India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് നൽകാൻ ഉത്തരവിട്ട കാവേരി ജല നിയന്ത്രണ സമിതി (സി.ഡബ്ല്യു.ആർ.സി)യുടെ നടപടിക്കെതിരെ സംസ്ഥാനത്ത് കർഷകരുടെ പ്രതിഷേധം ശക്തമായി. ബുധനാഴ്ച മുതൽ 15 ദിവസത്തേക്ക് തമിഴ്‌നാടിന് പ്രതിദിനം 3,500 ക്യുസെക്‌സ് വെള്ളം കർണാടക വിട്ടുകൊടുക്കാനാണ് സി.ഡബ്ല്യു.ആർ.സി ഉത്തരവിട്ടത്. കാവേരി നദീതടത്തിൽ കടുത്ത ജലക്ഷാമം നേരിടുന്നതിനാൽ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് കർണാടക വാദിച്ചെങ്കിലും ഇത് സി.ഡബ്ല്യു.ആർ.സി ഇത് അംഗീകരിച്ചിരുന്നില്ല.

സി.ഡബ്ല്യു.ആർ.സി നിര്‍ദേശത്തിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. കര്‍ഷകര്‍ റോഡില്‍ ശയന പ്രദക്ഷിണം നടത്തി. കർണാടകത്തിൽ വരൾച്ച ശക്തിപ്രാപിക്കുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്യുന്നതിനിടെ നദീജലം അയൽ സംസ്ഥാനത്തിന് വിട്ടുനകാനുള്ള  നിര്‍ദേശത്തിനെതിരെ സർക്കാർ അടിയന്തരമായി പുനഃപരിശോധനാ ഹർജി നൽകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ബുധനാഴ്ച പ്രതിഷേധം അരങ്ങേറി .കന്നഡ സംഘടനാ പ്രവർത്തകരും കർഷകരും ബി.ജെ.പി. പ്രവർത്തകരും സമരത്തിൽ പങ്കാളികളായി.

മാണ്ഡ്യയിൽ കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളുംചേർന്ന് ബെംഗളൂരു-മൈസൂരു ദേശീയപാത ഉപരോധിച്ചു. മൈസൂരു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമരം നടന്നു. മൈസൂരു സയ്യാജി റോഡിൽ പ്രവർത്തകർ ‘ഉരുളുസേവെ'(ശയന പ്രദക്ഷിണം) നടത്തിയും പ്രതിഷേധിച്ചു. കരിമ്പു കർഷകരുടെ നേതൃത്വത്തിൽ മൈസൂരു – ഊട്ടി ദേശീയ പാത ഉപരോധിച്ചു. ചാമരാജ്നഗർ ദൊഡ്ഡരായപ്പേട്ടിലും കർഷകർ റോഡ് ഉപരോധിച്ചു.

ബെംഗളൂരുവിലെ മല്ലേശ്വരത്ത് കർണാടക രക്ഷണവേദികെ പ്രവർത്തകർ പ്രതിഷേധവുമായെത്തി. ജലക്ഷാമത്തിന്റെ പ്രതീകമായി കാലിക്കുടം തലയിൽ കമിഴ്‌ത്തി പ്രവർത്തകർ അണിനിരന്നു. സമരക്കാരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഫ്രീഡം പാർക്കിലും പ്രതിഷേധസമരം നടന്നു. ബെംഗളൂരുവിൽ കന്നഡ ചലുവലി വട്ടാൾ പക്ഷ പ്രവർത്തകരും പ്രതിഷേധസമരം നടത്തി.

സമരത്തിനു പിന്തുണയുമായി ബി.ജെ.പി. കര്‍ണാടക ഘടകവും രംഗത്തുണ്ട്.  മാണ്ഡ്യയിൽ വെള്ളിയാഴ്ച മാണ്ഡ്യയിൽ വൻ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എം.എൽ.എ. അറിയിച്ചിട്ടുണ്ട്.