India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

മീഡിയം, ഹൈ ആള്‍ടിറ്റ്യൂഡുകളില്‍ പറക്കുന്ന ഡ്രോണുകളുടെ കാര്യത്തില്‍ കേന്ദ്ര പ്രതിരോധസേന ദുര്‍ബലമാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: മീഡിയം, ഹൈ ആള്‍ടിറ്റ്യൂഡുകളില്‍ പറക്കുന്ന ഡ്രോണുകളുടെ കാര്യത്തില്‍ കേന്ദ്ര പ്രതിരോധസേന ദുര്‍ബലമാണ്. ഈ രംഗത്ത് അതിവേഗം കേന്ദ്ര പ്രതിരോധമേഖലയെ ശക്തിപ്പെടുത്താന്‍ ഒരു കൂട്ടം സ്വകാര്യ കമ്പനികള്‍ എത്തുകയാണ്. ടാറ്റ, എല്‍ ആന്‍റ് ടി, അദാനി, സോളാര്‍ ഇന്‍‍ഡസ്ട്രീസ് എന്നിവയാണ് ഇക്കൂട്ടത്തിലെ പ്രധാനികള്‍.

ടാറ്റ അഡ്വാന്‍സ് ഡ് സിസ്റ്റംസ് ലിമിറ്റഡ് നിര്‍മ്മിച്ച മെയ്ല്‍ (മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ) ഡ്രോണിന്റെ ആദ്യ പരീക്ഷണം വിജയിച്ചതോടെ സ്വകാര്യ കമ്പനികള്‍ ഇന്ത്യയുടെ ആയുധനിര്‍മ്മാണമേഖലയിലേക്ക് ശക്തമായി ചുവടുവെയ്‌ക്കുകയാണ്. ടാറ്റയുടെ ഈ മെയ്ല്‍ ഡ്രോണ്‍ പരീക്ഷണപ്പറക്കലില്‍ 30ലധികം മണിക്കൂറുകള്‍ ആകാശത്ത് നില‍്ക്കുകയും 35000 അടി ഉയരത്തില്‍ പറക്കുകയും ചെയ്തു.

ഈ രംഗത്ത് മുന്‍പന്തിയില്‍ മത്സരിക്കുന്ന മറ്റ് സ്വകാര്യ കമ്പനികള്‍ എല്‍ ആന്‍റ് ടി, അദാനി ഡിഫന്‍സ്, സോളാര്‍ ഇന്‍സ്ട്രീസ് എന്നിവയാണ്. പൊതുമേഖലാ രംഗത്തെ എച്ച് എഎല്‍, ഡിആര്‍ഡിഒ എന്നിവയും മത്സരരംഗത്തുണ്ട്.

ടാറ്റ നിര്‍മ്മിച്ച മെയില്‍ ഡ്രോണില്‍ ആയുധങ്ങള്‍ ഘടിപ്പിച്ചുള്ള പരീക്ഷണം കൂടി നടക്കേണ്ടതുണ്ട്. ഇതനുസരിച്ച് ഭൂമിയില്‍ നിന്നുള്ള കമാന്‍റ് അനുസരിച്ച് ആയുധങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കൂടി വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഡിആര്‍ഡിഒ പരാജയപ്പെട്ടിടത്ത് ടാറ്റ വിജയിച്ചോ?

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കൗണ്‍സിലായ ഡിആര്‍ഡിഒ വര്‍ഷങ്ങളായി ഒരു മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തപസ് ഡിഎച്ച് എന്ന നിരീക്ഷണ ഡ്രോണും ആര്‍ച്ചര്‍ എന്‍ജി എന്ന ആക്രമണ ഡ്രോണും നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതില്‍ തപസ് ഡിഎച്ച് എന്ന ഡ്രോണ്‍ പരാജയമാണെങ്കിലും ആക്രമണ ഡ്രോണ്‍ ആയ ആര്‍ച്ചര്‍ എന്‍ജി ഭാഗികമായി വിജയിച്ചിരുന്നു. എങ്കിലും തദ്ദേശീയമായി ഡിആര്‍ഡിഒ നിര്‍മ്മിക്കാന്‍ ശ്രമിച്ച എയര്‍ ഫ്രെയിമിനും മറ്റും നിയമപരമായ അംഗീകാരം കിട്ടാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കും. ഇങ്ങിനെയിരിക്കെയാണ് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം ഒരു മെയ്ല്‍ ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

എന്തുകൊണ്ട് മോദി സര്‍ക്കാര്‍ സ്വകാര്യമേഖലയ്‌ക്ക് കൂടി ആയുധം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി?

