
മുംബൈ: മഹാരാഷ്‌ട്രയിലെ ജ്വല്ലറിയിൽ വൻ മോഷണം. ബുർഖ ധരിച്ച നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെട്ട സംഘം, ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഷാഹ്ഗഞ്ച് മേഖലയിലുള്ള വിശ്വാസ് ജ്വല്ലേഴ്സിൽനിന്ന് കുറഞ്ഞത് രണ്ടുകോടി രൂപ വിലമതിക്കുന്ന 1.5 കിലോഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ, വിൽപ്പനക്കാരുടെ ശ്രദ്ധ തിരിച്ച് തിരക്കിലാക്കിയ തക്കംനോക്കി, കൗണ്ടറിനടിയിൽനിന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട അജ്ഞാത കൈ ഒരു ആഭരണപ്പെട്ടി തട്ടിയെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സംശയം തോന്നാതിരിക്കാൻ കടയുടെ പരിസരം നിരീക്ഷിക്കുന്നതിനായി സംഘാംഗങ്ങൾ വിവിധ സമയങ്ങളിലായി ഉപഭോക്താക്കളെന്ന വ്യാജേന ഷോറൂമിൽ പ്രവേശിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.മോഷണം നടന്ന വിവരം ഉടൻ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും, പിന്നീട് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന് അന്വേഷണത്തിന് നിർണായകമായ ചില സൂചനകൾ ലഭിച്ചു. തുടർന്ന് പ്രാദേശിക പൊലീസ് വിഭാഗത്തിന് ജാഗ്രതാനിർദേശം നൽകുകയും, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തു.