ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂരില്‍ കല്യാണമേളം. ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങളാണ് നടക്കുന്നത്. പുലർച്ചെ നാലു മുതല്‍ വിവാഹങ്ങള്‍ ആരംഭിച്ചു. വിവാഹ ചടങ്ങ് നിർവഹിക്കാൻ കൂടുതല്‍ കോയ്‌മമാരും സജ്ജം. സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതല്‍ പോലീസും റെഡിയായിക്കഴിഞ്ഞു.
ആദ്യമാദ്യം എത്തുന്നവർക്ക് ടോക്കണ്‍ നമ്പർ നല്‍കും. തുടർന്ന് ഊഴമെത്തുമ്പോള്‍ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാൻ കഴിയുന്ന നിലയില്‍ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിന്‍റുകളിലും രാവിലെ മൂന്നരയോടെ പോലീസിനെ വിന്യസിച്ചു.
കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നില്‍ നിന്നുള്ള ദർശനത്തിന് പ്രത്യേക വഴി ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ ദർശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകണമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പോലീസുകാർ ഭക്തർക്ക് സുരക്ഷയൊരുക്കും. മഫ്തിയിലുള്ള പോലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പോലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്.











