കണ്ണൂര്‍: ചെറുപുഴയില്‍ പ്രളയ ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയ സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.പി. പോളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം.കണ്ണൂര്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്തേക്ക് മൃതദേഹവുമായി പോയ ആംബുലന്‍സില്‍ ഫ്രീസര്‍ സൗകര്യമില്ലെന്ന കാര്യം തൃശൂര്‍ ചാവക്കാട് എത്തിയപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മൃതദേഹം മറ്റൊരു ആംബുലന്‍സില്‍ തിരുവനന്തപുരത്തെത്തിച്ചു .മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതായും പറയുന്നു.
സംഭവം വിവാദമായിരുന്നു. ചെറുപുഴ മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ ആര്‍. രാജേഷ് മരിച്ചത്.















