ശന്തനുമഹാരാജാവിന് സത്യവതിയില്‍ പിറന്ന പുത്രന്മാരായിരുന്നു ചിത്രാംഗദനും വിചിത്രവീര്യനും. ശന്തനുവിന്റെ മരണശേഷം ഭീഷ്മര്‍ സത്യവതിയുമായി ആലോചിച്ച് ചിത്രാംഗദനെ രാജാവായി അഭിഷേകം ചെയ്തു. അസാമാന്യ യുദ്ധനൈപുണ്യമുള്ള പരാക്രമശാലിയായ ചിത്രാംഗദന്‍ രാജാക്കാന്മാരെയെല്ലാം യുദ്ധത്തില്‍ തോല്‍പ്പിച്ചു. തന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് വിശ്വസിച്ച ചിത്രാംഗദനോട് അതേ പേരുതന്നെയുള്ള ഗന്ധര്‍വ്വനായ ചിത്രാംഗദന്‍ പോരിന് വന്നു. ദീര്‍ഘനാള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ ചിത്രാംഗദനെന്ന ഗന്ധര്‍വ്വനാല്‍ സത്യവതീസുതനായ ചിത്രാംഗദന്‍ വധിക്കപ്പെട്ടു. പിന്നീട് രാജാവായി അഭിഷേകം ചെയ്യപ്പെട്ട വിചിത്രവീര്യനും യുവാവായിരിക്കെ ക്ഷയരോഗബാധിതനായി കാലഗതി പ്രാപിച്ചു.
വിചിത്രവീര്യന്റെ മരണത്തോടെ ചന്ദ്രവംശം അന്യം നിന്ന് പോകുന്ന സാഹചര്യം സംജാതമായത് സത്യവതിയെ അതീവദുഃഖിതയാക്കി. ദുഃഖിതയായ സത്യവതി ഭീഷ്മരോട് പറഞ്ഞു: ”നീ എല്ലാവരേയും നടുക്കിയ രണ്ട് ശപഥങ്ങള്‍ ചെയ്തിട്ടുണ്ട്. ആ ശപഥങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലാതായിരിക്കുന്നു. എന്നില്‍ ഉണ്ടായ രണ്ട് സന്തതികളും മരിച്ചു. യഥാര്‍ത്ഥത്തില്‍ ഈ വംശം അന്യം നിന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിന്റെ പ്രതിജ്ഞ നിരര്‍ത്ഥകമാണ്. അതിനാല്‍ വിചിത്രവീര്യന്റെ പത്നിമാരായ അംബികയേയും അംബാലികയേയും നീ വിവാഹം കഴിച്ച് അവരില്‍ സന്തതികളെ ജനിപ്പിക്കണം. ഇത് നമ്മുടെ വംശപരമ്പര തുടരുന്നതിനും, ജനങ്ങളുടെ സുരക്ഷയ്‌ക്കും അനിവാര്യമാണ്.” സത്യവതി പറഞ്ഞുനിര്‍ത്തി.
ഇതിനുള്ള ഭീഷ്മരുടെ മറുപടി അക്ഷരാര്‍ത്ഥത്തില്‍ സത്യവതിയെ ഞെട്ടിച്ചു: ”ഞാന്‍ പ്രതിജ്ഞ എടുത്തത് അച്ഛന് അമ്മയെ വിവാഹം കഴിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. അതിന്റെ കാരണങ്ങള്‍ ഇല്ലാതായതുകൊണ്ട് മാത്രം ഞാന്‍ പ്രതിജ്ഞയില്‍നിന്ന് പിന്തിരിയുകയില്ല. ഹിമാലയം ഇല്ലാതായേക്കാം, സാഗരം വറ്റിപ്പോയേക്കാം, നക്ഷത്രങ്ങള്‍ പ്രകാശിക്കാതെ വന്നേക്കാം. ഇതെല്ലാം സംഭവിച്ചാലും ഞാനെന്റെ പ്രതിജ്ഞയില്‍നിന്നും പിന്‍വാങ്ങുകയില്ല. എന്റെ ആത്മാവിന്റെ ഔന്നത്യത്തിന് വേണ്ടിയാണ്, എന്റെ സ്വഭാവത്തിന്റെ ദാര്‍ഢ്യത്തിന് വേണ്ടിയാണ്, എന്റെ ഉദ്ഗതിക്കുവേണ്ടിയാണ് ഞാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ളത്. അതിനാല്‍ ഞാന്‍ പ്രതിജ്ഞ ലംഘിക്കുക എന്നത് അസംഭവ്യമാണ്.” ഉറച്ച ശബ്ദത്തില്‍ ഇത് പറഞ്ഞുകൊണ്ട് ഭീഷ്മര്‍ തിരിഞ്ഞുനടന്നു. ഇതെല്ലാം കേട്ടുകൊണ്ട് തന്റെ പുത്രസമാനനായ ഭീഷ്മരെ ഭീതിയോടെ നോക്കിയിരിക്കേണ്ടിവന്നു സത്യവതിക്ക്. താന്‍ പറയുന്നത് എന്നും അനുസരിച്ചിട്ടുള്ള ഈ മകനെ ഇപ്പോള്‍ പേടിക്കേണ്ടി വരുന്നല്ലോ എന്ന് സത്യവതി ചിന്തിച്ചു. അവന്റെ മുന്‍പില്‍ എനിക്ക് ഇരിക്കാന്‍ പോലും പറ്റുന്നില്ലല്ലോ എന്നും സത്യവതി ഓര്‍ത്തു.
