
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവല്‍ കേരള ക്രക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്‍ മൂന്നിന് മുന്നോടിയായി നടന്ന ടീം ലോഞ്ച് രാജകീയമായി അരങ്ങേറി. കോവളം ലീല റാവിസില്‍ ആവേശം അലയടിച്ച വര്‍ണ്ണാഭമായ ചടങ്ങില്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്‌ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിച്ചു.
സ്‌പോര്‍ട്‌സും എന്റര്‍ടൈന്‍മെന്റും കൂടിച്ചേര്‍ന്ന പ്രൗഢഗംഭീര ചടങ്ങില്‍ ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്, കെസിഎല്‍ ടൂര്‍ണമെന്റിന്റെ ഐക്കണ്‍ സഞ്ജു സാംസണ്‍ എന്നിവര്‍ പ്രത്യേക അതിഥികളായിരുന്നു.
കേരളത്തിലെ യുവതാരങ്ങള്‍ക്ക് ദേശീയതലത്തില്‍ ശ്രദ്ധ നേടാന്‍ കെസിഎല്‍ വലിയതോതില്‍ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. ഐപിഎല്‍ ടൂര്‍ണമെന്റിന്റെ പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കുമ്പോള്‍ അവിടുത്തെ പരിശീലകരും മറ്റ് താരങ്ങളും കേരള താരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നാറുണ്ട് – സഞ്ജു പറഞ്ഞു.
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ആലപ്പുഴ റിപ്പിള്‍സ് എന്നീ ആറ് ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍, ടീം ഉടമകള്‍ എന്നിവര്‍ വേദിയിലേക്ക് എത്തിയത്. ചടങ്ങിന് മാറ്റുകൂട്ടി കേരള ക്രിക്കറ്റിന്റെ 75 വര്‍ഷത്തെ ചരിത്രവും താരങ്ങളുടെ പ്രകടനങ്ങളും കോര്‍ത്തിണക്കിയ പ്രത്യേക വീഡിയോയും പ്രദര്‍ശിപ്പിച്ചു.
നാളെ മുതല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കെസിഎല്‍ മൂന്നാം സീസണ്‍ ആരംഭിക്കുന്നത്. 17 ദിവസം നീളുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ സെപ്റ്റംബര്‍ അഞ്ചിന് നടക്കും.