ന്യൂദല്‍ഹി: സ്വന്തം നാട്ടില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ മുന്‍ ലോക ചാമ്പ്യന്‍ പി.വി. സിന്ധുവിന് മിന്നുന്ന തുടക്കം. ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വനിതാ സിംഗിള്‍സ് ഒന്നാം റൗണ്ട് പോരാട്ടത്തില്‍ അയര്‍ലന്‍ഡിന്റെ സോഫിയ നോബിളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. തുടക്കം മുതല്‍ എതിരാളിക്ക് ഒരവസരവും നല്‍കാതെ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ സിന്ധു 21-7, 21-11 എന്ന സ്‌കോറിനാണ് അനായാസ വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റിന്റെ തുടക്കം മുതല്‍ മികച്ച സ്മാഷുകളിലൂടെയും ക്രോസ്‌കോര്‍ട്ട് റിട്ടേണുകളിലൂടെയും കളം നിറഞ്ഞ സിന്ധു വെറും മിനിറ്റുകള്‍ക്കകം ആദ്യ ഗെയിം 217ന് സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ അയര്‍ലന്‍ഡ് താരം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെയും പ്ലേസിങ്ങുകളിലൂടെയും മുന്നേറിയ സിന്ധു ലീഡ് നിലനിര്‍ത്തി മത്സരം പിടിച്ചെടുത്തു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടമാണ് ഒമ്പതാം സീഡായ സിന്ധു ഇത്തവണ ലക്ഷ്യമിടുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമടക്കം 5 മെഡലുകള്‍ സിന്ധു നേടിയിട്ടുണ്ട്. ഇത്തവണ ഒരു മെഡല്‍ കൂടി നേടിയാല്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് ചരിത്രത്തില്‍ ആറ് മെഡലുകള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോര്‍ഡ് സിന്ധു സ്വന്തം പേരില്‍ കുറിക്കും. കഴിഞ്ഞ മാസം നടന്ന ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ 750 കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് സിന്ധു ഡല്‍ഹിയില്‍ കോര്‍ട്ടിലിറങ്ങിയിരിക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ കാനഡയുടെ വെന്‍ യു ഷാങ് ആണ് സിന്ധുവിന്റെ എതിരാളി.
















