Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

Published by
വര്‍ഗീസ് സഖറിയ

 

കുമരകം: വളയം പിടിക്കുന്ന കൈകളില്‍ ചുണ്ടന്‍ വള്ളത്തിന്റെ ഒന്നാം അമര പങ്കായം കറക്കി വെള്ളത്തില്‍ കുത്തിയെറിഞ്ഞ് വിസ്മയമൊരുക്കുകയാണ് ബസ് ഡ്രൈവര്‍ വിജീഷ്. ഇന്ന് ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിയില്‍ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനെ ഒന്നാം അമരക്കാരനായി നിയന്ത്രിക്കുന്നത്, കുമരകം നാഷ്ണാന്ത്ര കൊല്ലശ്ശേരില്‍ വിജീഷ് (44)ആണ്.

കോട്ടയം-ചേര്‍ത്തല റൂട്ടിലെ കാര്‍ത്തിക ബസ്സിന്റെ ഡ്രൈവറാണ് ഇദ്ദേഹം. 18 വര്‍ഷത്തെ ഡ്രൈവിങ് പരിചയവും കൈമുതലാണ്. ബസ്സിലും കളിവള്ളത്തിലും വേണ്ടത് ജാഗ്രതയും ലക്ഷ്യബോധവും കരുതലുമാണ്. ഈ പ്രത്യേകതകള്‍ എല്ലാം ഒത്തിണങ്ങിയ വ്യക്തിത്വമാണ് വിജീഷിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍. ബസ്സിന് വേഗ നിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ട്. അനുവദനീയമായ വേഗത്തിലെ വണ്ടി ഓടിക്കാന്‍ പാടുള്ളു. എന്നാല്‍ കളിവള്ളങ്ങള്‍ക്ക് വേഗനിയന്ത്രണമല്ല വേണ്ടത്. ചീറിപ്പാഞ്ഞ് മറ്റു കളിവള്ളങ്ങളെ ഓവര്‍ ടേക്ക് ചെയ്ത് ലക്ഷ്യസ്ഥാനത്ത് ആദ്യം എത്തണം.

1999-ല്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ആലപ്പാട്ട് ചുണ്ടനിലെ തുഴച്ചില്‍ക്കാരനായിയായിരുന്നു തുടക്കം. 2011 മുതലാണ് അമരക്കാരുടെ നിരയിലേക്ക് ഉയര്‍ന്ന് അഞ്ചാം അമരക്കാരനായത്. 2024 വരെയും കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ചുണ്ടനുകളെ അമരത്തു നിന്ന് നിയന്ത്രിച്ചത് വിജീഷാണ്. കഴിഞ്ഞ വര്‍ഷം ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബിന്റെ നടുവിലേപ്പറമ്പന്‍ ചുണ്ടന്റെ അമരക്കാരനായി. ഇക്കുറി പുന്നമട ബോട്ട് ക്ലബ്ബില്‍ അംഗമായി നടുഭാഗം ചുണ്ടന്റെ ഒന്നാം അമരക്കാരനായി.

Recent Posts