
കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്
മട്ടാഞ്ചേരി: നിര്‍ത്തിവച്ച കുരുമുളക് അവധി വ്യാപാരം രാജ്യം പുനരാരംഭിച്ചപ്പോള്‍ കൊച്ചിയിലെ കുരുമുളക് അവധി വ്യാപാര കേന്ദ്രം വീണ്ടും ശ്രദ്ധേയമാകുന്നു. ലോകത്തെ ആദ്യത്തെ ഉത്പന്ന അവധി വ്യാപാര കേന്ദ്രമായ ഇന്ത്യ പെപ്പര്‍ സ്‌പൈസസ് ട്രെയ്ഡ് അസോസിയേഷന്‍ (ഇപ്സ്റ്റ) സപ്തതി നിറവിലാണ്.
കൊച്ചി ജൂത തെരുവിലെ പുരാതന കുരുമുളക് അവധി വ്യാപാര കേന്ദ്രം ചരിത്ര രേഖകളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കൊച്ചിയില്‍ 1957ല്‍ തുടങ്ങിയ കുരുമുളക് അവധി വ്യാപാരം സെബി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ 2013 വരെ തുടര്‍ന്നിരുന്നു. ഭാരതത്തിലെ ആദ്യ അവധി വ്യാപാര കേന്ദ്രമായ ഇപ്സ്റ്റ 1957 സപ്തംബറിലാണ് പ്രാരംഭം കുറിച്ചത്. 1952ലെ ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് റെഗുലേഷന്‍ നിയമപ്രകാരം കുരുമുളക് അവധി വ്യാപാരമാണ് ആദ്യം തുടങ്ങിയത്. അംഗങ്ങള്‍ തങ്ങളുടെ വില്പന വിലകള്‍ അലറി വിളിച്ചാ (ഔട്ട്‌ക്രൈ)യിരുന്നു കച്ചവടം നടത്തിയിരുന്നത്. ജൂടൗണിലെ ഇപ്സ്റ്റ ട്രേഡിങ് ഫ്‌ലോറിലെത്തുന്ന 250ഓളം അംഗങ്ങളുടെ ഇടപാട് രീതി ഇതിലൂടെ ഏറെ ആഗോളശ്രദ്ധ പിടിച്ചുപറ്റി.
പ്രതിദിനം 750 ടണ്‍ കുരുമുളകിന്റെ അവധി വ്യാപാരമാണ് ഇപ്സ്റ്റയില്‍ നടന്നിരുന്നതെന്ന് പഴയകാല വ്യാപാരികള്‍ പറഞ്ഞു. ഭാരതത്തിലെ കുരുമുളക് ഉത്പാദക സംസ്ഥാനങ്ങളായ കേരളം, കര്‍ണാടക, തമിഴ്‌നാട് പ്രതിനിധികള്‍ക്കൊപ്പം ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര പ്രതിനിധികളും അമേരിക്ക, യൂറോപ്പ് ഇടപാട് പ്രതിനിധികളും ഇപ്സ്റ്റയിലെ അവധി വിപണിയില്‍ സജീവമായിരുന്നു. 1997ല്‍ കൊച്ചി സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഇപ്സ്റ്റയുടെ പെപ്പര്‍ എക്‌സ്‌ചേഞ്ച് ഇടപാടുകള്‍ കാണാനായി ഫ്‌ളോര്‍ സന്ദര്‍ശിച്ചതും ലോകശ്രദ്ധ ആകര്‍ഷിച്ചു. കൂടാതെ ഒട്ടേറെ അന്താരാഷ്‌ട്ര പ്രതിനിധികളും ഇപ്സ്റ്റ അവധി വ്യാപാര സംവിധാനത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. 2003ല്‍ ഫോര്‍വേര്‍ഡ് കമ്മിഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധി വ്യാപാരം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി. ഇതോടെ ~ോറിലെ പ്രാധാന്യം കുറഞ്ഞതും വ്യാപാര വ്യാപ്തിയും വിവിധ ഘട്ടങ്ങളിലായി അംഗങ്ങളുടെ കൊഴിഞ്ഞുപോക്കിനും വ്യാപാരതോത് കുറയാനുമിടയാക്കി.
99 അംഗങ്ങളുമായി ഇടപാടുകള്‍ ശൂന്യനിലവാരത്തിലെത്തുകയും ചെയ്തു. ഇതിനിടെ 2012ല്‍ സെബി അവധി വ്യാപാരം തുടരണമെങ്കില്‍ 100 കോടി രൂപയുടെ മൂലധനവും 50 അംഗങ്ങള്‍ ഒരു വര്‍ഷം ഒഴിവില്ലാത്ത വ്യാപാരം നടത്തുക, വീഴ്ച പിഴയായി ആസ്തിയുടെ 25 ശതമാനം ഈടാക്കുക തുടങ്ങി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ അവധി വ്യാപാരം തുടരേണ്ടതില്ലെന്ന് ഇപ്സ്റ്റ യോഗം തീരുമാനിച്ചു. ഈ ഘട്ടത്തില്‍ അവധി വ്യാപാരത്തിന് 25 അംഗങ്ങള്‍ മാത്രമാണുണ്ടായത്. ഇതോടെയാണ് ചരിത്ര രേഖകളിലായ പരമ്പരാഗത കുരുമുളക് അവധി വ്യാപാരം നിര്‍ത്തലാക്കാന്‍ ഇപ്സ്റ്റ തീരുമാനിച്ചത്. തുടര്‍ന്ന് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് ഇപ്സ്റ്റ സ്‌പോട്ട് വ്യാപാരത്തിന് തുടക്കം കുറിക്കാനും തീരുമാനിച്ചു. ആഗോള വിപണികളില്‍ ഇന്നും കൊച്ചിയിലെ ഇപ്സ്റ്റയുടെ കുരുമുളക് നിലവാരമാണ് അടിസ്ഥാനമാക്കുന്നത്.