Kerala

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ നല്‍കിയിരുന്ന സൗജന്യയാത്ര നിര്‍ത്തലാക്കി. ‘ഹാപ്പി ലോങ് ലൈഫ്’ എന്ന പദ്ധതിയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളില്‍ ലഭ്യമായിരുന്ന സൗജന്യ യാത്ര ഇതോടെ നിലച്ചു. സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതിയുടെ പിന്നാലെ പോയപ്പോഴാണ് സഹായം ആവശ്യമുണ്ടായിരുന്ന കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കിയ നടപടിയുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയത്. സൗജന്യ യാത്ര മാത്രമല്ല ബസില്‍ സീറ്റും ഉറപ്പുനല്‍കുന്ന പദ്ധതിയായിരുന്നു ഹാപ്പി ലോങ് ലൈഫ് എന്നത്.

ഹാപ്പി ലോങ് ലൈഫ് കാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തിയതോടെയാണ് പദ്ധതിയുടെ ആനുകൂല്യം കാന്‍സര്‍ രോഗികള്‍ക്ക് നഷ്ടമായത്. പാസ്‌പോര്‍ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം, ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം www.keralartcit.com എന്ന പോര്‍ട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. ചീഫ് ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന കാര്‍ഡ് കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ വഴി അപേക്ഷകന്റെ വീട്ടിലെത്തിക്കുന്നതായിരുന്നു രീതി.

കാര്‍ഡിന്റെ കാലാവധി ആറുമാസമാണ്. അതുകഴിഞ്ഞാല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി പുതുക്കണം. ഓണ്‍ലൈനായി പുതുക്കുന്ന നടപടിയാണ് വി.ഡി. സതീശന്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചത്.

പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും കാര്‍ഡ് ലഭിക്കുന്നില്ല. ബന്ധപ്പെട്ട ഓഫീസിലേക്ക് വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കാറില്ലെന്നാണ് രോഗികള്‍ പറയുന്നത്. ഓഫീസില്‍ നേരിട്ടെത്തി അന്വേഷിക്കുന്നവരോട് കാര്‍ഡുകള്‍ അച്ചടിക്കുന്നതിലെ സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അധികൃതര്‍ ചെയ്യുന്നത്.