Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ വിഷയം ഉയര്‍ത്തി ജന്തര്‍മന്തറില്‍ അക്രമ സമരം നടത്തിയവരെ രൂക്ഷമായി വിമര്‍ശിച്ച അഡ്വ.ടി ജി മോഹന്‍ദാസിനെ പൊലീസ് കസറ്റഡിയിലെടുത്തു.തിരുവനന്തപുരത്ത് നിന്നെത്തിയ സൈബര്‍ പൊലീസ് സംഘമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ വീട്ടില്‍ വച്ച് ചോദ്യം ചെയ്യുന്ന ടി ജി മോഹന്‍ദാസിനെ വൈദ്യപരിശോധനയ്‌ക്ക് ശേഷം തിരുവനന്തപുരത്ത് ഇന്ന് തന്നെ എത്തിക്കും.തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അപ്രതീക്ഷിതമായി ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ എത്തിയ പൊലീസ് പരിശോധന നടത്തി. ദല്‍ഹി ജന്തര്‍മന്തറില്‍ സമരം നടത്തിയവരെ രൂക്ഷമായി വിമര്‍ശിച്ച് പുറത്തുവിട്ട വീഡിയോകള്‍ അപ്ലോഡ് ചെയ്ത കംപ്യൂട്ടറും ഫോണും പിടിച്ചെടുക്കാനാണ് പരിശോധന. ഞായറാഴ്ച ടി ജി മോഹന്‍ദാസ് വീട്ടിലുണ്ടെന്ന് മനസിലാക്കിയാണ് പൊലീസ് എത്തിയത്. മട്ടാഞ്ചേരി പൊലീസിന്റെ സഹായവും ഉണ്ടായിരുന്നു.

നേരത്തേ, ദല്‍ഹിയിലെ സമരക്കാരെ വിമര്‍ശിച്ചതിന് ടി ജി മോഹന്‍ദാസിനെതിരെ യൂത്ത് കോണ്‍ഗ്രസും ഇടത് യുവജനസംഘടനകളും പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പത്ത് ദിവസം കഴിഞ്ഞിട്ടും മോഹന്‍ദാസിനെതിരെ നടപടി എടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം, ടി ജി മോഹന്‍ദാസിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ആര്‍ എസ് എസ് പ്രതികരിച്ചിരുന്നു. അദ്ദേഹം ആര്‍ എസ് എസ് ചുമതലയില്‍ ഇല്ലെന്നും വ്യക്തമാക്കി.

 

Recent Posts