തിരുവനന്തപുരം: പ്രതിരോധം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളില്‍ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി പ്രമുഖ ഡീപ്‌ടെക് റോബോട്ടിക്‌സ് കമ്പനിയായ ജെന്‍ റോബോട്ടിക്‌സ് ടെറിട്ടോറിയല്‍ ആര്‍മിയുമായി ധാരണാപത്രം ഒപ്പിട്ടു.
കൊല്‍ക്കത്തയില്‍ നടന്ന ‘കൈറ്റ ആന്റ് ടി.എ 2.0’ സിമ്പോസിയത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒ യും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
റോബോട്ടിക്‌സ് ഗവേഷണം, സാങ്കേതികവിദ്യയുടെ വിലയിരുത്തല്‍, പരിശീലനം, സാങ്കേതികശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലാണ് ഇരുവിഭാഗവും പ്രധാനമായും സഹകരിക്കുക. അപകടകരമായ സാഹചര്യങ്ങളിലെ റോബോട്ടിക് ഉപയോഗം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ഇടുങ്ങിയതും സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളിലെ പരിശോധനകള്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ വിലയിരുത്തല്‍, നിര്‍മ്മിതബുദ്ധി അധിഷ്ഠിത റിമോട്ട് സെന്‍സിംഗ്, തദ്ദേശീയ ഗവേഷണം തുടങ്ങിയവയില്‍ സഹകരിക്കാന്‍ ധാരണാപത്രം വഴിയൊരുക്കും.
ലോകത്തിലെ ആദ്യത്തെ മാന്‍ഹോള്‍ ശുചീകരണ റോബോട്ടായ ‘ബാന്‍ഡികൂട്ട്’ വികസിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ കമ്പനിയാണ് ജെന്‍ റോബോട്ടിക്‌സ്. നിലവില്‍ ശുചിത്വം, ആരോഗ്യസംരംക്ഷണം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഡിഫന്‍സ് ആന്റ് സ്‌പേസ് എന്നിവ ഉള്‍പ്പെടെ അഞ്ച് മേഖലകളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന സിമ്പോസിയത്തില്‍ ജെന്‍ റോബോട്ടിക്‌സ് തങ്ങളുടെ അത്യാധുനിക പ്രതിരോധ റോബോട്ടിക് സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിച്ചു. പ്രതിരോധബഹിരാകാശ മേഖലകളിലെ ഉത്പാദനവും ഗവേഷണവും ലക്ഷ്യമിട്ട് തുമ്പയില്‍ ജെന്‍ റോബോട്ടിക്‌സിന്റെ പുതിയ ഉത്പാദന കേന്ദ്രം അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനുപുറമേ ഐഎസ്ആര്‍ഒ, ഇന്ത്യന്‍ സൈന്യം എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച വിദഗ്ധരെയും മുതിര്‍ന്ന എഞ്ചിനീയര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രതിരോധ സാങ്കേതികവിദ്യാ രംഗത്ത് വലിയ ചുവടുവയ്‌പ്പുകള്‍ക്കാണ് ജെന്‍ റോബോട്ടിക്‌സ് ഒരുങ്ങുന്നത്.
















