India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊൽക്കത്ത: മദ്രസകളിൽ ‘വന്ദേമാതരം’ മുഴുവനായും ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവിനെതിരെയുള്ള ഹർജി പരിഗണിക്കുന്നതിനിടെ സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി.

മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ സ്വർഗം ഇടിഞ്ഞുവീഴില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് പാർഥ സാരഥി സെൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ക്രിസ്ത്യൻ മാനേജ്‌മെൻ്റുകൾക്ക് കീഴിലുള്ള വിദ്യാലയങ്ങളിൽ എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാർഥികൾ പ്രാർഥനകളിൽ പങ്കാളികളാകുന്ന ഉദാഹരണവും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മറ്റൊരു മതത്തിന്റെ ആശയമോ വരികളോ ചൊല്ലുന്നത് കൊണ്ട് മാത്രം ഒരാളുടെ മതവിശ്വാസത്തിന് ഭംഗം വരില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ”ഇന്ന് എന്റെ മതത്തിലേതല്ലാത്ത ഒരു വരി ചൊല്ലാൻ എന്നോട് ആവശ്യപ്പെട്ടാൽ എന്ത് സംഭവിക്കും? ഞാൻ ആ മതത്തിൽപ്പെടാത്ത ആളായി മാറുമോ? സ്വർഗം ഇടിഞ്ഞുവീഴുകയൊന്നുമില്ല”- കോടതി വ്യക്തമാക്കി.

മദ്രസകളിൽ പഠിക്കുന്ന കുട്ടികളെക്കൊണ്ട് ദേശീയഗീതം പാടിക്കാൻ സർക്കാരിന് നിർബന്ധിക്കാനാവില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബികാഷ് രഞ്ജൻ ഭട്ടാചാര്യ വാദിച്ചു. എന്നാൽ, ഈ സർക്കാർ സർക്കുലർ നടപ്പാക്കാത്തതിന്റെ പേരിൽ മദ്രസകൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു.

അത്തരം നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമായതോടെ, കേവലമായ ആശങ്കകളുടെ അടിസ്ഥാനത്തിൽ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) ധീരജ് കുമാർ ത്രിവേദി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടു. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് നിർദേശം നൽകിയ കോടതി, കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. അതേസമയം, വന്ദേമാതരം എക്കാലത്തും ഒരു തർക്കവിഷയമാണെന്നും ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചകളും കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കല്യാൺ ബന്ദോപാധ്യായ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നൽകുന്ന ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്‌സ് ടു നാഷണൽ ഓണർ (ഭേദഗതി) ബിൽ, 2026’ കഴിഞ്ഞ ആഴ്ച പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പശ്ചാത്തലം കൂടിയുണ്ട് ഈ കേസിന്. വന്ദേമാതരത്തെ അവഹേളിക്കുന്നതും ആലപിക്കുന്നത് തടസപ്പെടുത്തുന്നതും ക്രിമിനൽ കുറ്റമാക്കുന്നതാണ് പുതിയ ബിൽ.

Recent Posts