ശ്രീനാരായണഗുരുദേവന്‍ ഒരു ഉപനിഷത്ത് ഋഷിയാണ്. ‘ഉപനിഷദുക്തി രഹസ്യം ഓര്‍ത്തിടേണം’എന്ന് ഗുരുദേവന്‍ ആത്മോപദേശശതകത്തില്‍ ഉപദേശിക്കുന്നുണ്ട്. ഗുരുവിന്റെ കൃതികളിലുടനീളം ഉപനിഷത്ത് ദര്‍ശനം നമുക്ക് കാണാവുന്നതാണ്. ഗുരുദേവന്‍ ശാസ്ത്രയുഗത്തിന്റെ ഋഷികൂടിയാണ്. ആധുനിക ശാസ്ത്രത്തെ വേദാന്തദര്‍ശനവുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കുവാന്‍ ഗുരുവിന് സാധിച്ചിട്ടുണ്ട്. ഗുരുദര്‍ശനം നിത്യശുദ്ധമായ സനാതനധര്‍മ്മമാണ്. ഗുരുദേവന്റെ ദിവ്യമായ ദര്‍ശനവും സനാതനധര്‍മ്മവും തമ്മിലുള്ള സാജാത്യവൈജാത്യങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ചര്‍ച്ചകള്‍ നടന്നു കാണുന്നുണ്ട്. ഒരു രാഷ്‌ട്രീയനേതാവ് സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണം എന്ന് പ്രഖ്യാപിച്ചതോടെയാണ് അനുലോമമായും പ്രതിലോമമായും ഉള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. സനാതനധര്‍മ്മം ഹിന്ദുമതമെന്നും, ഹിന്ദുമതം ജാതിവ്യവസ്ഥയെയും ചാതുര്‍വര്‍ണ്യത്തേയും ഉറപ്പിച്ച് അധഃസ്ഥിത ജനതയെ അടിച്ചമര്‍ത്തുന്നുവെന്നുമാണ് വിമര്‍ശകരുടെ അഭിമതം. 172-ാമത് ഗുരുദേവജയന്തി ഇന്നേദിവസം ലോകമൊട്ടാകെ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ ഗുരുവിന്റെ സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ അദ്വൈതവേദാന്ത ചിന്തയെ പരിചിന്തനം ചെയ്യേണ്ടതാണ്. വേദാന്ത ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മനുഷ്യരെല്ലാമൊന്ന് എന്ന് ഗുരുദേവന്‍ സിദ്ധാന്തിച്ചു. അവിടെ ജാതിവ്യവസ്ഥയ്‌ക്കോ ചാതുര്‍ വര്‍ണ്യാദി ഭേദചിന്തയ്‌ക്കോ യാതൊരു സ്ഥാനവുമില്ല.
ആയിരത്താണ്ടുകളായി ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ ഇടയില്‍ വേലിക്കെട്ടുകള്‍ തീര്‍ത്ത് അവര്‍ എല്ലാവിധമായ അസ്വാതന്ത്ര്യവും പേറി ജീവിക്കേണ്ടിവന്നത് ക്രൂരമായ ജാതിവ്യവസ്ഥ കൊണ്ടുതന്നെയാണ്. സനാതനികള്‍ എന്ന് അഭിമാനിക്കുന്ന ഒരുപറ്റം ജനത ഇന്നും ജാതിവ്യവസ്ഥയും ചാതുര്‍വര്‍ണ്യവും ആവശ്യമെന്ന് സിദ്ധാന്തിക്കുന്നുമുണ്ട്. ഈ ചിന്തയ്‌ക്ക് മാറ്റം വരണം. ജാതി വ്യവസ്ഥയും ഉച്ചനീചത്വഭേദങ്ങളും രാജ്യത്തിനും മതത്തിനും ഒരിക്കലും ചേര്‍ന്നതല്ല. ആരെങ്കിലും അതിനെ മുറുകെ പിടിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവര്‍ തീര്‍ച്ചയായും രാജ്യത്തിന്റെ പൊതുശത്രുക്കളാണ്.
