ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം)ഫണ്ട് ഉപയോഗിച്ച് ആരോഗ്യപദ്ധതികള്‍ നടപ്പാക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഫണ്ടിന്റെ പകുതിയിലധികവും ചെലവഴിക്കുന്നത് ശമ്പളത്തിനാണെന്നും ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാരുടെ ശമ്പളംപോലും പ്രോഗ്രാം മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് നല്‍കുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്‍എച്ച്എംഡയറക്ടര്‍ ആരാധന പട്നായിക് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണിക്കാര്യം.
സ്ഥിരം ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബജറ്റില്‍ നിന്നുതന്നെ വഹിക്കണമെന്നും ഈ രീതി തുടരാന്‍ പാടില്ലെന്നും എന്‍എച്ച്എം നിര്‍ദ്ദേശിച്ചു. ഫണ്ട് ശമ്പളത്തിനു ചെലവിടുന്നതും ആരോഗ്യപ്രവര്‍ത്തകരുടെ വിന്യാസത്തിലും ആസൂത്രണത്തിലും ഏകോപനമില്ലാത്തതിനാല്‍ തുകകള്‍ പാഴാകുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. പ്രോഗ്രാം മാനേജ്‌മെന്റിന് ഒന്‍പത് ശതമാനം മുതല്‍ 14ശതമാനം വരെയാണ്. എന്നാല്‍ ഇതിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നത് ജീവനക്കാരുടെ ശമ്പളത്തിനാണ്.
ഒരേ സ്വഭാവമുള്ള തസ്തികകള്‍ പുനക്രമീകരിക്കണം, യോഗ്യതയുടെ അടിസ്ഥാനത്തില്‍ തസ്തികകള്‍ പുനസംഘടിപ്പിക്കണം, റഗുലര്‍ കേഡറില്‍ തസ്തികകള്‍ സൃഷ്ടിക്കണം, ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഒഴിവാക്കണം, കരാര്‍ ജീവനക്കാരുടെ വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഏകീകരിക്കണം. കേരളത്തിനുള്ള 2026-2027 ലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ പ്ലാനിന് 1991.58 കോടിയുടെ ഭരണാനുമതി നല്‍കുന്ന റിപ്പോര്‍ട്ടിലും പ്രോഗ്രാം മാനേജ്‌മെന്റിനായി അനുവദിക്കുന്ന തുക ശമ്പളത്തിന് ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) വഴി കേന്ദ്രസര്‍ക്കാര്‍ 2025-26ല്‍ സംസ്ഥാനത്തിന് നല്‍കിയത് 1200.90 കോടി രൂപ. ഈ വര്‍ഷം ആഗസ്ത് വരെ 558.73 കോടിയും അനുവദിച്ചു. സ്റ്റേറ്റ് ഹെല്‍ത്ത് മിഷനായി കഴിഞ്ഞവര്‍ഷം 342.94 കോടിയും ഈ വര്‍ഷം 248.07 കോടിയും അനുവദിച്ചു. 2026-27ല്‍ മലപ്പുറം ജില്ലയ്‌ക്കാണ് ഏറ്റവും കൂടുതല്‍ അനുവദിച്ചത്. 37.94 കോടി. തിരുവനന്തപുരം – 33.47 കോടി, എറണാകുളം – 29.11, കോഴിക്കോട് – 25.21, കാസര്‍കോട് – 12.47, പത്തനംതിട്ട – 13.88, വയനാട് – 14.24 കോടിയുമാണ് അനുവദിച്ചത്. 2025-26ല്‍ തിരുവനന്തപുരത്തിനായിരുന്നു ഏറ്റവും കൂടുതല്‍. 96.54 കോടി. കൊല്ലം- 59.96, പത്തനംതിട്ട – 38.14, ആലപ്പുഴ – 53.65, കോട്ടയം- 49.53, ഇടുക്കി – 41.90, എറണാകുളം – 80.26, തൃശൂര്‍ – 70.14, പാലക്കാട് – 62.36, മലപ്പുറം 92.80, കോഴിക്കോട് – 71.74, വയനാട് – 41.15, കണ്ണൂര്‍ – 61.64, കാസര്‍കോട്- 37.64 കോടിയും ആണ് അനുവദിച്ചത്.
അതേസമയം ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എന്‍എച്ച്എം തുക ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനത്തിനും മരുന്നുകളുള്‍പ്പെടെ ആരോഗ്യ സേവനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അതില്‍ എത്രയാണ് ശമ്പളത്തിനായി മാറ്റിവെക്കുന്നതും ചികിത്സാ-അടിസ്ഥാന സൗകര്യങ്ങള്‍ക്ക് എത്ര വിനിയോഗിക്കുന്നുവെന്നും രാാഷ്‌ട്രീയ വ്യത്യാസങ്ങള്‍ മറന്ന് സംസ്ഥാനത്തെ എല്ലാ എംപിമാരും അതത് ജില്ലാ വികസന സമിതികളില്‍ പരിശോധിക്കണം.














