India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കെപിഎസ്സി) നിയമന പ്രക്രിയയില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നതായി ആരോപണം.

സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ലക്ഷങ്ങളാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ആവശ്യപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം വിധാന്‍ സൗധ പോലീസില്‍ പരാതി നല്‍കി. മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പിലെ 400 വെറ്ററിനറി ഓഫീസര്‍ തസ്തികകളിലേക്കുള്ള നിയമനപ്രക്രിയ പുരോഗമിക്കവേയാണ് സംഭവം പുറത്താകുന്നത്. നിയമന പ്രക്രിയ നിയമവിരുദ്ധമാണെന്നും അന്വേഷണം നടത്തണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെപിഎസ്സി 2026 ജനുവരിയിലാണ് നിയമന പരീക്ഷ നടത്തിയത്. തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക ജൂലൈ 17ന് പുറത്തിറക്കിയിരുന്നു. എന്നാല്‍ പട്ടികയില്‍ പേരുള്ള പലരും ഇതിനായി പണം കൊടുത്തിട്ടുണ്ടെന്നാണ് പരാതി. നിയമനത്തിനായി 70 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെ ആവശ്യപ്പെട്ട് നിരവധി ഉദ്യോഗാര്‍ത്ഥികളെ ഇടനിലക്കാര്‍ സമീപിച്ചിരുന്നു. ഈ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ പോലീസിന് സമര്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല, സ്വകാര്യ റിസോര്‍ട്ടുകളില്‍ ഇതുമായി ബന്ധപ്പെട്ട് ചില പരീക്ഷകള്‍ നടന്നതായും പരാതിക്കാര്‍ ആരോപിച്ചു.

ഉയര്‍ന്ന സ്‌കോറുകള്‍ നേടിയ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ കെപിഎസ്സിയില്‍ സ്വാധീനമുള്ള സ്ഥാനങ്ങള്‍ വഹിക്കുന്ന ആളുകളുമായി ബന്ധപ്പെട്ടവരാണെന്നും അവര്‍ ആരോപിച്ചു. വിജയിച്ച നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ബിരുദ പരീക്ഷകളില്‍ പരാജയപ്പെട്ടവരാണ്. അടുത്തിടെ തന്റെ രണ്ട് പെണ്‍മക്കളെ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായി നിയമിക്കുന്നതിന് അനധികൃതമായി സഹായിച്ചുവെന്നാരോപിച്ച് കെപിഎസ്സി ചെയര്‍മാന്‍ ശിവശങ്കരപ്പ എസ്. സാഹുക്കറിനെ കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സംഭവത്തിന് നിലവിലെ കേസുമായി ബന്ധമുണ്ടെന്നും പരാതിക്കാര്‍ ആരോപിച്ചു.

അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ കെപിഎസ്സി അഴിമതിയുടെ കേന്ദ്രമായി മാറിയെന്ന് ബിജെപി ആരോപിച്ചു. നിയമന പ്രക്രിയ ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്നും, സ്വതന്ത്ര ഉന്നതതല അന്വേഷണം നടത്തണമെന്നും, ഇടനിലക്കാര്‍ക്കും സംഭവത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന സ്വാധീനമുള്ള വ്യക്തികള്‍ക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. തസ്തികകള്‍ 80 ലക്ഷം രൂപയ്‌ക്ക് വിറ്റഴിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെക്കുറിച്ചും ബിജെപി നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.

Recent Posts