മോദി സര്‍ക്കാര്‍ സ്വകാര്യമേഖലയ്‌ക്ക് കൂടി ആയുധം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ ഒരു വലിയ ചുവടുവെയ്‌പുണ്ട്. ഇന്ത്യയുടെ ആയുധമേഖലയെ വിദേശ ഇറക്കുമതികളില്‍ നിന്നും പാടെ രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യം ഇതില്‍ പ്രധാനമാണ്. ആയുധനിര്‍മ്മാണരംഗത്തുള്ള ഡിആര്‍ഡിഒ, ഭാരത് ഇലക്ട്രോണിക്സ്, എച്ച് എഎല്‍, ഭാരത് ഡൈനാമിക്സ് എന്നീ കമ്പനികള്‍ക്ക് പല പോരായ്‌മകളും ഉണ്ട്. പൊതുമേഖലാ കമ്പനികളുടെ ഉല്പാദന വേഗത കുറവാണ്. ഒരു ആയുധം നിര്‍മ്മിക്കാന്‍ നീക്കിവെച്ച തുകയേക്കാള്‍ ഉല്‍പാദനം നടന്നു കഴിയുമ്പോഴേക്കും പതിന്മടങ്ങ് ചെലവഴിക്കേണ്ടിവരുന്ന സ്ഥിതിവിശേഷം ഉണ്ടാകാറുണ്ട്. ഇന്ത്യയിലെ പൊതുമേഖലാ കമ്പനികള്‍ക്ക് പല സാങ്കേതിക വിദ്യകളുടെ കാര്യത്തിലും പരിമിതികളുണ്ട്. ഇതിനെയെല്ലാം ഉയര്‍ന്ന മൂലധനനിക്ഷേപത്തിലൂടെ സ്വകാര്യ മേഖലയ്‌ക്ക് മറികടക്കാനാകും. അതുപോലെ ഒരു ആയുധം കൂടുതല്‍ എണ്ണം ഉല്‍പാദിപ്പിക്കാനുള്ള സാമ്പത്തിക സ്രോതസ്സ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കുറവാണ്. ഈ പോരായ്‌മയും സ്വകാര്യകമ്പനികള്‍ക്ക് മറികടക്കാന്‍ സാധിക്കും. ഇതുവഴി പ്രതിരോധരംഗത്ത് ആത്മനിര്‍ഭര്‍ ഭാരത് ശക്തിപ്പെടുത്താന്‍ സാധിക്കും.

കേന്ദ്ര പ്രതിരോധമന്ത്രാലയും 87 മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണുകള്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്നും വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. 30,000 കോടി രൂപയ്‌ക്കാണ് ഈ മെയ്ല്‍ ഡ്രോണുകള്‍ വാങ്ങാന്‍ പോകുന്നത്. ടെണ്ടറില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് പുറമെ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ് തുടങ്ങി ആറോളം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. .ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ രണ്ട് കമ്പനികള്‍ക്കാണ് ഡ്രോണുകള്‍ നിര്‍മ്മിക്കാനുള്ള അനുമതി നല്‍കുക.

എങ്ങിനെ ടാറ്റയ്‌ക്ക് ഇത്ര വേഗം മെയ്ല്‍ ഡ്രോണ്‍ നിര്‍മ്മിക്കാന്‍ സാധിച്ചു?.
ഇവിടെയാണ് സ്വകാര്യമേഖലയ്‌ക്ക് എത്ര വേഗം ടെക്നോളജികള്‍ സ്വായത്തമാക്കാന്‍ കഴിയും എന്നത് മനസ്സിലാക്കാന്‍ സാധിക്കുക. ഡിആര്‍ഡിഒ വര്‍ഷങ്ങളായി മെയ്ല്‍ ഡ്രോണുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ട സ്ഥലത്ത് ടാറ്റ വിജയിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ ഇസ്രയേലിന്റെ സാങ്കേതിക സഹകരണം ടാറ്റ നേടിയതായി പറയുന്നു. ഒപ്പം ജര്‍മ്മനിയുടെ ഗ്രോബ് 8081 എന്ന ബിസിനസ് ജെറ്റിന്റെ എയര്‍ഫ്രെയിം ആണ് ടാറ്റ ഈ ഡ്രോണിന് ഉപയോഗിച്ചത്. ജര്‍മ്മനിയുടെ ഗ്രോബ് 8081 ബിസിനസ് ജെറ്റിന്റെ എയര്‍ ഫ്രെയിം ഒരു ഡ്രോണിന്‍റേതാക്കി മാറ്റുകയായിരുന്നു. ജര്‍മ്മനിയുടെ ഗ്രോബ് 8081 എന്ന വിമാനത്തിന്റെ എയര്‍ഫ്രെയിമിന് നേരത്തെ തന്നെ അംഗീകാരം ലഭിച്ചിട്ടുള്ളതിനാല്‍ പുതുതായി അംഗീകാരം ആവശ്യമായി വരുന്നില്ല. ഡ്രോണിന്റെ എയ്റോഡൈനാമിക്സ്, ഡ്രോണിന്റെ പ്ലാറ്റ് ഫോം പുതിയ സെന്‍സറുമായും വാര്‍ത്താവിനിമയസംവിധാനങ്ങളോടും കൂടി ഘടിപ്പിക്കുന്നതിന് കിട്ടേണ്ട അംഗീകാരവും നേരത്തെ ലഭിച്ചിട്ടുണ്ട്.

