
ന്യൂയോർക്ക്: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിലൂടെ നേരത്തെ വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ സിഇഒ വിശാൽ ഗാർഗിന് ഒടുവിൽ സ്വന്തം കമ്പനിയിൽനിന്നും പുറത്താകേണ്ടിവന്നു. ബെറ്റർ ഹോം ആൻഡ് ഫിനാൻസിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഓഗസ്റ്റ് 3നാണ് ഡയറക്ടർ ബോർഡ് ഗാർഗിനെ നീക്കിയത്.
ഗാർഗിന്റെ നേതൃത്വത്തിലുള്ള തീരുമാനങ്ങളിലെ വീഴ്ചകൾ, പെരുമാറ്റത്തിലെ പ്രശ്നങ്ങൾ, വിശ്വാസ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയാണ് പുറത്താക്കലിന് കാരണമെന്ന് ബോർഡ് വ്യക്തമാക്കി. 2022 മുതൽ കമ്പനിക്ക് 1.5 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായതായും ഇതേ കാലയളവിൽ ഓഹരി മൂല്യം 90 ശതമാനത്തിലധികം ഇടിഞ്ഞതായും ബോർഡ് ചൂണ്ടിക്കാട്ടി.
എന്നാൽ, കമ്പനി ലാഭത്തിലേക്ക് തിരിച്ചുവരുന്ന നിർണായക ഘട്ടത്തിൽ തന്നെ പുറത്താക്കിയത് തനിക്കെതിരായ അനീതിയാണെന്നാണ് ഗാർഗിന്റെ ആരോപണം. പുറത്താക്കലിനെതിരെ നിയമനടപടി സ്വീകരിക്കാൻ പ്രമുഖ നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
2021ൽ ക്രിസ്മസിന് തൊട്ടുമുൻപ് വെറും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സൂം കോളിലൂടെയാണ് 900 ജീവനക്കാരെ ഗാർഗ് പിരിച്ചുവിട്ടത്. വലിയ വിമർശനങ്ങൾക്കിടയാക്കിയ നടപടിക്കുശേഷം അദ്ദേഹം താൽക്കാലികമായി സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും ആ സംഭവം കമ്പനിയുടെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചു.
ഇതിനിടെ ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയൽ ലൂയിസ് കമ്പനിയുടെ ഡയറക്ടർ ബോർഡിൽ എത്തിയതിന് പിന്നാലെയാണ് ഗാർഗിനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം. ലൂയിസിനെ താൽക്കാലിക സിഇഒയായും നിയമിക്കുകയായിരുന്നു. ഗൃഹവായ്‌പാ നടപടികൾ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാർഗ് 2014ൽ ബെറ്റർ സ്ഥാപിച്ചത്. എന്നാൽ പിന്നീട് കമ്പനിയുടെ സാമ്പത്തിക പ്രകടനവും മാനേജ്മെന്റ് തീരുമാനങ്ങളും കടുത്ത ചർച്ചകൾക്ക് വഴിവച്ചു.