
കാസര്‍കോട്: വെള്ളിയാഴ്ചയുടെ പേരില്‍ സ്‌കൂളില്‍ ഓണ സദ്യയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദമാകുന്നു. ചെമ്മനാട് ജമാത്തിന്റെ കീഴിലുള്ള ചെമ്മനാട് ജമഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷത്തിലെ സദ്യയ്‌ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച ദിവസമായതിനാല്‍ ഓണ സദ്യ കൊടുക്കാന്‍ പറ്റില്ലെന്ന് ജമഅത്ത് കമ്മറ്റിയിലെ ഒരുവിഭാഗം ആവശ്യപ്പെടുകയായിരുന്നു.
എല്ലാവര്‍ഷവും ഓണാവധിക്ക് സ്‌കൂള്‍ അടയ്‌ക്കുന്നത് വെള്ളിയാഴ്ചകളായതിനാല്‍ അന്നേദിവസമാണ് സ്‌കൂളുകളില്‍ ഓണാഘോഷം നടക്കുന്നത്. ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറി വിഭാഗവും ചേര്‍ന്ന് അദ്ധ്യാപകര്‍ ഉള്‍പ്പെടെ ആയിരത്തിയഞ്ഞൂറിലധികം വരുന്നവര്‍ക്കാണ് ഓണസദ്യ വിളമ്പേണ്ടിയുന്നത്. അതിനാവശ്യമായ തുക ഈ അദ്ധ്യയന വര്‍ഷവസാനം വിരമിച്ച സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ വഹിക്കാമെന്ന് ഏറ്റു. സദ്യവട്ടങ്ങള്‍ക്ക് വേണ്ട തയാറെടുപ്പും നടത്തി. ഭക്ഷണം ഉണ്ടാക്കുന്ന ആളുകളേയും ഏര്‍പ്പാട് ചെയ്തു. എന്നാല്‍ അവസാന നിമിഷമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയും 25 വര്‍ഷത്തിലധികം എംഎല്‍എയുമായിരുന്നു സി.ടി. അഹമ്മദലി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയാണ് സ്‌കൂളിന്റെ ദൈനംദിന കാര്യങ്ങള്‍ നടത്തുന്നത്. ജമഅത്ത് കമ്മിറ്റി ഓണസദ്യയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കാരണം വന്‍ നഷ്ടമാണ് വിരമിച്ച അദ്ധ്യാപകന് ഉണ്ടായത്. മാത്രമല്ല തൊട്ടടുത്ത് കാസര്‍കോട് തന്നെ മുന്‍ എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന് ചെയര്‍മാനായിട്ടുള്ള നെല്ലിക്കുന്ന് സ്‌കൂളില്‍ ഉള്‍പ്പെടെ ഓണസദ്യ നല്‍കിയപ്പോഴാണ് ഇവിടെ മാത്രം വെള്ളിയാഴ്ചയുടെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിനെതിരെ ജമാഅത്തിലെ തന്നെ നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.
വിരമിച്ച എഇഒ തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് പുറംലോകം ഈ വിഷയം അറിഞ്ഞത്. കോടികള്‍ കോഴ വാങ്ങാന്‍ മതവിലക്കില്ല, ഡിവിഷനെണ്ണം കൂട്ടാന്‍ പലജാതി മതസ്ഥരുടെ കുട്ടികളെ ചേര്‍ക്കാന്‍ മതവിലക്കില്ല. ഓണസദ്യയ്‌ക്ക് മത വിലക്ക്. എന്തൊരു ഗതികേട്, നാണക്കേടാണ് നേതാവേ വലിയ നാണക്കേട്, മനേജര്‍ സ്ഥാനത്തിരിക്കാന്‍ മതഭ്രാന്തന്മാരുടെ കണ്ണുരുട്ടലിന് വഴങ്ങിയുള്ള ജീവിതം, ഹോ ഭീകരം എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.