Samskriti

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

Published by
എം.കെ. അജിത്

ഹംപിയിലെ കല്‍രഥത്തിന്റെ പ്രൗഢിയും വിജയനഗര ചരിത്രവും മനസ്സിലിട്ട് ഉറങ്ങിയ കുട്ടിപ്പട പിറ്റേന്ന് പുലര്‍ച്ചെ യാത്ര തുടങ്ങി. വടക്കന്‍ കര്‍ണാടകത്തിലെ മലപ്രഭാ നദിയുടെ തീരത്തിലൂ ടെയായിരുന്നു യാത്ര. കരിങ്കല്ലില്‍ തീര്‍ത്ത നിരവധി ക്ഷേത്ര സമുച്ചയങ്ങളുള്ള ഒരു സ്ഥലത്ത് ആ യാത്ര ചെന്നു നിന്നു. ‘കുട്ടികളെ എഴുന്നേല്‍ക്കൂ, ഐഹോള എന്ന പ്രശസ്ത സ്ഥലത്താണ് നമ്മള്‍ എത്തിയിരിക്കുന്നത.്’ മാധവന്‍ മാഷിന്റെ വാക്കുകള്‍ കുട്ടികള്‍ക്ക് ഉന്‍മേഷം നല്‍കി.

ബസ്സില്‍ നിന്നിറങ്ങി ചുറ്റും നോക്കിയ അപ്പുവിന് പതിവുപോലെ കൗതുകം അടക്കാനായില്ല. അവന്‍ മാധവന്‍ മാഷിന്റെ തോളില്‍ തട്ടി ചോദിച്ചു,’

മാഷേ, ഇതെന്താ ഈ സ്ഥലത്ത് ഇത്രയധികം അമ്പലങ്ങള്‍ പല രൂപത്തില്‍ പണിതു വെച്ചിരിക്കുന്നത്? ഐഹോളെ! ഇത് വല്ലാത്ത പേരാണല്ലോ അല്ലെ!’

മാധവന്‍ മാഷ് പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്‍കി, ‘അതിന് പിന്നിലൊരു കഥയുണ്ട് അപ്പൂ. പരശുരാമന്‍ തന്റെ മഴുവിലെ ചോര കഴുകാന്‍ ഈ മലപ്രഭാ നദിയില്‍ ഇറങ്ങിയപ്പോള്‍ നദി ചുവപ്പായി മാറിയത്രേ. അത് കണ്ട് ഭയന്ന് ആളുകള്‍ കന്നഡയില്‍ ‘അയ്യാ ഹോള്‍!’ അതായത് ‘അയ്യോ! ചോരപ്പുഴ!’ എന്ന് വിളിച്ചതില്‍ നിന്നുമാണ് ‘ഐഹോളെ’ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. എ.ഡി. 6 മുതല്‍ 8 വരെ നൂറ്റാണ്ടുകളില്‍ ദക്ഷിണ ഭാരതം ഭരിച്ചിരുന്ന ചാലൂക്യ രാജാക്കന്മാരാണ് ഈ കാണുന്ന ക്ഷേത്രങ്ങളെല്ലാം നിര്‍മ്മിച്ചത്.’

അപ്പോഴേക്കും മീര ടീച്ചര്‍ അവരുടെ അടുത്തേക്ക് നടന്നു വന്ന് പറഞ്ഞു, ‘ശരിക്കും ഇതൊരു വലിയ പരീക്ഷണശാലയായിരുന്നു കുട്ടികളേ. ശില്‍പ്പവിദ്യ പഠിക്കുന്നവര്‍ പലതരത്തിലുള്ള വാസ്തുവിദ്യാ ശൈലികള്‍ പഠിച്ചത് ഇവിടെ വെച്ചാണ്. അതുകൊണ്ടാണ് ഐഹോളെയെ ‘ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടില്‍’ എന്ന് വിളിക്കുന്നത്. വരൂ, നമുക്ക് ഓരോന്നായി കാണാം.’

