Kerala

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കർക്കടകത്തിലെ കാര്മേഘങ്ങളൊഴിഞ്ഞ് പുത്തൻ പ്രതീക്ഷകളുമായി മറ്റൊരു ചിങ്ങപ്പുലരി കൂടി വരവായി. ഇത്തവണ ചിത്തിര നാളിലാണ് ചിങ്ങമാസം പിറന്നിരിക്കുന്നത്. 2026 ഓഗസ്റ്റ് 17നാണ് ഇത്തവണ ചിങ്ങം ഒന്ന് വന്നെത്തുന്നത്. മലയാളവർഷം അഥവാ കൊല്ലവർഷം 1202 ആണ് ഇനി. കൊല്ലവർഷത്തിലെ ആദ്യ മാസമായ ചിങ്ങത്തിലെ ആദ്യ ദിനം കേരളത്തിന് കർഷക ദിനം കൂടിയാണ്.

ചിങ്ങം പിറക്കുന്നതോടെ ഓണത്തിന്റെ വരവാണ് ഇനി. ഓണാഘോങ്ങളായി നാടൊട്ടുക്കും ഇനി ഉത്സവാന്തരീക്ഷത്തിലേക്ക് കടക്കും. പൂക്കളവും ഊഞ്ഞാലാട്ടവും ഓണക്കോടിയും ഓണസദ്യയുമായി മലയാളികൾ ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. പഞ്ഞമാസത്തിലെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളിലേക്കുള്ള മാറ്റമാണ് ഓരോ ചിങ്ങമാസവും മലയാളികൾക്ക് പകർന്നു നൽകുന്നത്.

വിരിപ്പു കൃഷിയിടങ്ങളിൽ പൊൻകതിരുകൾ വിളഞ്ഞുനിൽക്കുന്ന കാഴ്ചയാണ് ഈ മാസത്തിന്റെ പ്രത്യേകത. കൊയ്യാനും മെതിക്കാനും പുന്നെല്ല് കുത്തിയെടുത്ത പൊന്നരിയിൽ ചോറുവേവിക്കാനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇന്നലെ വരെ ഇരുണ്ടുമൂടി നിന്ന്, ഭീതി പടർത്തിയ കർക്കടകം മടങ്ങിയെന്ന പ്രതീക്ഷയുടെ ചിങ്ങപുലരി വിടർന്നു. ഏവർക്കും ജന്മഭൂമിയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

Recent Posts