ആലപ്പുഴ: കാർഷിക മേഖലയുടെ സംസ്ഥാനത്തെ കോഴി വളർത്തൽ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ഈ രംഗത്തെ അടിയന്തരമായി പരിധിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ കോഴിത്തീറ്റയ്‌ക്ക് ചാക്കിന് 500 രൂപയിലധികമാണ് വർദ്ധിച്ചത്. കൂടാതെ 25 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന്റെ വില 45 രൂപയായി ഉയരുകയും ചെയ്തു. ഇത് കർഷകർക്ക് താങ്ങാനാവാത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം സൃഷ്ടിച്ചിരിക്കുന്നത്. ആളുകൾ ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ഈ മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
അയൽ സംസ്ഥാനങ്ങളിൽ കോഴി വളർത്തലിനെ കാർഷിക മേഖലയായി പരിഗണിക്കുമ്പോൾ, കേരളത്തിൽ ഷെഡുകൾക്ക് ഉൾപ്പെടെ കൊമേഴ്‌സ്യൽ ബിൽഡിംഗ് നിയമങ്ങളാണ് ബാധകമാക്കിയിരിക്കുന്നത്. വില്ലേജ് ഓഫീസുകൾ വഴി വൻ തുക വൺ ടൈം ടാക്സും സെസ്സും കർഷകരിൽ നിന്ന് ഈടാക്കുന്നത് അവസാനിപ്പിക്കണം.
ലൈസൻസ് നിയമങ്ങൾ ലഘൂകരിച്ച്, മൃഗസംരക്ഷണ വകുപ്പിന് കീഴിൽ നേരിട്ട് ലൈസൻസ് നൽകാനുള്ള നടപടികൾ സ്വീകരിക്കണം. തീറ്റവില വർദ്ധനവ് കാരണം വിപണിയിലെത്തുന്ന തീറ്റയുടെ ഗുണനിലവാരം കുറയുകയും എഫ്.സി.ആർ (Feed Conversion Ratio) ഉയരുകയും ചെയ്തിട്ടുണ്ട്. ഇത് ഉൽപ്പാദനച്ചെലവ് കുത്തനെ കൂട്ടിയ സാഹചര്യത്തിൽ, കോഴിയിറച്ചി വില വർദ്ധിപ്പിക്കാതെ കർഷകർക്ക് മുന്നോട്ട് പോകാനാകില്ല.
കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോണുകളും കൃത്യമായ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കാൻ സർക്കാർ മുൻകൈ എടുക്കണം. കേരളത്തിൽ പ്രതിദിനം ശരാശരി 25 ലക്ഷം മുതൽ 28ലക്ഷം കിലോഗ്രാംവരെ കോഴിയിറച്ചി വില്പന നടക്കുന്നുണ്ട്. ഇതിൽ അധികവും അന്യസംസ്ഥാനത്ത് നിന്നാണ് എത്തുന്നത്. മറ്റ് സംസ്ഥാനങ്ങളെ പോലെ പൗൾട്രി സെക്ടറിൽ സർക്കാരിന്റെ പങ്കാളിത്ത വർധിപ്പിച്ചാൽ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ മേഖലയ്‌ക്ക് സാധിക്കും.
പത്രസമ്മേളനത്തിൽ ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ്.കെ. നസീർ, ട്രഷറർ ആർ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
















