വയനാട്: മഴ ശക്തമായി തുടരുന്നതിനാല്‍ വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ പറഞ്ഞു. ജില്ലയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണമുണ്ടാകും.
കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാനാണ് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ക്ക് നിര്‍ദേശമുളളത്.കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ജില്ലയിലേക്കും ജില്ലയ്‌ക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍അറിയിച്ചു.
വയനാട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ക്കും മറ്റ് ഭാര വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതിനിടെ, കനത്ത മഴ മൂലം ഇടുക്കി ജില്ലയില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രികാല യാത്രയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. നദീതീരത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.















