Football

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കന്‍സാസ് സിറ്റി: ഏകദേശം ഒരു മണിക്കൂറോളം സമയം പത്തുപേരായി കളിച്ച സ്വിറ്റ്‌സര്‍ലന്‍ഡിനെ എക്‌സ്ട്രാ സമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ലോകകപ്പിന്റെ സെമിയില്‍. തുടര്‍ച്ചയായ രണ്ടാം തവണയും ചരിത്രത്തിലെ ഏഴാം സെമിയുമാണ് മെസ്സിപ്പട സ്വന്തമാക്കിയത്. പത്താം മിനിറ്റില്‍ മക്അലിസ്റ്ററുടെ ഗോളിലൂടെ മുന്നിലെത്തിയ അര്‍ജന്റീനയെ 67-ാം മിനിറ്റില്‍ എന്‍ഡോയെ നേടിയ ഗോളിലൂടെ സ്വിസ് സമനില പിടിച്ചു. ഇതോടെ നിശ്ചിത സമയത്ത് കളി 1-1 സമനിലയില്‍. തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട കളിയില്‍ 112-ാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസും 120+1 മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനസും നേടിയ ഗോളിലാണ് അര്‍ജന്റീന വിജയവും സെമിയും സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ മെസ്സി ഗോളടിക്കാത്ത മത്സരവും ഇതായി. സെമിയില്‍ ഇംഗ്ലണ്ടാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

കളിയുടെ 72-ാം മിനിറ്റിലാണ് സ്വിസിന് കനത്ത തിരിച്ചടി നല്‍കി എംബോളോ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കണ്ട് പുറത്തായത്. സ്വിസ് താരം എംബോളോയെ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയുടെ പരേഡസിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ പരേഡസ് തെറ്റ് ചെയ്തിട്ടില്ലെന്നും, എംബോളോ ഫൗള്‍ ചെയ്യപ്പെട്ടതായി അഭിനയിക്കുകയായിരുന്നുവെന്നും തെളിഞ്ഞു. ഇതോടെ റഫറി പരേഡസിന്റെ മഞ്ഞക്കാര്‍ഡ് പിന്‍വലിക്കുകയും, അഭിനയിച്ചതിന് എംബോളോയ്‌ക്ക് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പു കാര്‍ഡും നല്‍കി പുറത്താക്കുകയായിരുന്നു. ചുവപ്പുകാര്‍ഡ് കണ്ട താരം കരഞ്ഞുകൊണ്ടാണ് മൈതാനം വിട്ടത്. എംബോളയുടെ പുറത്താകല്‍ സ്വിസ് നിരയുടെ താളം തെറ്റിക്കുകയായിരുന്നു.

അര്‍ജന്റീന 4-1-3-2 ശൈലിയിലും സ്വിറ്റ്‌സര്‍ലന്‍ഡ് 4-2-3-1 ശൈലിയിലുമാണ് കളത്തിലിറങ്ങിയത്. പന്ത് കൈവശം വയ്‌ക്കുന്നതില്‍ അര്‍ ജന്റീനയ്‌ക്കായിരുന്നു മുന്‍തൂക്കം. 59 ശതമാനവും പന്ത് കൈവശം വച്ച് അവര്‍ ഏഴ് ഓണ്‍ ടാര്‍ഗറ്റ് അടക്കം 22 ഷോട്ടുകള്‍ പായിച്ചു. സ്വിസ് ആകട്ടെ അഞ്ച് ഓണ്‍ ടാര്‍ഗറ്റ് അടക്കം 11 ഷോട്ടുകളാണ് അര്‍ജന്റൈന്‍ പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചത്. മത്സരത്തില്‍ അര്‍ജന്റീന എട്ട് കോര്‍ണറുകള്‍ സ്വന്തമാക്കിയപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ലഭിച്ചത് ആകെ രണ്ടെണ്ണം.

