തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുളള മഴക്കുറവ്, അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നത് എന്നിവ മൂലം വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് മഴ ഒഴിഞ്ഞ് നില്‍ക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍,ചൊവ്വാഴ്ചയും സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് കെഎസ്ഇബി അറിയിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിക്കും രാത്രി 12നും ഇടയില്‍ രണ്ടു ഘട്ടമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു.ഇന്നും അതേ നില തുടരാനാണ് സാധ്യത.
















