ന്യൂദല്‍ഹി: ഭാരതത്തിന്റെ ശുചിത്വ ഊർജ്ജ മേഖലയ്‌ക്ക് വൻ കുതിപ്പേകുന്ന രണ്ട് സുപ്രധാന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 23,731 കോടി രൂപ മൊത്തം അടങ്കൽ തുക വകയിരുത്തുന്ന ‘ഗോബർധൻ’ ദേശീയ ബയോഗ്യാസ് പദ്ധതിക്കും അസമിൽ ഗുവാഹത്തിക്കടുത്തുള്ള ബൈഹാട്ട ചാരിയാലി മുതൽ തേസ്‌പൂർ വരെയുള്ള 8,970.20 കോടി രൂപയുടെ നാലുവരിപ്പാത വികസനത്തിനുമാണ് അനുമതി നൽകിയത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവാണ് മന്ത്രിസഭാ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.
രാജ്യത്തെ കാർഷിക അവശിഷ്‌ടങ്ങൾ, ചാണകം, മുനിസിപ്പൽ ജൈവമാലിന്യങ്ങൾ എന്നിവയെ ശുദ്ധമായ ഇന്ധനവും ജൈവവളവുമാക്കി മാറ്റുന്ന സമഗ്ര പദ്ധതിയാണ് ഗോബർധൻ. കംപ്രസ്‌ഡ് ബയോഗ്യാസ് (CBG) ഉത്പാദനം പത്തിരട്ടിയായി വർദ്ധിപ്പിക്കാനും സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പെട്രോളിയം സ്വാഭാവിക വാതക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ പ്രധാനമായും ആറ് വളർച്ചാ ഘടകങ്ങളാണുള്ളത്:
- സിറ്റി ഗ്യാസ് വിതരണ ശൃംഖലകളിൽ സി.ബി.ജി വിഹിതം കൂട്ടുന്നതിനായി കൃത്യമായ ലക്ഷ്യങ്ങൾ (2026-27ൽ 3%, 2027-28ൽ 4%, 2028-29 മുതൽ 5%) നിശ്ചയിക്കും.
- സി.ബി.ജിക്ക് പ്രൊഡക്ഷൻ അഡ്‌മിനിസ്റ്റേർഡ് വിലയായി എം.എം.ബി.ടിയുവിന് (MMBTU) 2,110 രൂപ നിരക്കിൽ സുസ്ഥിര വില ഉറപ്പാക്കും.
- പുതിയ സി.ബി.ജി പ്രോജക്ടുകൾക്ക് കപ്പാസിറ്റി പ്രതിദിനം ഒരു ടണ്ണിന് 2 കോടി രൂപ വരെ ധനസഹായം നൽകും.
- സി.ബി.ജി പ്ലാൻ്റുകളെ പ്രധാന ഗ്യാസ് പൈപ്പ്‌ലൈനുകളുമായും നഗര ഗ്യാസ് ശൃംഖലകളുമായും ബന്ധിപ്പിക്കും.
- ചെറുകിട-ഇടത്തരം സംരംഭകർക്കും വനിതാ സംരംഭകർക്കും വായ്‌പാ സൗകര്യങ്ങൾ എളുപ്പമാക്കുന്നതിന് ക്രെഡിറ്റ് ഗ്യാരണ്ടി പിന്തുണ നൽകും.
- പ്രാദേശിക തലത്തിൽ ബയോഗ്യാസ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ സി.ബി.ജി ചലഞ്ച് ഫണ്ട് രൂപീകരിക്കും.
ഗുവാഹത്തി-തേസ്പൂര്‍ നാലുവരി പാത വികസിപ്പിക്കുന്നതിനും കേന്ദ്ര-മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 135.871 കി.മീ നീളത്തില്‍ 8,970.20 കോടി രൂപ ചെലവില്‍ ബിഒടി ടോള്‍ മാതൃകയിലാണ് പാത വികസിപ്പിക്കുക. തേസ്പൂര്‍ ബൈപ്പാസില്‍ വ്യോമസേനയുമായി ഏകോപിപ്പിച്ച് 4.9 കി.മീ. നീളത്തില്‍ അടിയന്തര ലാന്‍ഡിങ് സംവിധാനവും ഒരുക്കും. ആസാം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഈ പദ്ധതി കണക്ടിവിറ്റി ഉറപ്പാക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്ര-വാര്‍ത്താ വിനിമയ പ്രക്ഷേപണവകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.













