ഭോപ്പാൽ: ഉത്തരാഖണ്ഡ് സർക്കാരിനു പിന്നാലെ മദ്ധ്യപ്രദേശ് സർക്കാരും ഏക സിവിൽ നിയമം നടപ്പാക്കാനുള്ള നിയമ നിർമ്മാണത്തിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭോപ്പാലിനടുത്തുള്ള ജഗദീഷ്പൂരിൽ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇത് അവതരിപ്പിക്കുന്നതിന് വഴിയൊരുക്കുന്ന ഒരു സുപ്രധാന തീരുമാനമാണിത്.
യുസിസി എല്ലാ സമുദായങ്ങൾക്കും തുല്യ അവസരങ്ങളും അവകാശങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
ബിൽ തയ്യാറാക്കുന്നതിനുമുമ്പ്, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചുവെന്നും, അത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡിവിഷനുകളിലും കൂടിയാലോചനകൾ നടത്തിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. എന്നിരുന്നാലും, കോൺഗ്രസ് ഏതെങ്കിലും യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി തുടങ്ങിയ പാർട്ടികൾ കൂടിയാലോചനകളിൽ പങ്കെടുത്തെങ്കിലും, കോൺഗ്രസ് പാർട്ടി വിട്ടുനിൽക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.
മുസ്ലിം സമൂഹത്തിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചതായി ചൂണ്ടിക്കാട്ടി. ഏകദേശം 80 ശതമാനം സ്ത്രീകളും 40 ശതമാനം പുരുഷന്മാരും ഏകീകൃത നിയമം നടപ്പിലാക്കുന്നതിനെ അനുകൂലിച്ചുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
വ്യക്തിനിയമങ്ങളിൽ തുല്യതയും ഏകീകൃതതയും ഉറപ്പാക്കുന്നതിനുള്ള ചരിത്രപരമായ ഒരു ചുവടുവയ്‌പ്പാണ് ഈ തീരുമാനമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിർദ്ദിഷ്ട നിയമനിർമ്മാണം പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നില്ലെന്നും എല്ലാ സമുദായങ്ങൾക്കും തുല്യ അവസരങ്ങളും അവകാശങ്ങളും നൽകുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബിൽ ഇപ്പോൾ മധ്യപ്രദേശ് നിയമസഭയിൽ ചർച്ചയ്‌ക്കും പാസാക്കലിനും വയ്‌ക്കുമെന്നും, ഉത്തരാഖണ്ഡിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിലേക്ക് നീങ്ങുന്ന അടുത്ത സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.