പതിയെ തുടങ്ങിയ പോരാട്ടം പിന്നീട് ആവേശകരമായി. കളിയുടെ തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞത് സ്വിസ് പോരാളികളായിരുന്നു. എന്നാല്‍ കളിയുടെ ഗതിക്കെതിരെ അര്‍ജന്റീനയാണ് ആദ്യം ഗോളടിച്ചത്. 10-ാം മിനിറ്റില്‍ ലയണല്‍ മെസ്സി എടുത്ത കോര്‍ണര്‍ കിക്ക് ബോക്‌സിനുള്ളില്‍ നിന്ന് സ്വിസ് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ നല്ലൊരു ഹെഡ്ഡറിലൂടെ മക്അലിസ്റ്റര്‍ സ്വിസ് വല കുലുക്കി. ഈ ലോകകപ്പില്‍ മക്അലിസ്റ്ററുടെ ആദ്യ ഗോളാണിത്. ഈ ലോകകപ്പില്‍ അര്‍ജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്, ലീഡ് വഴങ്ങിയതോടെ സ്വിസ് മുന്നേറ്റം ആക്രമണം കടുപ്പിച്ചു. ഷാക്കയുടെ നേതൃത്വത്തില്‍ എന്‍ഡോയെയും എംബോളയും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മൊളീനയും റൊമേരോയും അടങ്ങിയ പ്രതിരോധവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും ചേര്‍ന്ന് അവരെ ലക്ഷ്യത്തില്‍ നിന്ന് അകറ്റിനിര്‍ത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സ്വിറ്റ്‌സര്‍ലന്‍ഡിന് ഒരു ഫ്രീകിക്ക് അനുവദിച്ചെങ്കിലും അതു മുതലാക്കാന്‍ അവര്‍ക്കായില്ല. 18-ാം മിനിറ്റില്‍ സ്വിസ് മധ്യനിര താരം സോ ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ശക്തമായ ഷോട്ട് അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് അനായാസം കൈപ്പിടിയിലൊതുക്കി. അതേസമയം ഒരു ഗോളിന്റെ ലീഡ് നേടിയശേഷം അര്‍ജന്റീന പ്രതിരോധം കടുപ്പിക്കാനായിരുന്നു ശ്രമിച്ചത്. 36-ാംമിനിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് റീഡര്‍ ബോക്സിലേക്ക് എത്തിച്ചെങ്കിലും മാര്‍ട്ടിനസ് അത് കുത്തിയകറ്റി. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു ഫ്രീകിക്കും സ്വിറ്റ്‌സര്‍ലന്‍ഡിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതോടെ ആദ്യ പകുതിയില്‍ നിലവിലെ ലോകചാമ്പ്യന്മാര്‍ 1-0ന് മുന്നില്‍.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വിസ് താരങ്ങള്‍ മൈതാനത്തെത്തിയത്. തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫാബിയന്‍ റീഡര്‍ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് പായിച്ച ഷോട്ട പുറത്തേക്ക് പറന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 67-ാം മിനിറ്റില്‍ സമനില ഗോള്‍. റിക്കാര്‍ഡോ റോഡ്രിഗസുമായി ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ എന്‍ഡോയെ ബോക്‌സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ട് അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ മാര്‍ട്ടിനസിനെ മറികടന്ന് വലയില്‍ കയറി. അഞ്ച് മിനിറ്റിനുശേഷം സ്വിറ്റ്‌സര്‍ലന്‍ഡിന് വന്‍ തിരിച്ചടി നേരിട്ടു. അവരുടെ എംബോളെ രണ്ടാം മഞ്ഞകാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കണ്ട് പുറത്തായി. ഇതോടെ പത്തുപേരുമായാണ് സ്വിസ്പട പിന്നീട് കളിച്ചത്. തുടര്‍ന്ന് പ്രതിരോധക്കോട്ട കെട്ടിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കളിച്ചത്. അര്‍ജന്റീന മുന്നേറ്റങ്ങളെ ചെറുത്ത് കളി ഷൂട്ടൗട്ടിലേക്ക് നീട്ടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സ്വിസ് ഗോളിയുടെ മികച്ച പ്രകടനവും നിശ്ചിത സമയത്ത് വിജയഗോള്‍ നേടുന്നതില്‍നിന്ന് അര്‍ജന്റീനയെ തടഞ്ഞുനിര്‍ത്തി. ഇതിനിടെ അര്‍ജന്റീന ടാഗ്ലിയാഫികോയ്‌ക്ക് പകരം ഗൊണ്‍സാലസിനെയും മൊളിനയ്‌ക്ക് പകരം മൊണ്‍ടിയലിനെയും എന്‍സോ ഫെര്‍ണാണ്ടസിന് പകരം അല്‍മാഡയെയും ഡി പോളിന് പകരം ലൗതാരോ മാര്‍ട്ടിനസിനെയും ഇറക്കി മുന്നേറ്റം കടുപ്പിച്ചെങ്കിലും വിജയഗോള്‍ വിട്ടുനിന്നു. ഇഞ്ചുറി ടൈമില്‍ മെസ്സിയുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയപ്പോള്‍ മാര്‍ട്ടിനസിന്റെ ഒരു ശ്രമം സ്വിസ് കീപ്പര്‍ കോബല്‍ രക്ഷപ്പെടുത്തുകയും ചെയ്തു. ഇതോടെ മത്സരം എക്‌സ്ട്രാ സമയത്തിലേക്ക് നീണ്ടു.