ഭീഷ്മരുടെ ഞെട്ടിപ്പിക്കുന്ന മറുപടി സത്യവതിയെ ദുഃഖിപ്പിച്ചെങ്കിലും ഭീഷ്മരുടെ സമ്മതത്തോടെ തന്റെ കാനീന പുത്രനായ കൃഷ്ണദ്വൈപായനനെ സത്യവതി സ്മരിച്ചു. സ്മരിച്ചമാത്രയില്‍ മകന്‍ അമ്മയുടെ മുന്‍പില്‍ പ്രത്യക്ഷനായി. അമ്മയെപ്പോള്‍ സ്മരിച്ചാലും താന്‍ അമ്മയുടെ മുന്‍പില്‍ പ്രത്യക്ഷനാകുമെന്ന് മുന്‍പേ ഈ മകന്‍ ഉറപ്പ് നല്‍കിയിരുന്നു.
ചിരകാലമായി വേര്‍പെട്ടുപോയ മകനെ അമ്മ വാല്‍സല്യത്തോടെ ആലിംഗനം ചെയ്തു. വ്യാസന്‍ അമ്മയോട് ചോദിച്ചു. എന്തിനാണ് അമ്മ എന്നെ സ്മരിച്ചത്. ഇതിന് മറുപടിയായി സത്യവതി പറഞ്ഞു: ”എന്റെ ഭര്‍ത്താവിന്റെ വംശം അന്യം നിന്ന് പോകുന്ന സാഹചര്യമുണ്ടായിരിക്കുന്നു. അതിന് ഞാന്‍ കാരണക്കാരിയാകാന്‍ പാടില്ല. അതുകൊണ്ട് നിന്റെ സേവനം ഈ രാജവംശത്തിന് അത്യന്താപേക്ഷിതമാണ്.” ഇത് കേട്ട വേദവ്യാസന്‍ എന്താണ് തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അമ്മയോട് ചോദിച്ചു. ഇതുകേട്ട സത്യവതി മകനോട് ആവശ്യപ്പെട്ടത് വിചിത്രവീര്യന്റെ പത്നിമാരില്‍ രാജ്യഭാരം നടത്താന്‍ യോഗ്യതയുള്ള സന്താനത്തെ ജനിപ്പിക്കണം എന്നായിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇതിന് സമ്മതമാണെന്ന് വ്യാസന്‍ മറുപടി നല്‍കി.
അമ്മയുടെ ആവശ്യം അംഗീകരിച്ച വേദവ്യാസന്‍ ഇതിനായി ഒരു വ്യവസ്ഥ നിര്‍ദ്ദേശിച്ചു. വിചിത്രവീര്യന്റെ പത്നിമാര്‍ ഒരാണ്ട് മുഴുവന്‍ വ്രതം എടുക്കണം. എങ്കിലെ അവര്‍ക്ക് ആത്മശുദ്ധി ഉണ്ടാകൂ. വ്രതശുദ്ധിയില്ലാതെ സ്ത്രീകള്‍ എന്നെ സമീപിക്കരുത്. വ്യാസന്‍ പറഞ്ഞ വ്യവസ്ഥ സത്യവതിക്ക് സ്വീകാര്യമായില്ല. ഇത്രകാലം സന്താനലബ്ധിക്കായി കാത്തിരിക്കാന്‍ സത്യവതി തയ്യാറായിരുന്നില്ല. രാജ്ഞിമാര്‍ എത്രയും വേഗം ഗര്‍ഭവതികളാകണമെന്ന തന്റെ ആഗ്രഹം അവര്‍ വേദവ്യാസനെ അറിയിച്ചു. ഈ നിര്‍ദ്ദേശവും മഹര്‍ഷി സ്വീകരിച്ചു.
