മലപ്പുറം: ഫീസ് വാങ്ങിയശേഷം അച്ചടിച്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്ന മോട്ടോര്‍ വാഹന വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‌റെ ഉത്തരവ്. അച്ചടിച്ച ആര്‍സിക്കായി വാങ്ങിയ 245 രൂപയും അപേക്ഷകനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവുകള്‍ക്കായി 3,000 രൂപയും പരാതിക്കാരന് നല്‍കാനാണ് ഉത്തരവ്. കൊണ്ടോട്ടി ‘ആക്ഷന്‍’ സംഘടനയുടെ പ്രസിഡന്റ് ആത്മേശന്‍ പച്ചാട്ടിന്‌റെ പരാതിയിലാണ് നടപടി.
2025 ഫെബ്രുവരി 14-ന് കൊണ്ടോട്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും അച്ചടിച്ച ആര്‍സി തപാലില്‍ ലഭിക്കുന്നതിനുമായി 245 രൂപ ഫീസടച്ച് അപേക്ഷ നല്‍കിയിരുന്നു. ഏറെക്കാലം കഴിഞ്ഞിട്ടും ആര്‍സി ലഭിക്കാഞ്ഞ് അന്വേഷിച്ചപ്പോള്‍ മാര്‍ച്ച് 1 മുതല്‍ ഡിജിറ്റല്‍ ആര്‍സി സംവിധാനം നിലവില്‍ വന്നതായും പരിവാഹന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.
അച്ചടിച്ച ആര്‍സി നല്‍കുന്നില്ലെങ്കില്‍ അതിനായി ഈടാക്കിയ 245 രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആര്‍ടി ഓഫീസ് അധികൃതര്‍ അവഗണിച്ചു. കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
















