India

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളെ ആലിംഗനം ചെയ്യുന്നതിന്റെ പേരില്‍ പരിഹസിച്ച രാഹുലിന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ചുട്ടമറുപടി, അതും മുന്‍ പ്രധാനമന്ത്രിയും രാഹുലിന്റെ മുത്തശ്ശിയുമായ ഇന്ദിരാഗാന്ധിയുടെ ചിത്രം വച്ച്. ഇന്ദിരയും ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയും ആലിംഗനം ചെയ്യുന്ന ചിത്രവും പാലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിനൊപ്പമുള്ള ചിത്രവുമാണ് ദുബെ പുറത്തുവിട്ടത്. ഒപ്പം വളരെ മുന്‍പ് ലോക്സഭയില്‍ വെച്ച് രാഹുല്‍ മോദിയെ ആലിംഗനം ചെയ്യുന്ന ചിത്രവും പുറത്തുവിട്ടു.

1983 മാര്‍ച്ച് 7ന്, ന്യൂദല്‍ഹിയില്‍ നടന്ന ചേരിചേരാ ഉച്ചകോടിക്കിടെ, ചേരിചേരാ പ്രസ്ഥാനത്തിന്റെ അധ്യക്ഷസ്ഥാനം ഇന്ദിരക്ക് കൈമാറുമ്പോഴാണ് ഇരുവരും ആലിംഗനം ചെയ്തത്. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറാഫത്തും ഇന്ദിരയുമൊന്നിച്ചുള്ള ചിത്രം 1980 ലെയാണ്.

ഇന്ദിരാഗാന്ധിയെ തന്റെ സഹോദരി എന്നാണ് ഫിദല്‍ കാസ്ട്രോ വിശേഷിപ്പിച്ചതെന്ന് പലരും നിഷികാന്ത് ദുബെയുടെ പോസ്റ്റിന് താഴെ കമന്റില്‍ ചൂണ്ടിക്കാട്ടി. യാസര്‍ അറാഫത്തും ഇന്ദിരാഗാന്ധി തന്റെ മൂത്ത സഹോദരിയാണെന്ന് പറഞ്ഞിട്ടുണ്ട്.

ദല്‍ഹിയിലെ ഒരു പരിപാടിയിലാണ് രാഹുല്‍, മോദിയെ പരിഹസിച്ചത്. പ്രസംഗത്തിനിടെ വേദിയിലുണ്ടായിരുന്ന ഒരു നേതാവിനെ ആലിംഗനം ചെയ്ത ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി ബന്ധപ്പെടുത്തിയായിരുന്നു പരിഹാസം.

 

Recent Posts