Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മയാമി: ലോകകപ്പിന്റെ കലാശപ്പോരാട്ടം നിയന്ത്രിക്കാനുള്ള പ്രധാന റഫറിയായി സ്ലൊവേനിയയുടെ സ്ലാവ്‌കോ വിന്‍സിച്ചിനെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന അര്‍ജന്റീനസ്‌പെയിന്‍ ഫൈനല്‍ മത്സരത്തിലാണ് 46കാരനായ വിന്‍സിച്ച് ഇന്റര്‍നാഷണല്‍ കരിയറിലെ ഏറ്റവും വലിയ ദൗത്യത്തിലേക്ക് ചുവടുവെക്കുന്നത്. ചരിത്രപരമായ ഈ പ്രഖ്യാപനത്തോടൊപ്പം അര്‍ജന്റീന ആരാധകര്‍ക്കിടയില്‍ ഈ പേര് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഫിഫ ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സ്ലൊവേനിയന്‍ റഫറിയാണ് സ്ലാവ്‌കോ വിന്‍സിച്ച്. ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെടുന്ന ചരിത്രത്തിലെ 23-ാമത്തെ മാത്രം മാച്ച് ഒഫീഷ്യലാണദ്ദേഹം. കരിയറിലെ ഏറ്റവും വലിയ ബഹുമതിയാണിതെന്ന് പ്രഖ്യാപനത്തിന് പിന്നാലെ വിന്‍സിച്ച് പ്രതികരിച്ചു.

ഈ ടൂര്‍ണമെന്റില്‍ അദ്ദേഹത്തോടൊപ്പം തോമസ് ക്ലാന്‍ക്‌നിക്, ആന്‍ഡ്രാസ് കോവാസിക് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരായി പ്രവര്‍ത്തിക്കും. 2022 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന ചരിത്രത്തിലാദ്യമായി സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ മത്സരം നിയന്ത്രിച്ചിരുന്നത് സ്ലാവ്‌കോ വിന്‍സിച്ച് ആയിരുന്നു. മെസിയും സംഘവും വിന്‍സിച്ച് നിയന്ത്രിച്ച കളിയില്‍ തോറ്റ ഏക മത്സരമാണ് അദ്ദേഹത്തെ ആരാധകരുടെ കണ്ണില്‍ ഒരു ‘അപശകുനം’ പോലെയാക്കിയത്. സ്‌പെയിന്‍ ടീമുമായി മികച്ച ട്രാക്ക് റിക്കാര്‍ഡാണ് വിന്‍സിക്കിനുള്ളത്. 2024 യൂറോ കപ്പ് സെമിഫൈനലില്‍ സ്‌പെയിന്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയ മത്സരത്തിലും, ഗ്രൂപ്പ് ഘട്ടത്തില്‍ ഇറ്റലിയെ തോല്‍പ്പിച്ചപ്പോഴും റഫറി വിന്‍സിച്ച് ആയിരുന്നു. ലമീന്‍ യമാല്‍ അടക്കമുള്ള സ്‌പെയിന്‍ യുവനിരയ്‌ക്ക് അദ്ദേഹം നിയന്ത്രിച്ച മത്സരങ്ങള്‍ മികച്ച വിജയങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.

Recent Posts