തിരുവനന്തപുരം : ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയ 14ഉം 16 ഉം വയസുളള പെണ്‍കുട്ടികളെ കിളിമാനൂരിലെ വീട്ടില്‍നിന്ന് കണ്ടെത്തി.14 കാരി മെഡിക്കല്‍ കോളേജ് സ്വദേശിനിയും 16കാരി കിളിമാനൂര്‍ സ്വദേശിനിയുമാണ്.
കഴിഞ്ഞദിവസം ഇറങ്ങിപ്പോയ പെണ്‍കുട്ടികള്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ശ്രീചിത്രാ ഹോം സൂപ്രണ്ട് നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ പോയത് എങ്ങോട്ടെന്ന് പൊലീസിന് കണ്ടെത്താന്‍ സാധിച്ചത്.
പുവര്‍ഹോമില്‍ എത്തിയ ശേഷമാണ് പെണ്‍കുട്ടികള്‍ പരസ്പരം പരിചയപ്പെട്ടത്.ശ്രീചിത്രാ ഹോമില്‍ നിന്നുമിറങ്ങിയ പെണ്‍കുട്ടികള്‍ 16കാരിയുടെ കിളിമാനൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് ഇരുവരും വീട്ടിലുണ്ടെന്ന് പൊലീസ് മനസിലാക്കിയത്.തുടര്‍ന്ന് പെണ്‍കുട്ടികളെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ശ്രീചിത്ര പുവര്‍ ഹോമില്‍ എത്തിച്ചു.
















