ബൊഗോട്ട: ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നിര്‍ണായക ഗോള്‍ അവസരം നഷ്ടപ്പെടുത്തിയതിന് പിന്നാലെ കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ ക്രൂരമായ വധഭീഷണി. ഭീഷണിയെത്തുടര്‍ന്ന് താരം മറ്റ് ടീമംഗങ്ങള്‍ക്കൊപ്പം കൊളംബിയയിലേക്ക് മടങ്ങാതെ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കൊളംബിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശക്തമായി അപലപിക്കുകയും കുറ്റവാളികളെ കണ്ടെത്താന്‍ രാജ്യത്തെ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു. 1994 ലോകകപ്പിലെ ഓണ്‍ ഗോളിന് പിന്നാലെ കൊളംബിയയില്‍ വെടിയേറ്റു മരിച്ച പ്രതിരോധ താരം ആന്‍ഡ്രേസ് എസ്‌കോബാറിന്റെ കറുത്ത ഓര്‍മ്മകളെ ഫുട്‌ബോള്‍ ലോകത്തേക്ക് വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
കാനഡയിലെ വാന്‍കൂവറില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയയും സ്വിറ്റ്‌സര്‍ലാന്‍ഡും നിശ്ചിത സമയത്തും അധികസമയത്തും ഗോളൊന്നും നേടാനാകാതെ (0-0) സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ അധികസമയത്തിന്റെ അവസാന മിനിറ്റുകളില്‍, കളി ജയിപ്പിക്കാന്‍ ലഭിച്ച ഒരു സുവര്‍ണ്ണാവസരം 26കാരനായ കാമ്പാസിന്റെ ഷോട്ടിലൂടെ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി.
പിന്നീട് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാമ്പാസ് തന്റെ കിക്ക് ഗോളാക്കി മാറ്റിയെങ്കിലും, കൊളംബിയ 4-3ന് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും വധഭീഷണികളും ഉയര്‍ന്നത്.
നാട്ടിലേക്ക് മടങ്ങാതെ താരം; ഇന്‍സ്റ്റാഗ്രാമില്‍ വൈകാരിക പ്രതികരണം:
സുരക്ഷാ കാരണങ്ങളാല്‍ ടീം സഞ്ചരിച്ച ഔദ്യോഗിക ഫ്‌ലൈറ്റില്‍ കാമ്പാസ് കൊളംബിയയിലേക്ക് മടങ്ങിയില്ല. താരം നിലവില്‍ കാനഡയിലോ അല്ലെങ്കില്‍ താന്‍ ക്ലബ് ഫുട്‌ബോള്‍ കളിക്കുന്ന അര്‍ജന്റീനയിലോ അഭയം തേടിയിരിക്കുകയാണെന്നാണ് സൂചന.
തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മുഖം പൊത്തിവിഷമിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കാമ്പാസ് ആരാധകരോട് സമാധാനത്തിന് അഭ്യര്‍ത്ഥിച്ചു: എന്റെ കൊളംബിയ, ദയവായി പരസ്പര ബഹുമാനം നഷ്ടപ്പെടുത്തരുത്. നമ്മള്‍ വ്യത്യസ്തമായി ചിന്തിച്ചേക്കാം, അല്ലെങ്കില്‍ വലിയ സങ്കടവും നിരാശയും തോന്നാം. എന്നാല്‍ ഒരു വികാരവും വെറുപ്പിനെയോ ഭയത്തോടെ ജീവിക്കുന്നതിനെയോ ന്യായീകരിക്കുന്നില്ല. ചെറുപ്പം മുതല്‍ കൊളംബിയന്‍ ജേഴ്‌സിയണിയാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. രാജ്യത്തിന് വേണ്ടി കളം നിറഞ്ഞ് കളിച്ചു, ഇനിയും ആയിരം വട്ടം ഞാനത് ചെയ്യും.’
‘രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു കായികതാരവും അവരുടെ കുടുംബവും ഇത്തരം ഭീഷണികള്‍ നേരിടേണ്ടി വരുന്നത് അനുവദിക്കാനാകില്ല. ഫുട്‌ബോള്‍ ഒരുമയുടെയും പ്രതീക്ഷയുടെയും വേദിയാണ്, അക്രമത്തിനുള്ളതല്ല,’ എന്ന് കൊളംബിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഒരു ഗോള്‍ നേടി കൊളംബിയയുടെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ജാമിന്റണ്‍ കാമ്പാസ്.
















