കവിതയെന്നത് പ്രപഞ്ചസൃഷ്ടിയിലടങ്ങുന്ന വശ്യസൗന്ദര്യത്തിന്റെ ആവിര്‍ഭാവമാകുന്നു. സൂക്ഷ്മവും സാമാന്യവും അരൂപിയുമാകുന്ന കവിതയാവട്ടെ, വൈയക്തിക തലത്തിലേക്ക് പ്രകടമാകുമ്പോള്‍ കവിയുടെ ആഭിമുഖ്യവും ആശയങ്ങളും അയാളുടെ അന്തരംഗമാര്‍ജിച്ചിട്ടുള്ള ഭാവം, ഭാവന, ഭാഷ മുതലായവയും ചേര്‍ന്ന് പ്രത്യേക രൂപം പ്രാപിക്കുന്നു. അതിനാല്‍ കവിതയുടെ ആഴപ്പരപ്പുകള്‍ കവിമനസ്സിന്റെ വികാസത്തെ ആശ്രയിക്കുന്നതാണ്. കിടങ്ങറ ശ്രീവത്സന്റെ ‘നിഗൂഢതയിലേക്ക് ചില പ്രണയ സഞ്ചാരങ്ങള്‍’ എന്ന കാവ്യസമാഹാരം ഭാഷാ സ്വാധീനത്താലും ഭാവനാ സൗഷ്ടവത്താലും അലംകൃതമാക്കപ്പെട്ട മികച്ച കൃതിയാണ്. ഇതിലെ അസ്ഥിമാടം, തമോയാനം മുതലായ കവിതകള്‍ ജീവിതത്തിന്റെ നശ്വരതയെച്ചൊല്ലിയുള്ള നിരാശ നിര്‍ഗമിക്കുന്നവയാണ്. ഭാവസാന്ദ്രമായ ഈ രചനകളില്‍ നിഴലിക്കുന്നത് ആധുനിക കാലത്ത് പാശ്ചാത്യ ചിന്തകന്‍ ഫ്രെഡറിക്ക് നീച്ചേ തുടങ്ങിവച്ച ജീവിത വീക്ഷണമാണ്. അസ്ഥിരമായിട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള നിരാശയും ആശങ്കയും അടങ്ങുന്ന കാഴ്ചപ്പാടാണിത്.
ജീവിതത്തിന്റെ ക്ഷണികത മനുഷ്യരിലുളവാക്കുന്ന നിരാശാബോധം ജീവിതത്തെ ലക്ഷ്യരഹിതമാക്കുന്ന ചിത്രമാണ് നീച്ചേയെ അനുഗമിച്ച സാര്‍ത്രെ, കാഫ്ക, കമ്യൂ തുടങ്ങിയ പാശ്ചാത്യ എഴുത്തുകാര്‍ വരച്ചുചേര്‍ത്തത്. ഇന്ത്യയില്‍ ഹിന്ദി നോവലിസ്റ്റായ നിര്‍മല്‍ വര്‍മ്മ രചിച്ച ‘പരിന്തേ’ (പറവകള്‍) എന്ന നോവല്‍ ഈ ദര്‍ശനം മുന്നോട്ടുവച്ച ഒന്നായിരുന്നു. ഇതിന്റെ പകര്‍പ്പാണ് എം.ടി യുടെ ‘മഞ്ഞ്’ എന്ന നോവല്‍. ഇവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ആ കാലഘട്ടത്തില്‍ അസ്തിത്വവാദികളുടെ സ്വാധീനത്തിലുരുവംകൊണ്ട അനേകം കൃതികള്‍ ഇത്തരത്തിലുള്ളവയാണ്.
ജീവിത രംഗത്ത് അരങ്ങേറപ്പെടുന്ന പല കഷ്ടതകളും ദുഷ്ടതകളും, അസ്ഥിരത ജനിപ്പിക്കുന്ന നിരാശയുടെ സന്തതികളാകാമെന്നതാണ് ശ്രീവത്സന്റെ ‘ദുരന്താര്‍ത്ഥമുറഞ്ഞൊരു വാക്കു പോല്‍’ എന്ന കവിതയിലെ വരികളില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ അനാദിയും അനന്തവുമായ ഏതോ ഒരു പാര്‍പ്പിടം തനിക്ക് സ്വന്തമാണെന്നും, അത് തന്നില്‍ നിന്ന് മറഞ്ഞിരിക്കുന്നുവെന്നും, ‘ജീവിതം കഷ്ടകാണ്ഡങ്ങളാടുന്ന’ വേളയില്‍ താന്‍ അതാണ് തേടിക്കൊണ്ടിരിക്കുന്നതെന്നും ‘അസ്ഥിമാട’ത്തില്‍ കവി ആശ്വാസം കൊള്ളുന്നുമുണ്ട്.
പ്രവാചക വചനങ്ങളുടെ നിഗൂഢാര്‍ത്ഥം അനന്തതയായി തന്നെ ചൂഴ്ന്നുനില്‍ക്കുന്നുവെന്നും, അത് കണ്ടെത്തുന്നതുവരെ തനിക്ക് സ്വസ്ഥതയില്ലെന്നും കവി തിരിച്ചറിയുകയാണ് ‘നിഗൂഢ വചനങ്ങളുടെ ശിലാമുഖം’ എന്ന കാവ്യത്തില്‍. ഹ്രസ്വവും അനിത്യവുമാകുന്ന ലൗകിക ജീവിതത്തിലെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങരുതെന്ന നിശ്ചയം വ്യക്തമാക്കുന്നതാണ് ‘സ്വസ്തി’ യിലെ ശീലുകള്‍. സംസാരത്തിലെ ഉപരിപ്ലവ സങ്കീര്‍ണതകളില്‍ നിന്നു വിരമിക്കാനും, സൃഷ്ടിരഹസ്യങ്ങളടങ്ങുന്ന അഗാധതയിലേക്ക് ആഴ്ന്നിറങ്ങാനും കവിക്ക് ആഗ്രഹമുണ്ടെങ്കിലും ആ അനന്തപ്രവാഹത്തിന്റെ സ്രോതസ്സു തേടാന്‍ തനിക്ക് ഭയമുണ്ടെന്ന കാര്യവും തുറന്നു പറയുന്നതാണ് ‘സ്നേഹം’ എന്ന കവിത.