സെന്‍സറുകള്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, സര്‍വെയ് ലന്‍സ് ഉപകരണങ്ങള്‍ എന്നിവ തദ്ദേശീയമായി നിര്‍മ്മിച്ചവയാണെന്ന് ടാറ്റ അവകാശപ്പെടുന്നു. പരീക്ഷണപ്പറക്കലില്‍ ഈ ഡ്രോണ്‍ ആകാശത്ത് 30ലധികം മണിക്കൂറുകള്‍ നില‍്ക്കുകയും 35000 അടി വരെ ഉയരത്തില്‍ പറന്നുകാണിക്കുകയും ചെയ്തു. ഇതാണ് ഒരു മെയ്ല്‍ ഡ്രോണിന്റെ മാനദണ്ഡം. ഇനിയും പേരിട്ടിട്ടില്ലാത്ത ടാറ്റയുടെ ഈ ഡ്രോണ്‍ അമേരിക്കയുടെ എന്‍ക്യു9ബി എന്ന ഡ്രോണിന് സമാനമായ കരുത്തുള്ള ഒന്നാണെന്ന് വിലയിരുത്തപ്പെടുന്നു.

യുഎസ് കമ്പനിയുമായി സഹകരിച്ച് എല്‍ ആന്‍റ് ടി ഡ്രോണ്‍

എല്‍ ആന്‍റ് ടി യുഎസിലെ ജനറല്‍ ആറ്റോമിക്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് മെയ്ല്‍ ഡ്രോണ്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. 140 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ വഹിച്ച് പറക്കാന്‍ ഈ മെയ്ല്‍ ഡ്രോണുകള്‍ക്ക് സാധിക്കും. ഇതിന്റെ രണ്ടു ചിറകുകളും ബോഡിയും ചേര്‍ന്നുള്ള നീളം 15 മീറ്ററാണ്. 24 മുതല്‍ 30 മണിക്കൂര്‍ വരെ ആകാശത്ത് നില്‍ക്കാന്‍ കഴിയുന്ന ഈ ഡ്രോണിന് 35000 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കും.

അദാനിയുടെ ദൃഷ്ടി 10

അദാനി ഡിഫന്‍സിനും ഒരു മെയ്ല്‍ ഡ്രോണ്‍ ഉണ്ട്. ദൃഷ്ടി 10 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇസ്രയേലിന്റെ ഹെര്‍മിസ് 900 ഡ്രോണിന്റെ സാങ്കേതികത അദാനി ഡിഫന്‍സ് ദൃഷ്ടി10 ന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചതായി പറയുന്നു. അദാനി ഡിഫന്‍സ് ഇത്തരം 20 ദൃഷ്ടി10 ഡ്രോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചുകഴിഞ്ഞു.

മറ്റൊരു സ്വകാര്യ ആയുധനിര്‍മ്മാണക്കമ്പനിയായ സോളാര്‍ ഇന്‍ഡസ്ട്രീസും ഒരു മെയ്ല്‍ ഡ്രോണ്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2026ല്‍ നടന്ന അഡ്വാന്‍റേജ് വിദര്‍ഭ വ്യോമപ്രദര്‍ശനത്തില്‍ സോളാല്‍ ഇന്‍ഡസ്ട്രീസ് അവരുടെ മെയ്ല്‍ ഡ്രോണായ വിജയാസ്ത്ര പ്രദര്‍ശിപ്പിച്ചിരുന്നു.

എച്ച് എഎല്ലും സ്വന്തമായി ഒരു മെയ്ല്‍ ഡ്രോണ്‍ നിര്‍മ്മിച്ചിട്ടുണ്ട്. കാറ്റ്സ് എന്ന പേരില്‍ മെയ്ല്‍ ഡ്രോണ്‍ നിര്‍മ്മിക്കാനുള്ള എച്ച് എഎല്‍ പദ്ധതി പുരോഗമിച്ചുവരികയാണ്.

30000 കോടി രൂപ ചെലവില്‍ ആകെ 87മെയ്ല്‍ ഡ്രോണുകളാണ് കേന്ദ്രപ്രതിരോധമന്ത്രാലയം വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ടെണ്ടറില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നാം സ്ഥാനക്കാരനായ കമ്പനിയില്‍ നിന്നും 64 ശതമാനം ഡ്രോണുകളും രണ്ടാം സ്ഥാനക്കാരനായ കമ്പനിയില്‍ നിന്നും 36 ശതമാനം ഡ്രോണുകളും ആണ് കേന്ദ്ര സര്‍ക്കാര്‍ വാങ്ങുക.

എന്തായാലും മിഡീയം ആള്‍ട്ടിറ്റ്യൂ‍ഡ് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണുകളുടെ കാര്യത്തിലും ഹൈ ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണുകളുടെ കാര്യത്തിലും ഇന്ത്യ പിറകിലായിരുന്നു. ഇന്ത്യയുടെ ഡ്രോണ്‍ മേഖലയിലുള്ള ഈ ദൗര്‍ബല്യമാണ് സ്വകാര്യമേഖലയുടെ കടന്നുവരവിലൂടെ ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്.