മഹാകവി കുമാരനാശാന്‍ –
‘വൈദീകമാനികള്‍ മര്‍ത്ത്യരില്‍ ഭേദവും
ഭേദത്തില്‍ ഭേദവും ജല്‍പ്പിക്കുന്നു
എന്തൊരു വൈകൃതം ബ്രഹ്‌മവിദ്യേ നിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം
നിര്‍ണ്ണയം നിന്നെപ്പോല്‍ പാരിലധോഗതി
വിണ്ണവര്‍ഗംഗയ്‌ക്കുമുണ്ടായില്ല’
എന്ന് പരിതപിച്ച് പാടിയിട്ടുണ്ട്. ഭേദങ്ങളറ്റ പൊരുളിനെയാണ് നാലു വേദങ്ങളും അനുശാസിക്കുന്നതെങ്കിലും ആ വേദത്തെത്തന്നെ ഉപാധിയാക്കി മനുഷ്യരെ കൂച്ചുവിലങ്ങിട്ട് താഴോട്ട് തള്ളിയത് കണ്ടുകൊണ്ടാണ് സ്വര്‍ലോകഗംഗ ഭൂമിയിലേക്ക് പതിച്ചതുപോലെയാണ് ബ്രഹ്‌മവിദ്യയുടെ അധഃപതനമെന്ന് മഹാകവി പാടിയത്. ഉപനിഷത്ത് ദര്‍ശനം ലോകത്തിന് ലഭിച്ച അക്ഷയഖനിയാണ്. വ്യാസനും വസിഷ്ഠനും വാല്മീകിയും ശങ്കരാചാര്യരും ശ്രീരാമകൃഷ്ണപരമഹംസനും ശ്രീനാരായണഗുരുദേവനും ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രത്യക്ഷമായ സ്വരൂപങ്ങളാണ്. ഭാരതത്തെ ആര്‍ഷഭൂവെന്ന് വിളിക്കുവാന്‍ കാരണം ഋഷിവര്യന്‍മാരുടെ ആത്മനിശ്വാസം നിറഞ്ഞു നില്‍ക്കുന്ന ദേശം എന്ന അര്‍ത്ഥത്തിലാണ്.
ശുദ്ധമായ സനാതനധര്‍മ്മം യാതൊരുവിധമായ ഭേദചിന്തകളെയും അംഗീകരിക്കുന്നില്ല. അതുമാത്രമല്ല സനാതനം എന്നാല്‍ എന്നും പുതുമയാര്‍ന്നത് എന്നാണ് താല്‍പര്യം. എന്നും പുത്തന്‍ ആയിരിക്കുന്നത് ബ്രഹ്‌മമാണ് – ഈശ്വരനാണ് എന്ന് ശ്രീരാമകൃഷ്ണപരമഹംസര്‍ പറയുന്നുണ്ട്. ശ്രീനാരായണഗുരുദേവന്‍ ശ്രീനാരായണ സ്മൃതിയിലൂടെ ഉപദേശിക്കുന്നു-
സതി സാധു ഭവേത് സത്യം
സത്യം ബ്രഹ്‌മസനാതനം
സത്യേ തിഷ്ഠതി ലോകോളയം
വദേത് സത്യം ന ചാനൃതം (ശ്രീനാരായണധര്‍മ്മം -72)
ഇവിടെ ഗുരുദേവന്‍ ഉപദേശിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക. സത്യം എന്നത് മൂന്നുകാലത്തും മാറ്റമില്ലാത്ത ഒന്നാണ.് അത് സനാതനമായ ബ്രഹ്‌മസത്യം തന്നെയാണ.് ഈ ലോകം തന്നെ നിലകൊള്ളുന്നത് സനാതനമായ സത്യത്തിലാണ്. ഇവിടെ ഗുരുദേവന്‍ സത്യം, സനാതനം, ബ്രഹ്‌മം എന്നീ മൂന്നും ഒന്നുതന്നെ എന്നാണ് ഉപദേശിക്കുന്നത്. സനാതനം എന്നാല്‍ പുതുമ നശിക്കാതെ എന്നും നിലകൊള്ളുന്നത് എന്നാണല്ലോ അര്‍ത്ഥം. മാറ്റമില്ലാതെ നിലകൊള്ളുന്നത് പരമാത്മാവ്- ദൈവം ഒന്നുമാത്രമാണ്. അതാണ് സനാതനസത്യം. വാസ്തവത്തില്‍ സനാതന ധര്‍മ്മത്തിനും ജാതിവ്യവസ്ഥയ്‌ക്കും ചാതുര്‍വര്‍ണ്ണ്യത്തിനും തമ്മില്‍ ബന്ധമൊന്നുമില്ല. യഥാര്‍ത്ഥ ശുദ്ധമായ സനാതനധര്‍മ്മം എല്ലാവിധമായ ഭേദചിന്തകള്‍ക്കും അതീതം എന്ന് മഹാകവി കുമാരനാശാനും അഭിപ്രായപ്പെടുന്നു.