അവര്‍ ആദ്യം പോയത് പകുതി വട്ടത്തില്‍, അതായത് അപ്‌സിഡല്‍ ആകൃതിയിലുള്ള ഒരു വലിയ ക്ഷേത്രത്തിന് മുന്നിലേക്കാണ്. അത് കണ്ടപ്പോള്‍ ചിന്തുവിന് ഒരു സംശയം, ‘ടീച്ചറേ, ഈ ‘ക്ഷേത്രം’ മുമ്പ് നമ്മള്‍ കണ്ട ബുദ്ധവിഹാരങ്ങള്‍ പോലെയുണ്ടല്ലോ! എന്താണ് ഇതിന്റെ പുറകുവശം ഇങ്ങനെ വട്ടത്തില്‍ ഇരിക്കുന്നത്?’

‘മിടുക്കി’ ! മീര ടീച്ചര്‍ അവളെ അഭിനന്ദിച്ചു. ‘ഇത് ദുര്‍ഗ്ഗ ക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ നിര്‍മ്മാണമൊരു വാസ്തുവിദ്യാ പരീക്ഷണമായിരുന്നു. ബുദ്ധമത ശൈലിയിലുള്ള ‘ചൈത്യ’ രൂപത്തെയും ഭാരതീയ ക്ഷേത്ര രൂപത്തെയും കൂട്ടിയിണക്കിയാണ് ശില്പികള്‍ ഇത് പണിതത്. ഇതിന്റെ ഭിത്തികളില്‍ കൃത്യമായ അളവുകളില്‍ സുഷിരങ്ങള്‍ കൊത്തിയിട്ടുണ്ട്. സൂര്യന്‍ ഉദിച്ചുയരുമ്പോളുള്ള പ്രകാശം ഈ സുഷിരങ്ങളിലൂടെ അകത്തേക്ക് കടക്കും. ആ പ്രകാശം കൃത്യമായി പ്രതിഷ്ഠയ്‌ക്ക് മുകളില്‍ പതിക്കുകയും ചെയ്യുന്ന ഒരു പ്രകാശശാസ്ത്രവും ഇതിലുണ്ട്.’

അടുത്തതായി അവര്‍ ചെന്നുനിന്നത് വലിയൊരു ഹാള്‍ പോലെ തോന്നിക്കുന്ന മറ്റൊരു കെട്ടിടത്തിന് മുന്നിലാണ്. അപ്പു പെട്ടെന്ന് അവിടുത്തെ ബോര്‍ഡിലേക്ക് നോക്കി അത്ഭുതത്തോടെ വായിച്ചു, ‘ലാഡ് ഖാന്‍ ക്ഷേത്രമോ? ഇതെന്താ മാഷേ അമ്പലത്തിന് ഇങ്ങനെ ഒരു പേര്?’

മാധവന്‍ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ലാഡ് ഖാന്‍ എന്നൊരു മുസ്ലിം പണ്ഡിതന്‍ ഇവിടെ വന്ന് താമസിച്ചതുകൊണ്ടാണ് ഈ പേര് വന്നത്. പക്ഷേ ഇതിന്റെ വാസ്തുവിദ്യ നോക്കൂ, മേല്‍ക്കൂര തടികൊണ്ട് പണിയുന്നതുപോലെ വലിയ കരിങ്കല്‍ പാളികള്‍ ചെരിച്ച് അടുക്കിവെച്ചാണ് ഇത് പണിതിരിക്കുന്നത്. ആളുകള്‍ ഒത്തുകൂടിയിരുന്ന വലിയൊരു അസംബ്ലി ഹാള്‍ ആയിരുന്നു ഇത്.’

കുറച്ചുകൂടി മുന്നോട്ട് പോയപ്പോള്‍ മീനാക്ഷി അവിടെയുള്ള കുന്നിന്‍മുകളിലെ ഒരു സ്തൂപം കാണിച്ച് ചോദിച്ചു, ‘ടീച്ചറേ, ആ കാണുന്നത് എന്താണ്?’