അധികസമയത്തും മികച്ച മുന്നേറ്റങ്ങള്‍ നടത്തി വിജയഗോളിനായി മെസ്സിയും കൂട്ടരും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ കടുത്ത സ്വിസ് പ്രതിരോധം അപ്രരിരോധമായി നിലയുറപ്പിച്ചതോടെ വിജയഗോള്‍ വന്നില്ല. ഒടുവില്‍ 112-ാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് നേടി. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ജോസ് മാനുവല്‍ ലോപ്പസിന്റെ അസിസ്റ്റില്‍നിന്ന് ജൂലിയന്‍ അല്‍വാരസ് ബോക്‌സിന് പുറത്തുനിന്ന് പായിച്ച കിടിലന്‍ ഷോട്ട് വളഞ്ഞിറങ്ങി സ്വിസ് ഗോള്‍കീപ്പര്‍ ഗ്രെഗര്‍ കോബെലിനെ മറികടന്ന് വലയില്‍ കയറി. പിന്നീട് അധികസമയത്തിന്റെ പരിക്ക് സമയത്ത് മൂന്നാം ഗോളും അര്‍ജന്റീന നേടി. ലൗതാരോ മാര്‍ട്ടിനസാണ് വല കുലുക്കിയത്. ഇതോടെ അര്‍ജന്റീന 3-1ന്റെ വിജയവും സെമി ബര്‍ത്തും സ്വന്തമാക്കുകയായിരുന്നു.

മെസ്സിയുടെ ഗോളടിക്ക് വിരാമം
ഈ ലോകകപ്പില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി ഗോളടിക്കാത്ത മത്സരമായി സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍. ലോകകപ്പില്‍ തുടര്‍ച്ചയായ ഒന്‍പത് മത്സരങ്ങള്‍ക്കുശേഷമാണ് മെസ്സി ഗോളടിക്കാതിരിക്കുന്നത്. ഇന്നലെ ഗോളടിച്ചില്ലെങ്കിലും ആദ്യ ഗോളിന് വഴിയൊരുക്കിയത് മെസ്സിയായിരുന്നു ഇതോടെ 10 അസിസ്റ്റുകളുമായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമെന്ന റിക്കോഡും മെസ്സി സ്വന്തം പേരിലാക്കി. ഈ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എട്ട് ഗോളുകളുമായി മെസ്സി ഇപ്പോഴും കിലിയന്‍ എംബാപ്പെയ്‌ക്കൊപ്പം തുടരുന്നു. ഗോളുകള്‍ തുല്യമാണെങ്കിലും മൂന്ന് അസിസ്റ്റുകളുടെ ആനുകൂല്യത്തില്‍ എംബാപ്പെയാണ് തലപ്പത്ത്. മെസ്സിക്ക് രണ്ട് അസിസ്റ്റുകളുണ്ട്. ആറ് ഗോളുകള്‍ വീതം നേടിയ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങാമും ഹാരി കെയിനും തൊട്ടുപിന്നിലുണ്ട്.

Recent Posts