എന്നാല്‍ സനാതനധര്‍മ്മത്തിന്റെ മറവില്‍ മനുഷ്യസഞ്ചയത്തെ
‘തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ
ഒട്ടല്ലഹോ ജാതിക്കോമരങ്ങള്‍’ ആയി കല്‍പ്പിക്കപ്പെട്ട ദുരവസ്ഥയുണ്ടായിരുന്നു. ഗുരുദേവന്റെ നേതൃത്വത്തില്‍ നടന്ന അദ്ധ്യാത്മവിപ്ലവം – ശുദ്ധമനുഷ്യത്വമായ സനാതനധര്‍മ്മം എല്ലാവരും ഒരേ ഒരു പരംപൊരുളിന്റെ അംശങ്ങള്‍ എന്ന നിലയില്‍ ആത്മസാഹോദര്യ ധര്‍മ്മമാണ്. അവിടെ ജാതിക്കോ മതത്തിനോ വിഭാഗീയമായ ചിന്തകള്‍ക്കോ യാതൊരുവിധമായ ഭേദങ്ങളുമില്ലാത്തതാണ.് അതുകൊണ്ടാണ് മഹാഗുരു പള്ളാത്തുരുത്ത് എസ്.എന്‍.ഡി.പി. യോഗ വാര്‍ഷികത്തില്‍ സനാതനധര്‍മ്മം എന്ന മതത്തെക്കുറിച്ച് സന്ദേശം നല്‍കിയത് (1927).
‘നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേര്‍ക്കുന്നതായിരിക്കണം. മതം വിശ്വാസസ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്‌കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഉത്തമമായ ആദര്‍ശത്തിലേക്ക് ഉയര്‍ത്തുന്നതുമായിരിക്കണം. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നുള്ള സനാതനധര്‍മ്മം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഒന്നായി ചേരുന്നത് സംഘടനയ്‌ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കും എന്ന് തോന്നുന്നു. മതപരിവര്‍ത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്ന് വിശ്വസിക്കുന്നവര്‍ക്ക് സനാതനധര്‍മ്മം മതമായി സ്വീകരിക്കുന്നത് അവരുടെ മതപരിവര്‍ത്തനവും സ്വാതന്ത്ര്യ പ്രഖ്യാപനവും ആയിരിക്കുന്നതാണ്.’
‘ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നത് സനാതന ധര്‍മ്മം എന്ന മതമാകുന്നു എന്ന ഗുരുവിന്റെ പ്രഖ്യാപനവും മതപരിവര്‍ത്തനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ സനാതനധര്‍മ്മത്തെ മതമായി സ്വീകരിക്കണമെന്ന ഉപദേശവും നാം ആഴത്തില്‍ പഠിച്ച് അറിയേണ്ടത് തന്നെയാണ്. ഗുരു 1920 ല്‍ മേല്‍പ്പറഞ്ഞ സന്ദേശം നല്‍കിയപ്പോള്‍ ഗുരുദേവശിഷ്യനായ ശിവപ്രസാദ് സ്വാമികള്‍ ശ്രീനാരായണമതം എന്ത് എന്ന് വിശദീകരണം നല്‍കിയിട്ടുണ്ട്. മഹാകവി കുമാരനാശാനാകട്ടെ മതപരിവര്‍ത്തനരസവാദത്തിലൂടെ ഉദ്‌ബോധിപ്പിക്കുന്നു-
‘ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം ഒരു വ്യവസ്ഥിതമായ കാര്യപരിപാടിയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘമാണ്. അതിന്റെ ഉദ്ദേശങ്ങളില്‍ പ്രധാനമായ ഒന്ന് മതപരിഷ്‌കരണമാകുന്നു. ശ്രീനാരായണധര്‍മ്മം എന്ന പദം തന്നെ ശ്രീനാരായണഗുരുവിന്റെ മതം എന്ന അര്‍ത്ഥത്തെയാണ് വിവക്ഷിക്കുന്നത്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നുള്ളതാണ് ആ മതം. തൃപ്പാദങ്ങളുടെ ഈ ആദര്‍ശത്തെ ലാക്കാക്കിയുള്ള മതപരിഷ്‌കരണമാണ് എസ്. എന്‍. ഡി. പി.യോഗത്തിന്റെ കാര്യപരിപാടിയില്‍ ഉള്ളത് എന്ന് വ്യാഖ്യാനിക്കേണ്ടതില്ലല്ലോ.’