‘അതാണ് മീനാക്ഷീ ‘ബുദ്ധിസ്റ്റ് ചൈത്യഗൃഹം.’ മീര ടീച്ചര്‍ വിശദീകരിച്ചു. ‘ഒരൊറ്റ പാറ തുരന്നുണ്ടാക്കിയ രണ്ട് നിലകളുള്ള ബുദ്ധ ഗുഹാക്ഷേത്രമാണിത്. ചാലൂക്യന്മാര്‍ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിച്ചിരുന്നു എന്നതിന്റെ വലിയ തെളിവാണ് കല്ലില്‍ കൊത്തിയ ഈ ബുദ്ധവിഹാരങ്ങള്‍.’
തുടര്‍ന്ന് അവര്‍ കുന്നിന്‍മുകളിലുള്ള ‘മേഗുതി ജൈനക്ഷേത്രത്തിന്’ അരികിലെത്തി. ‘കുട്ടികളേ, സിമന്റോ മണ്ണോ ഇല്ലാതെ കല്ലുകള്‍ മാത്രം കൃത്യമായി ലോക്ക് ചെയ്ത് പണിത ക്ഷേത്രമാണിത്. ഇതിന്റെ ചുവരിലാണ് പ്രശസ്തനായ ചാലൂക്യ രാജാവ് പുലകേശി രണ്ടാമന്‍ ഉത്തരേന്ത്യയിലെ ശക്തനായിരുന്ന ഹര്‍ഷവര്‍ദ്ധന രാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ച ചരിത്രം കൊത്തിവെച്ചിരിക്കുന്നത്!’

ഐഹോളെയിലെ കാഴ്ചകള്‍ ഓടി നടന്ന് കണ്ട കുട്ടികള്‍ വേഗം ബസില്‍ കയറി. ബസ് തൊട്ടടുത്തുള്ള ‘പട്ടടക്കല്‍’ എന്ന സ്ഥലത്തേക്ക് നീങ്ങി.

‘മാഷെ ഈ സ്ഥലത്തിന്റെ പ്രത്യേകതയെന്താ ?’ ബസിലിരുന്ന് മീനാക്ഷി വിളിച്ചു ചോദിച്ചു.
‘ചാലൂക്യ രാജാക്കന്മാരുടെ പട്ടാഭിഷേകം നടന്നിരുന്ന സ്ഥലമാണ് മീനാക്ഷി അത്’ മറുപടി പറഞ്ഞ് ടീച്ചറായിരുന്നു.
അവിടുത്തെ പടുകൂറ്റന്‍ ഗോപുരങ്ങള്‍ കണ്ടപ്പോള്‍ ചിന്തുവിന് വീണ്ടും സംശയമായി, ‘മാഷേ, ഐഹോളെയില്‍ കണ്ടതിനേക്കാള്‍ എത്രയോ വലുതാണ് ഇവിടുത്തെ ഗോപുരങ്ങള്‍! മാത്രമല്ല, ചിലത് ഉത്തരഭാരതത്തിലെ അമ്പലങ്ങള്‍ പോലെയുണ്ടല്ലോ?’

‘വളരെ കൃത്യമായ നിരീക്ഷണമാണ് ചിന്തൂ,’ മീര ടീച്ചര്‍ വീണ്ടും പറഞ്ഞു. ‘ഐഹോളെയില്‍ പഠിച്ചെടുത്ത വിദ്യകള്‍ ശില്പികള്‍ പയറ്റിനോക്കിയത് ഈ പട്ടടക്കലിലാണ്. അതുകൊണ്ടാണ് ഇവിടെ വടക്കേ ഇന്ത്യന്‍ ശൈലിയായ ‘നാഗര’ ഗോപുരങ്ങളും, തെക്കേ ഇന്ത്യന്‍ ശൈലിയായ ‘ദ്രാവിഡ’ ഗോപുരങ്ങളും അടുത്തടുത്തായി വന്നത്. ഭാരതീയ വാസ്തുവിദ്യയുടെ ഈ അപൂര്‍വ്വ സംഗമം ഇവിടെ കാണാം. അതുകൊണ്ടാണ് ഇതിനെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.’
അതിനിടയില്‍ അപ്പു വിളിച്ചുപറഞ്ഞു, ‘മാഷേ, ദാ ഈ വിരൂപാക്ഷ ക്ഷേത്രത്തിന്റെ തൂണുകളില്‍ മുഴുവന്‍ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകള്‍ കൊത്തിവെച്ചിട്ടുണ്ടല്ലോ!’

