
റിയാദ്: വിരമിക്കലിന്റെ സൂചനകള്‍ക്കിടയിലും ഗോളടിയില്‍ തന്റെ അപ്രമാദിത്വം തുടര്‍ന്ന് പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ റിയാദിനെതിരെ നടന്ന മത്സരത്തില്‍ അല്‍ നസര്‍ 4-0ന്റെ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍, പകരക്കാരനായി ഇറങ്ങി കരിയറിലെ 977-ാം ഗോള്‍ നേടി റൊണാള്‍ഡോ വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചു.
ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുവരെ ആരും തൊട്ടിട്ടില്ലാത്ത കരിയറിലെ ‘1000 ഗോളുകള്‍’ എന്ന മാന്ത്രിക സംഖ്യ തികയ്‌ക്കാന്‍ ഈ 41കാരന് ഇനി വെറും 23 ഗോളുകള്‍ കൂടി മതി. മത്സരത്തിന്റെ 62-ാം മിനിറ്റില്‍ പകരക്കാരനായാണ് റൊണാള്‍ഡോ കളത്തിലിറങ്ങിയത്. ആ സമയം അബ്ദുല്ലേല അല്‍അംരി, ഏഞ്ചലോ ഗബ്രിയേല്‍, ജാവോ ഫെലിക്‌സ് എന്നിവരിലൂടെ അല്‍ നസര്‍ 3-0ന്റെ വ്യക്തമായ ലീഡ് ഉറപ്പിച്ചിരുന്നു. കളത്തിലിറങ്ങി വെറും 21 മിനിറ്റിനകം റൊണാള്‍ഡോ തന്റെ സാന്നിധ്യം അറിയിച്ചു. ഐമാന്‍ യഹ്യ ബോക്‌സിലേക്ക് നല്‍കിയ കൃത്യതയാര്‍ന്ന ലോ ക്രോസ് അതിവിദഗ്‌ദ്ധമായി നിയന്ത്രണത്തിലാക്കി അനായാസം വലയിലെത്തിച്ച് റൊണാള്‍ഡോ ടീമിന്റെ ലീഡ് നാലാക്കി ഉയര്‍ത്തി.
തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിലെ അവസാന സീസണായിരിക്കാം ഇതെന്ന സൂചന റൊണാള്‍ഡോ നേരത്തെ തന്നെ നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ നീക്കവും ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.
പ്രൊഫഷണല്‍ കരിയറില്‍ തുടര്‍ച്ചയായി 25ാം സീസണിലും ഗോള്‍ നേടുന്ന അത്യപൂര്‍വ്വ നേട്ടമാണ് താരം സ്വന്തമാക്കിയത്. 2022 ഡിസംബറില്‍ ക്ലബ്ബിലെത്തിയ ശേഷം അല്‍ നസറിനായി റൊണാള്‍ഡോ നേടുന്ന 130-ാം ഗോളാണിത്.
ക്ലബ്ബിനും രാജ്യത്തിനുമായി കഴിഞ്ഞ സീസണില്‍ മാത്രം 35 ഗോളുകള്‍ നേടിയ താരം, നിലവിലെ ഫോം തുടര്‍ന്നാല്‍ ഈ സീസണില്‍ തന്നെ 1000 ഗോളുകളെന്ന ചരിത്ര നേട്ടം കൈവരിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ പ്രതീക്ഷ. ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹത്തിനും ചെറിയ ഇടവേളയ്‌ക്കും ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ത്തന്നെ ലക്ഷ്യം കാണാന്‍ സാധിച്ചത് താരത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. കരിയറിന്റെ അവസാന അധ്യായത്തിലും ഗോള്‍വേട്ട അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് അടിവരയിടുന്നതായിരുന്നു അല്‍ റിയാദിനെതിരായ റൊണാള്‍ഡോയുടെ പ്രകടനം.