ചുരുക്കത്തില്‍ സനാതനധര്‍മ്മം എന്നത് ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന മതദര്‍ശനത്തിന്റെ പൊതുനാമം എന്നാണ് ഗുരുദേവനും ശിഷ്യന്മാരും വ്യാഖ്യാനിച്ചിട്ടുള്ളത്. അത് ശ്രീനാരായണ ഭക്തന്മാര്‍ അവരുടെ മതസിദ്ധാന്തമായി കണക്കാക്കി ജീവിക്കുകയും വേണം. അതിനാല്‍ സനാതനധര്‍മ്മം എന്ന് കേട്ടാല്‍ കാള പെറ്റു എന്ന് കേട്ട് കയറെടുക്കേണ്ട കാര്യമില്ല. സനാതനധര്‍മ്മം എന്നതിന് ശ്രീനാരായണഗുരുദേവന്‍ നല്‍കുന്ന വിശദീകരണം ഗുരുദേവ ഭക്തന്മാര്‍ അവരുടെ മതവിശ്വാസമായി സ്വീകരിക്കേണ്ടതാണ്. അത് ‘എല്ലാവരും ആത്മ സഹോദരര്‍’ എന്ന അദ്വൈതതത്ത്വത്തിന്റെ പൊരുളുതന്നെയാണ്.
എന്നാല്‍ സനാതനധര്‍മ്മത്തിന്റെ വക്താക്കളായ ചിലര്‍ ഇപ്പോഴും ജാതിവ്യത്യാസത്തെയും അയിത്താചാരത്തെയും വിടാതെ സൂക്ഷിച്ച് മതത്തിനും രാജ്യത്തിനും അപമാനം വരുത്തിക്കൊണ്ടിരിക്കുന്നുവെന്ന് സമീപകാല സംഭവങ്ങള്‍ ഉദാഹരിക്കുന്നു. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പയ്യന്നൂരിലെ ഒരു ദേവാലയത്തില്‍ അയിത്താചാരത്താല്‍ അപമാനം ഏല്‍ക്കേണ്ടതായി വന്നെന്ന് പറയപ്പെടുന്നു. ഈ ദുരവസ്ഥ മറ്റ് പല സങ്കേതങ്ങളിലും നിറഞ്ഞു നില്‍പ്പുണ്ട്. ഇതെഴുതുന്ന ആളിന് പോലും ചില കേന്ദ്രങ്ങളില്‍ നിന്ന് ജാതിഭേദത്തിന്റേതായ പല അനുഭവങ്ങളും വന്നിട്ടുണ്ടെന്ന് പറയട്ടെ. അതൊക്കെ ഇവിടെ തുറന്നു പറയുവാന്‍ ഉദ്ദേശിക്കുന്നില്ല. ഹിന്ദുമതത്തിലും സനാതന ധര്‍മ്മത്തിലും ഏതെങ്കിലും ഭേദചിന്തകള്‍ കല്‍പ്പിക്കുവാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അത് ഹിന്ദുമതത്തിന്റെ യശസ്സിന് കളങ്കം വരുത്തുന്നതാണ്.
