജിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.











