
ന്യൂദല്‍ഹി: ഭാരതത്തിന്റെ പ്രതിരോധ രംഗത്ത് കരുത്ത് പകര്‍ന്ന് ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ചതാണ് ദിവ്യാസ്ത്ര എം കെ 3. പ്രതിരോധ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ AWA UAV പ്രൈവറ്റ് ലിമിറ്റഡാണ് ദിവ്യാസ്ത്ര എംകെ 3 യുടെ വിജയകരമായ പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കിയത്.
1500 കിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുള്ളതാണ് ഈ പുത്തന്‍ ചാവേര്‍ ഡ്രോണ്‍. 30 മുതല്‍ 50 കിലോ വരെ ഭാരം വരുന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ ബോംബുകളോ മറ്റ് ആയുധ പോര്‍മുനകളോ വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്. അതി വേഗ മിന്നല്‍ ആക്രമണങ്ങള്‍ക്ക് സഹായമാകുന്ന അതി വേഗ ടേക്ക്ഓഫ് ആണ് ഇതിന്റെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മണിക്കൂറില്‍ 500 മുതല്‍ 700 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കാന്‍ ദിവ്യാസ്ത്ര എംകെ 3 ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
ഇതേ ഡ്രോണിന്റെ ഒന്നും രണ്ടും പതിപ്പുകള്‍ മുമ്പ് പുറത്തിറക്കിയിരുന്നു. 15 മുതല്‍ 20 കിലോ വരെ ഭാര ശേഷിയുള്ള ദിവ്യാസ്ത്ര എംകെ 1 രഹസ്യാന്വേഷണ ക്യാമറകളും യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സെന്‍സറുകളും മറ്റ് വെടിക്കോപ്പുകളും വഹിക്കാന്‍ പാകത്തിലുള്ളതായിരുന്നു. ദിവ്യാസ്ത്ര എംകെ 2 , 50 മുതല്‍ 100 കിലോ വരെ ഭാര ശേഷിയുള്ളതായിരുന്നു.വലിയ ശത്രു പാളയങ്ങള്‍ തകര്‍ക്കാന്‍ പ്രാപ്‌തിയുള്ള ദിവ്യാസ്ത്ര എംകെ 2 വിന് ശേഷമാണ് ഇപ്പോള്‍ ഞൊടിയിടയില്‍ പറന്നുയര്‍ന്ന് മിന്നലാക്രമണങ്ങള്‍ കൃത്യതയോടെ നടത്താന്‍ ശേഷിയുള്ള ദിവ്യാസ്ത്ര എംകെ 3 കൂടി വരുന്നത്.
ദിവ്യാസ്ത്ര എംകെ 2 വിന്റെ വേഗം മണിക്കൂറില്‍ 150 മുതല്‍ 180 വരെ കിലോമീറ്ററായിരുന്നു. ദിവ്യാസ്ത്ര എംകെ 1 ന്റെ വേഗം മണിക്കൂറില്‍ 120 മുതല്‍ 150 വരെ കിലോമീറ്ററായിരുന്നു. ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറ്റുന്ന ഈ പുതിയ ചാവേര്‍ ഡ്രോണിന്റെ പരമാവധി പറക്കല്‍ സമയം രണ്ട് മണിക്കൂര്‍ വരെ എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ തന്റെ എക്‌സ് പോസ്റ്റില്‍ ദിവ്യാസ്ത്ര എംകെ 3 യുടെ വിജയകരമായ പരീക്ഷണപ്പറക്കലിന്റെ ദൃശ്യങ്ങള്‍ പങ്കു വച്ചു.