ഭാരതത്തില്‍ ഇന്നുവരെ വ്യാസനെപ്പോലെ ഒരു ഋഷി ഉണ്ടായിട്ടില്ല. ലോകത്തിലെ ഏറ്റവും സംസ്‌കൃതമായ രാജ്യമായി ഭാരതത്തെ ഉയര്‍ത്തിയതില്‍ വേദവ്യാസ മഹര്‍ഷിയുടെ പങ്ക് വളരെ വലുതാണ്. മുനിമാരില്‍ വ്യാസന്‍ താന്‍തന്നെയാണെന്ന് ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ അരുളിചെയ്തിട്ടുണ്ട്. ഈ ഋഷിയാണ് സഹോദരപത്നിമാരില്‍ സന്തതികളെ ജനിപ്പിക്കാമെന്ന് പുനഃരാലോചനയോ സങ്കോചമോ ഇല്ലാതെ സത്യവതിക്ക് സമ്മതം കൊടുത്തത്. ഈ വിഷയത്തില്‍ ഭീഷ്മരുടെ തീരുമാനമാണോ അതോ മഹര്‍ഷിയായ വേദവ്യാസന്റെ പ്രവര്‍ത്തിയാണോ ശ്രേഷ്ഠം എന്നതിനെ സംബന്ധിച്ച് ഇന്നും സാധാരണക്കാര്‍ക്കിടയില്‍പ്പോലും തര്‍ക്കമുണ്ട്.
ഒരു വംശപരമ്പര നിന്നുപോയാല്‍ രാജ്യം അരാജകത്വത്തിലാകും. ഒരു പ്രതിജ്ഞയുടെ പേരില്‍ മാത്രമാണ് ഗുരുതരമായ ഈ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാന്‍ ഭീഷ്മര്‍ മടിച്ചത്. രാജ്യത്തിനും ജനങ്ങള്‍ക്കും ഒരു ആവശ്യം വന്നാല്‍ അവരോട് ചേര്‍ന്ന് നിന്ന് അത് പരിഹരിച്ച് കൊടുക്കുക എന്ന ധര്‍മ്മം വിസ്മരിച്ച് സ്വന്തം പ്രതിച്ഛായയ്‌ക്കുമാത്രം പ്രാധാന്യം കൊടുക്കുന്നതായിരുന്നു ഭീഷ്മരുടെ സമീപനം. എന്നാല്‍ മഹാഋഷിയായ വേദവ്യാസനാകട്ടെ സ്വന്തം പേരിനേക്കാള്‍ രാജ്യത്തിന്റെ നന്മയ്‌ക്കും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന തീരുമാനമെടുത്തു.
”കാമ്യാനാം കര്‍മ്മണാം ന്യാസം
സന്ന്യാസം കവയോവിദുഃ” എന്നതാണ് സംന്യാസിയുടെ ലക്ഷണമെന്ന് ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞിട്ടുണ്ട്. (ഭ.ഗീ. 18.2).
കാമ്യകര്‍മ്മങ്ങള്‍ ഉപേക്ഷിക്കുന്നവനാണ് സംന്യാസി. വ്യക്തപരമായ നേട്ടങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് ചെയ്യുന്ന കര്‍മ്മങ്ങളാണ് കാമ്യകര്‍മ്മങ്ങള്‍. രാജ്യത്ത് അരാജകത്വം ഉണ്ടാകുന്നത് ഒഴിവാക്കി രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് വ്യക്തിപരമായ ഒരു നേട്ടവും ആഗ്രഹിക്കാതെ മാതാവായ സത്യവതിയുടെ നിര്‍ദ്ദേശം വേദവ്യാസന്‍ സ്വീകരിച്ചത്. രാജ്യതാലപ്പര്യത്തേക്കാള്‍ സ്വന്തം പ്രതിജ്ഞയാണ് വലുതെന്ന് ചിന്തിച്ച ഭീഷ്മരുടെ തീരുമാനത്തേക്കാള്‍ ധര്‍മ്മാനുസൃതമായത് വ്യക്തിപരമായ പരിഗണനകള്‍ക്കപ്പുറം രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി എടുത്ത വ്യാസന്റെ തീരുമാനമായിരുന്നു.
