‘കാലദണ്ഡകം’ ഭാരതീയ ദര്‍ശനമുള്‍ക്കൊള്ളുന്ന കാവ്യമാണ്. ഏകമായിരുന്ന ഈശ്വര ചൈതന്യത്തില്‍ നിന്നു വേര്‍പിരിഞ്ഞ ജീവന്‍ പല പരിണാമ ദശകളിലൂടെ കടന്ന് ഒടുവില്‍ മനുഷ്യജന്മം സ്വീകരിച്ച് സംസാരമാകുന്ന ദാവാഗ്‌നിയില്‍ എരിയുമെങ്കിലും, ഇതാണ് ജീവന് തന്റെ ‘മറുപാതി’ യാകുന്ന പരമാത്മാവിനോട് ചേരാനുള്ള വഴിയൊരുക്കുന്ന ജന്മമെന്നാണ് ഇതിലെ വരികള്‍ ധ്വനിപ്പിക്കുന്നത്:
കാലാന്തരങ്ങളുടെ
കണ്ടകാകീര്‍ണമാം
കാന്താര മാര്‍ഗ്ഗത്തിലൂടെ
വ്രണിത പഥമോടെ
വ്യഥിത ഹൃദിയോടെ
ഭവ ദുരിത കനലുകളി-
ലുരുകി മമ ജീവനി-
ന്നൊഴുകുന്നു നിന്നിലേക്കണയാന്‍.
ശബരിമലയില്‍ നിര്‍വികല്‍പ്പ സമാധിയിലാണ്ടിരിക്കുന്ന അയ്യപ്പനെ ദര്‍ശിച്ച് ഓരോ വര്‍ഷവും നിരാശയോടെ മടങ്ങുന്ന മാളികപ്പുറത്തമ്മയുടെ മോഹഭംഗത്തിന്റെ നൊമ്പരം ഭാവതീവ്രതയോടെ അവതരിപ്പിക്കുകയാണ് ‘വിരഹജ്വാല’ യെന്ന കവിത.
പ്രകൃതി പ്രതിഭാസങ്ങളിലും ജീവികളിലും അവയുടെ അംഗചലനങ്ങളിലും മറ്റും സ്ഫുരിക്കുന്ന സൗന്ദര്യം സൃഷ്ടിയുടെ അക്ഷയ നിഗൂഢതയായിട്ടാണ് കവിക്ക് അനുഭവപ്പെടുന്നത്. ‘സഹസ്രദളം’ എന്ന കവിത പൂക്കളുടെ സൗഷ്ടവത്തെക്കുറിച്ചുള്ള താളാത്മകമായ വര്‍ണനയാണ്. പുഷ്പങ്ങള്‍ ധരിത്രി തന്നുജ്ജ്വല സ്വപ്നങ്ങളും നിത്യരോമാഞ്ചങ്ങളുമാണത്രെ, പ്രത്യേകിച്ച് സഹസ്രദളം വിടര്‍ത്തി വിസ്മയിപ്പിക്കുന്ന പത്മങ്ങള്‍. നിത്യവും പ്രഭാതത്തില്‍ വിടര്‍ന്നു ഹസിക്കുന്ന സൂനങ്ങള്‍ പ്രപഞ്ചസത്യത്തിന്റെ നിഗൂഢത കലാമുദ്രകളായി പൊഴിക്കുകയാണെന്ന കവിദര്‍ശനം രസോദ്ദീപകമാണ്. പൂക്കള്‍ വിടര്‍ത്തിക്കാട്ടുന്ന വിശ്വസൗന്ദര്യം വന്യമായിട്ടുള്ള ഹൃദയങ്ങളില്‍ പോലും സംസ്‌കൃതി പകരാന്‍ പോന്ന മാന്ത്രികച്ചെപ്പാണെന്ന സാരവും ചേര്‍ന്നതാണ് ഇതിലെ വരികള്‍.
കാവ്യത്തെ സുന്ദരമാക്കുന്നതില്‍ കവിയുടെ ഭാഷാവൈദഗ്‌ദ്ധ്യം പ്രധാന പങ്ക് വഹിക്കുന്നു. ഇവിടെ കവിയുടെ ചിന്തകളും ഭാവബിംബങ്ങളും താളാത്മകമായി ചലിക്കുന്നുവെന്നത് ശ്രീവത്സന്റെ കാവ്യങ്ങളെ മേന്മയുള്ളതാക്കുന്നു. കവിത്വത്തോടൊപ്പം ചേര്‍ന്ന ഭാഷാ സിദ്ധിയാണ് ഈ കാവ്യഗുണത്തിനു പിന്നിലെന്നു കരുതാം.
നിഗൂഢതയിലേക്ക് ചില പ്രണയ സഞ്ചാരങ്ങള്‍
(കവിതാ സമാഹാരം)
കിടങ്ങറ ശ്രീവത്സന്‍
ഡിസി ബുക്‌സ് വില- 120/-
















