
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. ഗാർഗ് ഏവിയേഷന്റെ ‘ടെക്നാം’ പരിശീലന വിമാനമാണ് കാൺപൂർ ഗംഗാ തീരത്തിന് സമീപമുള്ള നാതാപൂർവ ഗ്രാമത്തിലെ വയലിലേക്ക് ഇടിച്ചിറങ്ങി തകർന്നത്.
ഗുജറാത്ത് സ്വദേശിയായ ഇൻസ്ട്രക്ടർ സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശിയായ ട്രെയിനി പൈലറ്റ് അഭിഷേക് പൂജാരി എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. രാവിലെ 11.30-ഓടെ പറന്നുയർന്ന വിമാനം 20 മിനിറ്റിനകം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു.