രാഷ്‌ട്രം വന്ദേമാതരഗാനത്തിന്റെ 150-ാം ജയന്തി പ്രാധാന്യത്തോടെ ആഘോഷിക്കുകയാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരവുമായി ഇത്രയേറെ ഇഴുകിച്ചേര്‍ന്ന മറ്റൊരു ഗീതമില്ല. ഓരോ ദേശത്തിനും തനതായ പതാക പോലെ തനതായ ദേശീയഗാനവും ഉണ്ട്. ഭാരതത്തിന്റെ ഭരണഘടനയനുസരിച്ച് തുല്യപദവി കണക്കാക്കിയ രണ്ട് ദേശീയ ഗാനങ്ങളാണ് നമുക്കുള്ളത്; വന്ദേമാതരവും ജനഗണമനയും. ഭാരതത്തില്‍ എപ്പോഴൊക്കെ രാഷ്‌ട്രത്തിനും സമാജത്തിനും ഭീഷണി നേരിട്ടോ അപ്പോഴെല്ലാം ഈ നാട്ടിലെ സംന്യാസി സമൂഹം ശക്തമായി പ്രതികരിച്ചിരുന്നു. അത്തരത്തില്‍ ഒരു പോരാട്ടമാണ് 1762-ല്‍ വൈഷ്ണവ സംന്യാസിമാരുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടന്നത്. ഈ പോരാട്ടത്തെ അടിസ്ഥാനമാക്കി ബങ്കിം ചന്ദ്ര ചാറ്റര്‍ജി (ഔദ്യോഗിക നാമം ബങ്കിം ചന്ദ്ര ചതോപാധ്യായ) എഴുതിയ ചരിത്ര നോവലാണ് ‘ആനന്ദമഠം’. ഭാരത സാഹിത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നോവലുകളിലൊന്നാണിത്. രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നതിനും മരണം വരിക്കാന്‍ പോലും മനക്കരുത്തും പ്രേരണയും നല്‍കുന്ന ദേശഭക്തിഗാനമായിട്ടായിരുന്നു വന്ദേമാതരത്തെ അദ്ദേഹം ഈ നോവലില്‍ അവതരിപ്പിച്ചത്.
1875 നവംബര്‍ 7-നാണ് വന്ദേമാതരം കവിത ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ തൂലികയില്‍ നിന്ന് വിരചിതമായത്. ഈ കവിത എഴുതുമ്പോള്‍ അദ്ദേഹം ബംഗാളില്‍ ഡെപ്യൂട്ടി മജിസ്ട്രേറ്റ് ആയിരുന്നു. എഴുത്തിനിരുത്തി ഏഴു ദിവസത്തിനുള്ളില്‍ മൂന്ന് ഭാഷകളുടെ ലിപികള്‍ (ഇംഗ്ലീഷ്, ദേവനാഗരി, ബംഗാളി) പകര്‍ത്തിയെഴുതാന്‍ പഠിച്ചു. ഒറ്റത്തവണ വായിച്ചത് ഓര്‍മ്മയില്‍ നില്‍ക്കുന്ന കുട്ടികളെ ബംഗാളില്‍ ‘ഏകപാഠി’ എന്ന് വിളിക്കും. അദ്ദേഹത്തിന്റെ അച്ഛന്‍ യാദവ് ചന്ദ്ര ചതോപാധ്യായ കല്‍ക്കട്ടയില്‍ ഡെപ്യൂട്ടി മജിസ്ട്രേറ്റ് ആയിരുന്നു. അമ്മയും മജിസ്ട്രേറ്റ് ആയിരുന്നു. സഹോദരന്മാരായ ശ്യാമാചരണും, സഞ്ജീവചന്ദ്രനും പൂര്‍ണ്ണചന്ദ്രനുമെല്ലാം ഡെപ്യൂട്ടി മജിസ്ട്രേറ്റുമാരായി ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉന്നത പദവികളില്‍ സേവനം അനുഷ്ഠിച്ചവരായിരുന്നു.
‘മജിസ്ട്രേറ്റുമാരുടെ കുടുംബം’ ബംഗാളില്‍ പ്രസിദ്ധമായിരുന്നു. കല്‍ക്കട്ടയിലെ ഹിന്ദു കോളേജില്‍ നിന്നും 1858-ലെ ആദ്യത്തെ ബി.എ ബാച്ചില്‍ പരീക്ഷയ്‌ക്കിരുന്ന 19 പേരില്‍ പാസായത് രണ്ടുപേര്‍ മാത്രം; ബങ്കിം ചന്ദ്ര ചാറ്റര്‍ജിയും ജദുനാഥ ബസുവും. ബങ്കിം ചന്ദ്രന് 20 വയസ്സുള്ളപ്പോള്‍ ഡെപ്യൂട്ടി കളക്ടറായി നിയമനം ലഭിച്ചു. ഗ്രാമത്തിലെ പാവപ്പെട്ട കര്‍ഷകരുടെ നിലം പിടിച്ചെടുക്കാനായി ജന്മിയും വെള്ളക്കാരായ പോലീസ് ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് അവരെ ആക്രമിക്കുകയും കൊള്ളയും കൊലയും നടത്തുകയും ചെയ്തു. അവശേഷിച്ചവര്‍ പലായാനം ചെയ്യാന്‍ തയ്യാറാവുമ്പോള്‍ വിവരമറിഞ്ഞ് ഡെപ്യൂട്ടി കളക്ടര്‍ പോലീസ് സന്നാഹത്തോടെ അവിടെയെത്തി. തോട്ടം ഉടമ മെറെലിനെയും സൂപ്രണ്ട് ഓഫ് പോലീസ് ഹെന്റിയെയും അറസ്റ്റ് ചെയ്തു. സ്വന്തം ജോലിയുടെ അന്തസ്സ് പാലിക്കുന്ന മജിസ്ട്രേറ്റ് നാട്ടുകാരെ രക്ഷിക്കാനും വെള്ളക്കാരായ കുറ്റക്കാരെ ശിക്ഷിക്കാനും തെല്ലും ഭയന്നില്ല. കണിശക്കാരനായ ന്യായാധിപനായ അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭയമില്ലായ്‌മയും മേലുദ്യോഗസ്ഥര്‍ക്കും വലിയ മതിപ്പായിരുന്നു. അഗാധമായ നിയമപാണ്ഡിത്യവും ജനപിന്തുണയുമുള്ള അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഒരു പഴുതുമില്ലാത്തതിനാല്‍, അവരുടെ കയ്യിലുള്ള അടവ് അദ്ദേഹത്തെ അടിക്കടി സ്ഥലം മാറ്റുക മാത്രമായിരുന്നു.
അങ്ങനെ ഹൂഗ്ലി ജില്ലയില്‍ എത്തിയപ്പോള്‍ ഹിന്ദു കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ദേശീയ സമിതിയിലെ സജീവഅംഗവും കവിയും എഴുത്തുകാരനും ഉദ്യോഗസ്ഥനുമായ ഭൂദേവ് മുഖോപാധ്യായ ആയിരുന്നു അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ താമസിച്ചിരുന്നത്. അവരുടെ നിത്യേനയുള്ള കൂടിക്കാഴ്ചയില്‍ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചും സാഹിത്യ രചനകളെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ഭാഷാശൈലിയെക്കുറിച്ചും ‘ബംഗദര്‍ശന്‍’ എന്ന ഭാഷാ മാസിക തുടങ്ങുന്നതിനെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തു. സമാനമനസ്‌കരായ പല സുഹൃത്തുക്കളും ഒഴിവുസമയങ്ങളില്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുത്തു. നിരവധി ലേഖനങ്ങളും ദാര്‍ശനിക നിരൂപണങ്ങളും ചരിത്ര ആഖ്യായികകളും എഴുതിയിട്ടുണ്ടെങ്കിലും ബങ്കിം ബാബുവിനെ ഭാരതത്തിലാകമാനമുള്ള ജനത ‘ആനന്ദമഠ’ത്തിന്റെ കര്‍ത്താവ് എന്ന നിലയ്‌ക്കാണ് അറിഞ്ഞിരുന്നത്. ബങ്കിം ബാബുവിന്റെ എഴുത്തിനെക്കുറിച്ചും ഭാഷാശൈലിയെക്കുറിച്ചും ചെറുപ്പക്കാരായ അരവിന്ദഘോഷിനും രവീന്ദ്രനാഥ ടാഗോറിനും വളരെയേറെ മതിപ്പും ആദരവുമായിരുന്നു. കല്‍ക്കട്ട സര്‍വ്വകലാശാല സെനറ്റ് അംഗം എന്ന നിലയില്‍ ബംഗാളി ഭാഷ സര്‍വ്വകലാശാല തലത്തില്‍ പാഠ്യവിഷയമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പൊതുജനത്തിന് മനസ്സിലാകുന്ന ഭാഷയില്‍ അവരോട് സംവദിക്കുവാന്‍ അദ്ദേഹം വംഗദര്‍ശന്‍ പത്രിക തുടങ്ങി.
1857-ലെ സ്വാതന്ത്ര്യസമരം പരാജയപ്പെട്ടുവെങ്കിലും അനിശ്ചിതത്വവും ക്ലേശവും ആപത്തും നിലനില്‍ക്കുന്ന ആ ഘട്ടത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യം സ്വപ്‌നം കണ്ട് ദേശഭക്തിഗാനങ്ങള്‍ രചിക്കുക കവികളുടെ പൊതുവായ സ്വഭാവമായിരുന്നു. ഭൂദേവ് കവിയുടെ ‘മാതൃ നമാമി’, കവി ഹേമചന്ദ്ര ബന്ധോപാധ്യായയുടെ ‘ഭാരത സംഗീതം’, രവീന്ദ്രനാഥ ടഗോറിന്റെ ജ്യേഷ്ഠന്‍ ആയിരുന്ന സത്യേന്ദ്രനാഥിന്റെ ‘മാതൃപൂജ’ ഇവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. രാഷ്‌ട്രഭാവനയുടെ സര്‍ഗ്ഗചേതന ചിറകടിച്ചുയര്‍ന്ന ആ അമോഘ അന്തരീക്ഷത്തിലാണ് വന്ദേമാതരം ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ തൂലികയില്‍ നിന്നും പിറന്നത്. ആനന്ദമഠം എഴുതി തുടങ്ങുന്നതിനു മുമ്പാണ് വന്ദേമാതരം എഴുതിയത്. വീട്ടിലെ സുഹൃദ് സമ്മേളനത്തിലാണ് അദ്ദേഹം ആദ്യമായി വന്ദേമാതരം കവിത അവതരിപ്പിച്ചത്. എല്ലാവരും മതിമറന്ന് ആസ്വദിച്ചു. കൂട്ടത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ നിപുണനായ യദുനാഥ ഭട്ടാചാര്യനും ഉണ്ടായിരുന്നു. അദ്ദേഹം വന്ദേമാതര ഗീതത്തെ സ്വരസിദ്ധവും സ്വരബദ്ധവും രാഗരഞ്ജിതവുമാക്കി; രാഗം മല്‍ഹാറും താളം കവ്വാലിയും. വംഗദര്‍ശനത്തിന്റെ അടുത്ത ലക്കത്തില്‍ തന്നെ അത് പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിന്റെ മരുമകനും കൂട്ടുകാരനും വായിച്ചു. അവര്‍ക്ക് അത്ര രസിച്ചില്ല. ബംഗാളിയും സംസ്‌കൃതവും ചേര്‍ത്ത് ഒരു മണിപ്രവാള രചന അവര്‍ക്ക് അത്ര ആസ്വാദ്യമായി തോന്നിയില്ല. അവര്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. അതിന് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ മറുപടി ഒരു ഭവിഷ്യ വാണി പോലെയായിരുന്നു: ‘നിനക്കും കൂട്ടുകാര്‍ക്കും ഇതിന്റെ പ്രാധാന്യം ഇപ്പോള്‍ മനസ്സിലാവുകയില്ല. 25-30 വര്‍ഷത്തിനകം ഇതിനെ ചൊല്ലി ബംഗാള്‍ മാത്രമല്ല ഹിന്ദുസ്ഥാന്‍ ആകമാനം ഉറഞ്ഞു തുള്ളും.’
പിന്നീട് 1882-ലാണ് ആനന്ദമഠം നോവല്‍ പ്രസിദ്ധീകരിച്ചത്. സംന്യാസി വിപ്ലവത്തില്‍ അവരുടെ നാവില്‍ നിന്ന് ഉയര്‍ന്ന വിപ്ലവഗാനമായിരുന്നു വന്ദേമാതരം. സംന്യാസിമാര്‍ അവരുടെ പ്രവാസ ജീവിതത്തില്‍ ആ ആംഗലേയരുടെ ആധിപത്യത്തില്‍ സ്വന്തം നാട്ടുകാര്‍ അനുഭവിക്കുന്ന പട്ടിണിയും അനാഥത്വവും അപമാനവും അസ്വാതന്ത്ര്യവും ദുരിതവും കണ്ട് സംഘടിച്ചു. ആ സംന്യാസിമാര്‍ വിദേശികള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത കാനനാന്തരങ്ങളില്‍ മഹിഷിമര്‍ദ്ദിനിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് നാടിനെ സ്വതന്ത്രമാക്കാന്‍ ബിലാത്തികളെ വംഗദേശത്തുനിന്ന് ആട്ടിയോടിക്കുവാന്‍ അവര്‍ കൈമണികള്‍ക്ക് പകരം കരവാളേന്തി, യോഗദണ്ഡുമാറ്റി തോക്കുകള്‍ കയ്യിലേന്തി. സംന്യാസിസംഘം സംന്യാസിസേനയായി മാറി. പട്ടാളക്കാര്‍ അവരോടൊപ്പം ചേര്‍ന്നു. വടക്ക് രംഗപൂര്‍ മുതല്‍ തെക്ക് ഡാക്ക വരെ 300 കിലോമീറ്റര്‍ പ്രദേശം സംന്യാസിസംഘം കീഴടക്കി.
1762 മുതല്‍ 1768 വരെ ആറു വര്‍ഷം നീണ്ടുനിന്ന സംന്യാസി വിപ്ലവമാണ് ആനന്ദമഠത്തിന്റെ ഇതിവൃത്തം. ആനന്ദമഠം ദേശത്തിന്റെയും സമാജത്തിന്റെയും സമുന്നതിക്കുവേണ്ടി അര്‍പ്പണബോധത്തോടെ ഇറങ്ങിയ പ്രചാരകര്‍ക്ക് മാര്‍ഗ്ഗരേഖയായി. അടിമത്തത്തില്‍ കിടക്കുന്ന ജനതയ്‌ക്ക് ദിശാബോധത്തിനുള്ള നിര്‍ദ്ദേശമായി. ആനന്ദമഠം ഭാരതത്തിലെ എല്ലാ ഭാഷകളിലും വിദേശ ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാമായണത്തിനും മഹാഭാരതത്തിനും ഭാഗവതത്തിനും ഒഴികെ ഇത്രയധികം പതിപ്പുകള്‍ പ്രസിദ്ധീകരിച്ച വേറൊരു പുസ്തകം ഭാരതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
സ്വാമി വിവേകാനന്ദന്റെ ശിഷ്യ ഭഗിനി നിവേദിത പറയുന്നു: ‘ദേശം, ജനം, ധര്‍മ്മം ഈ മൂന്നും ചേര്‍ന്നാണ് ഒരു രാഷ്‌ട്രം ഉണ്ടാകുന്നത്. ബങ്കിം ബാബു വന്ദേമാതരത്തിലൂടെ പകര്‍ത്തിയ മൂന്നു പാദങ്ങളാകട്ടെ; പ്രഥമ പാദം ദേശമാണ്. രാഷ്‌ട്രത്തിന്റെ ശരീരമാണ് ദേശം. അത് സുജലവും സുഫലവും മലയജശീതളവും ആണ്. പ്രഫുല്ലമായ വൃക്ഷലതാദികളാല്‍ പ്രശോഭിതമാണ്. അത് സുന്ദരവദനയാണ്, സുഭാഷിണിയാണ്; ഇങ്ങനെ ഭാരതമാതാവിന്റെ മുഖശ്രീ വര്‍ണ്ണിക്കുന്നു. ഈ ഭാരതം കോടാനുകോടി ജനങ്ങളില്‍ കൂടി സംസാരിക്കുന്നു. അതിന് ഇരട്ടി കൈകളില്‍ കരവാളേന്തിയിരിക്കുന്നു.
ആ അമ്മ അബലയല്ല, അമ്മ ബഹുബലധാരിണിയാണ്. ദേശത്തെയും ജനത്തെയും കുറിച്ച് പറഞ്ഞു കഴിഞ്ഞ് ധര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ദേശത്തിന്റെ ആത്മസത്തയെക്കുറിച്ച് വിശദമായി വിവരിക്കുന്നു. ഭാരതം വിദ്യയാണ്, ഭാരതം ധര്‍മ്മമാണ്. ഈ ഗീതം ആദ്യം മുതല്‍ അവസാനം വരെ ഒന്നാണ്. പൂര്‍ണ്ണമായും അവിഭക്തമാണ്. ഇതിനെ ചരണം ചരണമായി ചുരുക്കുന്നത് അതിന്റെ ആത്മാവിനോട് കാണിക്കുന്ന അനീതിയാണ്. ദേശവും ജനവും ധര്‍മ്മവും ചേര്‍ന്നുണ്ടാകുന്ന രാഷ്‌ട്രസങ്കല്‍പ്പത്തെ വിഘടിപ്പിക്കുന്നത് ദേശദ്രോഹമാണ്, ജനദ്രോഹമാണ്, അധര്‍മ്മമാണ്.’
(തുടരും)
















