ന്യൂദല്‍ഹി: യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി. 84 വിഷയങ്ങളുടെ ഫൈനൽ ആൻസർ കീയാണ് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി ലഭ്യമാക്കിയിരിക്കുന്നത്. ഈ ആൻസർ കീ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് അവർ പരീക്ഷയ്‌ക്ക് എഴുതിയ ഉത്തരങ്ങൾ ഒത്തുനോക്കാനും പ്രതീക്ഷിക്കാവുന്ന മാർക്ക് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാനും സാധിക്കും.
പരീക്ഷയെഴുതിയ ആകെ 6.07 ലക്ഷം ഉദ്യോഗാർത്ഥികളിൽ 97,000-ത്തിലധികം പേർ പിഎച്ച്ഡി പ്രവേശനത്തിനും 4,000-ത്തിലധികം പേർ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും അർഹത നേടിയിട്ടുണ്ടെന്ന് ഒരു മുതിർന്ന എൻടിഎ ഉദ്യോഗസ്ഥൻ അറിയിച്ചു. ആകെ പരീക്ഷ നടന്ന് ഏകദേശം രണ്ടു മാസങ്ങൾക്ക് ശേഷമാണ് എൻടിഎ പരീക്ഷാ ഫലവും ഒപ്പം ഉത്തരം സൂചികയും പുറത്തുവിട്ടത് .നേരത്തെ, നാഷണൽ ടെസ്റ്റിങ് ഏജൻസി നൽകിയ പ്രൊവിഷണൽ ആൻസർ കീകളിൽ വ്യാപകമായി തെറ്റുകൾ സംഭവിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതികൾ പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരസൂചിക പുറത്തിറക്കിയിരിക്കുന്നത്.
ജൂൺ മാസത്തിൽ നടന്ന ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ വസ്തുതാപരവും ഭാഷാപരവുമായ തെറ്റുകളും ടൈപ്പോഗ്രാഫിക്കൽ പിശകുകളും വിവർത്തനത്തിലെ അപാകതകളും ഒരു വിദഗ്‌ദ്ധ സമിതി കണ്ടെത്തിയതിനെ തുടർന്ന് ഈ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചു.
ആഗസ്റ്റ് 16-ന് പുറത്തുവിട്ട ഉത്തരം സൂചികയോടൊപ്പം ഈ മൂന്ന് വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്തുന്നത് സംബന്ധിച്ച പ്രത്യേക വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് സെപ്റ്റംബർ 9, 10 തീയതികളിലാണ് ഈ മൂന്ന് വിഷയങ്ങളിലെ പുനഃപരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അധിക ഫീസ് ഒന്നും ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.