അതുപോലെ ദേവസ്വം ബോര്‍ഡിന്റെ മിക്കവാറും ക്ഷേത്രങ്ങളില്‍ ഗുരുദേവനും ഗുരുദേവദര്‍ശനത്തിനും അയിത്തം ഉണ്ട്. ഗുരു രചിച്ച ദൈവദശകം തുടങ്ങിയ വിശ്വപ്രാര്‍ത്ഥനകള്‍ പോലും ഈ ക്ഷേത്രങ്ങളില്‍ ആലാപനം ചെയ്യാന്‍ പാടില്ല. ജാതിഭേദബുദ്ധിവെച്ച് പുലര്‍ത്തുന്നവര്‍ അവിടെ സനാതനധര്‍മ്മ സംരക്ഷകരായി രംഗത്തിറങ്ങും. ഇങ്ങനെ നിരവധി അനുഭവങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയ്‌ക്കു മാറ്റം ഉണ്ടാകണം. ഗുരുദേവനെപ്പോലും ജാതിക്കണ്ണുകൊണ്ട് നോക്കിക്കാണുന്നത് മഞ്ഞപ്പിത്തം ബാധിച്ചവന്റെ ദൃഷ്ടിയാണ്. ഈ ദൃഷ്ടി തെളിഞ്ഞേതീരൂ.
ഈ ദുര്യോഗത്തില്‍ നിന്നും മോചനം ഉണ്ടാകുവാന്‍ യഥാര്‍ത്ഥ മതസിദ്ധാന്തങ്ങള്‍ അറിയുകയും അത് അനുസരിച്ച് ജീവിക്കുകയും വേണം. ശുദ്ധ ഹിന്ദുമത സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കണമെന്ന ഗുരുദേവന്റെ ഉദ്‌ബോധനം പ്രാവര്‍ത്തികമാക്കണം. ശുദ്ധ ഹിന്ദുമതസിദ്ധാന്തങ്ങള്‍ എന്നു പറയുമ്പോള്‍ അശുദ്ധ ഹിന്ദുമത സിദ്ധാന്തങ്ങളും ഉണ്ടായിരിക്കുമല്ലോ. ചാതുര്‍വര്‍ണ്യ-ജാതി സിദ്ധാന്തങ്ങള്‍ അതിന്റെ ഭാഗമാണ്. എല്ലാവരും ഒരേയൊരു ഈശ്വരസത്യത്തിന്റെ അടിസ്ഥാനത്തില്‍ ‘മാനവരൊക്കെയും ഒന്ന്. അതാണ് നമ്മുടെ മതം’ എന്ന ഗുരുദര്‍ശനമാകുന്ന സനാതന ധര്‍മ്മം നമ്മുടെ ജീവിതദര്‍ശനമാകട്ടെ.
ശ്രീനാരായണ ഗുരുദേവന്‍ ഉപദേശിച്ച അദ്വൈതവേദാന്തവും ജീവിതദര്‍ശനവും ജനതയെ ഐക്യതയിലേക്ക് നടത്തുവാന്‍ പര്യാപ്തമാണ്. ജാതിമതാതിഭേദചിന്തകള്‍ക്കതീതമായി ഏവരും ശുദ്ധമനുഷ്യത്വത്തിന്റെ വക്താക്കളാകണം. അതാണ് അദ്വൈത ചിന്തയുടെ പ്രായോഗികത. 172-ാമത് ജയന്തി ആഘോഷിക്കുന്ന ഈ വേളയില്‍ നാമെല്ലാം ഒരേ ഒരു ഈശ്വരസത്യത്തിന്റെ സ്ഫുരണങ്ങളാണ് എന്ന അദ്വൈത ചിന്ത നമ്മെ നയിക്കട്ടെ. ഗുരു വിഭാവനം ചെയ്യുന്ന എകതയുടെ ആ മഹാദര്‍ശനം നമ്മുടെ ജീവിതദര്‍ശനമായിത്തീരട്ടെ. ഗുരുദേവജയന്തി ചിന്തകള്‍ ഏവരിലും ശാന്തിയും സമാധാനവും ഐക്യതയും ഈശ്വരീയതയും പരിപോഷിപ്പിക്കുവാന്‍ പര്യാപ്തമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.















