
ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും
ന്യൂദല്‍ഹി: ദേശീയ അദ്ധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ ജിഎച്ച്എസ്എസിലെ കെ.പി.സുനില്‍കുമാറാണ് കേരളത്തില്‍ നിന്നു പുരസ്‌കാരത്തിന് അര്‍ഹനായത്. ആകെ 48 അദ്ധ്യാപകര്‍ പുരസ്‌കാരത്തിനായി അര്‍ഹരായി.
സപ്തംബര്‍ അഞ്ചിനു ദേശീയ അദ്ധ്യാപക ദിനത്തില്‍ ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനിലെ ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
നേരത്തെ ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന സുനില്‍കുമാര്‍ നിലവില്‍ പുഴാതി യുപി സ്‌കൂള്‍ പ്രഥമാദ്ധ്യാപകനാണ്. അദ്ധ്യാപനമേഖലയിലെ നൂതനവും ക്രിയാത്മകവും സര്‍ഗപരവുമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ശ്രദ്ധേയമായ ‘പറയാനുണ്ട്’, ‘വീട്ടുവര്‍ത്തമാനം’ എന്നീ വായന പരിപോഷണ മികവ് പ്രവര്‍ത്തനങ്ങള്‍, തേനറ-സാമൂഹ്യവത്കൃത വായന പദ്ധതി എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.
സ്‌കൗട്ടിങ് മേഖലയിലും സ്റ്റുഡന്റ് പോലീസ്, ലിറ്റില്‍ കൈറ്റ്‌സ്, റെഡ്‌ക്രോസ് സന്നദ്ധരംഗത്തും സാഹിത്യ പ്രവൃത്തിപരിചയ മണ്ഡലങ്ങളിലും സ്‌കൂളിലും വിദ്യാര്‍ത്ഥികളിലും ഗുണപരമായ മാറ്റങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. ഗുരുജ്യോതി സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് (2025), പ്രധാനമന്ത്രി പുരസ്‌കാരം 2001, ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിന്റെ മികച്ച കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ ബഹുമതി. ഗുരുശ്രേഷ്ഠ പുരസ്‌കാരം (2023) ഓള്‍ ഇന്ത്യ അവാര്‍ഡ് ടീച്ചേഴ്സ് ഫെഡറേഷന്‍ നല്‍കിയ ആദരം, എസ്‌സിഇആര്‍ടി സംസ്ഥാനതല അക്കാദമിക മികവ് പുരസ്‌കാരങ്ങള്‍: 2019-20 (നാട്ടുവര്‍ത്തമാനം), 2021-22 (തേനറ റിസര്‍ച്ച് പ്രബന്ധം), 2023-24 (ഹാപ്പി പെറ്റല്‍സ്) ഇന്നോവേറ്റീവ് ടീച്ചര്‍ അവാര്‍ഡ് (2009): നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് & അജിത് ബാലകൃഷ്ണന്‍ ഫൗണ്ടേഷന്‍ നല്‍കിയ നൂതന അദ്ധ്യാപക പുരസ്‌കാരം, പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാര്‍ത്ഥം സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഗുരുജ്യോതി സംസ്ഥാന അദ്ധ്യാപക അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ‘വെയില്‍ വരവ്’ കവിതാസമാഹാര പ്രസിദ്ധീകരണം, 2025ലെ സപര്യ സംസ്ഥാനതല രാമായണകവിത പുരസ്‌കാരം എന്നീ സാഹിത്യപുരസ്‌കാരങ്ങള്‍ ലഭിച്ചു.
29 വര്‍ഷം സ്‌കൗട്ട് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. ഹിമാലയ വുഡ് ബാഡ്ജ് യോഗ്യതയും തളിപ്പറമ്പ് ജില്ലാ അസോസിയേഷനില്‍ അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഓര്‍ഗനൈസിങ് കമ്മിഷണര്‍ പദവിയും വഹിച്ചു. ഇരിക്കൂര്‍ ജിഎച്ച്എസ്എസില്‍ മൂന്ന് വര്‍ഷക്കാലം കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി പ്രവര്‍ത്തിച്ചു. ലഹരിക്കെതിരെയുള്ള ‘ഓണപ്പഞ്ച്’, ‘നീരാളിച്ചുമര്’ തുടങ്ങിയ വിപുലമായ ബോധവത്കരണ കാമ്പയ്നുകള്‍ക്ക് നേതൃത്വം നല്‍കി.
കൊയ്യം ജിഎച്ച്എസ്എസില്‍ കൈറ്റ് മാസ്റ്ററായും ജോയിന്റ് എസ്‌ഐടിസിയായും പ്രവര്‍ത്തിച്ച് വിദ്യാര്‍ത്ഥികളെ ഡിജിറ്റല്‍ ആനിമേഷന്‍, ബ്ലോഗിങ്, ആകാശവാണി ‘റേഡിയോ ടീച്ചര്‍’ പ്രശ്‌നോത്തരി തുടങ്ങിയ ഡിജിറ്റല്‍ മേഖലകളില്‍ പ്രവര്‍ത്തനം നടത്തി. സ്‌കൂള്‍ യുവജനോത്സവ കണ്‍വീനര്‍, വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍, പാവനാടക സംവിധായകന്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകളെ സംസ്ഥാനതലം വരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യ പി. പ്രിയ (അദ്ധ്യാപിക, ദേശമിത്രം യുപി സ്‌കൂള്‍). മക്കള്‍: പി. ഗോപികവര്‍മ, പി. ഗീതികവര്‍മ (ഇരുവരും വിദ്യാര്‍ത്ഥികള്‍).