
കോഴിക്കോട്: താമരശ്ശേരിയിൽ പുലർച്ചെ വീടുകളുടെ മുറ്റത്ത് പൂർണ്ണനഗ്നനായി എത്തുന്ന അജ്ഞാതനെക്കുറിച്ച് പോലീസിന്റെ കർശന മുന്നറിയിപ്പ്. രാത്രിയോ പുലർച്ചെയോ കോളിങ് ബെൽ കേട്ടാൽ ഒരു കാരണവശാലും വാതിൽ തുറക്കരുതെന്ന് താമരശ്ശേരി പോലീസ് പ്രദേശവാസികൾക്ക് നിർദേശം നൽകി.
താമരശ്ശേരി പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള വെഴുപ്പൂർ, ഒതയോത്ത് ഭാഗങ്ങളിലെ വീടുകളിലാണ് പുലർച്ചെ നാല് മണിയോടെ അജ്ഞാതൻ എത്തിയത്. മുഖം തുണികൊണ്ട് മറച്ച നിലയിലുള്ള ഇയാളുടെ ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
പൂർണ്ണനഗ്നനായി വീട്ടുപറമ്പിലെത്തുന്ന ഇയാൾ ചുറ്റും നിരീക്ഷിച്ച ശേഷം വീടുകളുടെ കോളിങ് ബെല്ലടിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു വീട്ടിലെത്തി കോളിങ് ബെല്ലടിച്ചപ്പോൾ വീട്ടുകാർ ഭയന്ന് ബഹളം വെക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു.
മോഷണശ്രമത്തിന്റെ ഭാഗമായാണോ അതോ മറ്റ് എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങളാണോ ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. സംശയസ്പദമായ രീതിയിൽ ആരെങ്കിലും കാണപ്പെടുകയാണെങ്കിൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്നും, അജ്ഞാതർ കോളിങ് ബെല്ലടിച്ചാൽ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും താമരശ്ശേരി പോലീസ് അറിയിച്ചു.