കൊച്ചി: കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കിയതായി പൊലീസ് അറിയിച്ചതോടെ വീണ്ടും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പൊലീസ് അറിയിച്ചതോടെ നേരത്തെ സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചിരുന്നു. അതേസമയം നേരിട്ടെത്തി അപേക്ഷിച്ചാല്‍ സംരക്ഷണം നല്‍കാമെന്നും കോടതി പറഞ്ഞിരുന്നു.
തനിക്ക് സോഷ്യല്‍ മീഡിയില്‍ നിന്നടക്കം ഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഒരു വനിതാ എ എസ് ഐയെ സുരക്ഷ്‌ക്കായി ചുമതലപ്പെടുത്താമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
