‘അതേ അപ്പൂ, ഒരൊറ്റ കല്ലിലാണ് ഈ തൂണുകളെല്ലാം കൊത്തിയെടുത്തത്. കല്ലിന്റെ ഭാരം കൃത്യമായി താങ്ങിനിര്‍ത്താനുള്ള സ്ട്രക്ചറല്‍ എന്‍ജിനീയറിങ് ഉപയോഗിച്ചാണ് ഈ വലിയ ക്ഷേത്രം അവര്‍ പണിതുയര്‍ത്തിയത്,’
മാധവന്‍ മാഷ് വിശദീകരിച്ചു.

ചാലൂക്യന്മാരുടെ പഴയ തലസ്ഥാനമായിരുന്ന ബാദാമിയിലെക്കാണ് പിന്നെ അവര്‍ പോയത്. ഒരു വലിയ തടാകത്തിന് ചുറ്റും കോട്ടപോലെ നില്‍ക്കുന്ന ചുവന്ന പാറകളിലേക്ക് നോക്കി അപ്പു അത്ഭുതപ്പെട്ടു, ‘മാഷേ… ഈ വലിയ ചുവന്ന മലകളുടെ നെഞ്ച് തുരന്ന് ഉള്ളിലേക്ക് വലിയ വാതിലുകള്‍ ഉണ്ടാക്കി വെച്ചിരിക്കുകയാണല്ലോ!’

മാധവന്‍ മാഷ് പറഞ്ഞു, ‘ഇതാണ് ഭാരതത്തിലെ ഏറ്റവും പ്രശസ്തമായ ബാദാമി ഗുഹാക്ഷേത്രങ്ങള്‍. ഒരൊറ്റ വലിയ കരിങ്കല്‍ മലയുടെ ഉള്ളിലേക്ക് തുരന്നു കയറി, അതിനുള്ളില്‍ വലിയ ഹാള്‍, തൂണുകള്‍, ഗംഭീരമായ ശില്പങ്ങള്‍ എന്നിവ കൊത്തിയെടുത്തതാണ് ഈ നാല് ഗുഹകള്‍. ഒന്നും രണ്ടും മൂന്നും ഗുഹകള്‍ ശിവ-വിഷ്ണു ഭാവങ്ങള്‍ക്കും, നാലാമത്തേത് ജൈന ഗുഹയുമാണ്.’

ഒന്നാമത്തെ ഗുഹയ്‌ക്കുള്ളിലേക്ക് കയറിയ മീനാക്ഷി അവിടെയുള്ള വലിയൊരു ശില്പം കണ്ട് അത്ഭുതത്തോടെ വിളിച്ചുപറഞ്ഞു, ‘ടീച്ചറേ, ദാ ഈ ശിവന്റെ ശില്പം നോക്കിയേ! എത്ര കൈകളാണ് അതിനുള്ളത്? ഞാന്‍ എണ്ണീട്ട് തീരുന്നില്ലല്ലോ!’

‘മീനാക്ഷീ, അത് നടരാജ ഭാവത്തിലുള്ള 18 കൈകളുള്ള ശിവനാണ്. ആ കൈകളുടെ ചലനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭരതനാട്യത്തിലെ സകല മുദ്രകളും അതില്‍ കാണാം! പ്രകൃതിദത്തമായ കരിങ്കല്ലിന്റെ ബലം കൃത്യമായി കണക്കാക്കി, ഒരൊറ്റ വിള്ളല്‍ പോലും വീഴാതെ മല തുരന്ന് ഈ അത്ഭുതങ്ങള്‍ ഉണ്ടാക്കാന്‍ പണ്ടത്തെ എന്‍ജിനീയര്‍മാര്‍ക്ക് എങ്ങനെ കഴിഞ്ഞു എന്ന് ആലോചിച്ചു നോക്കൂ,’ മീര ടീച്ചര്‍ കുട്ടികളോട് പറഞ്ഞു.

സൂര്യന്‍ പതുക്കെ ബാദാമിയിലെ ചുവന്ന കരിങ്കല്‍ മലനിരകള്‍ക്ക് പിന്നിലേക്ക് താഴ്ന്നുതുടങ്ങി. അസ്തമയ വെളിച്ചത്തില്‍ ആ ചുവന്ന ഗുഹകള്‍ തങ്കനിറത്തില്‍ തിളങ്ങി നിന്നു. അന്നത്തെ യാത്ര അവസാനിപ്പിച്ച് അവര്‍ ബസിലേക്ക് കയറി

 

Recent Posts