
ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് ഇന്‍ഫോസിസ് പബ്ലിക് സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലാക്‌സ് ഗോപിസെട്ടിയെ കാണാനില്ലെന്ന് അറിയിച്ച് ഇന്‍ഫോസിസ്. സ്വകാര്യ സന്ദര്‍ശനത്തിനായാണ് നേപ്പാളിലെത്തിയതെന്നും പ്രളയത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും കുടുംബത്തിന് ആവശ്യമായ പിന്തുണ നല്‍കുമെന്നും ഇന്‍ഫോസിസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
അദ്ദേഹത്തെ കണ്ടെത്തുക, സുരക്ഷിതനാണെന്ന് ഉറപ്പാക്കുക എന്നിവയ്‌ക്കാണ് കമ്പനി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.വിവരങ്ങള്‍ ശേഖരിക്കാനും ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒപ്പം അദ്ദേഹത്തിന്റെ കുടുംബവുമായി നിരന്തരം ആശയവിനിമയം നടത്തുകയും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഇന്‍ഫോസിസ് അറിയിച്ചു.
ഇന്‍ഫോസിസ് പുറത്തിറക്കിയ പ്രസ്താവന:
‘സ്വകാര്യ ആവശ്യത്തിനായി നേപ്പാളില്‍ സന്ദര്‍ശനം നടത്തിയിരുന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ ലാക്‌സ് ഗോപിസെട്ടിയെ നിലവില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് സ്ഥിരീകരിക്കുന്നു. ലാക്‌സിനും ഈ ദുരന്തം ബാധിച്ച മറ്റെല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്.’