ന്യൂദല്‍ഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. കപ്പലിലുണ്ടായിരുന്ന 10 ഭാരതീയരെ
രക്ഷപ്പെടുത്തിയതായും ഒരാളെ കാണാതായതായും മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം, അടിയന്തരമായി സംഘർഷാവസ്ഥയ്‌ക്ക് അയവ് വരുത്തണമെന്നും ആവശ്യപ്പെട്ടു.
“ഒമാൻ തീരത്ത് ജി.എഫ്.എസ് ഗാലക്സി എന്ന വാണിജ്യ കപ്പലിനു നേരെ ഇന്നുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കപ്പലിലുണ്ടായിരുന്ന 11 ഭാരതീയരിൽ 10 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒരു ഭാരതീയനെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒമാനിലെ ഭാരതഎംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്,” എന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി ഒമാൻ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും മികച്ച പിന്തുണ നൽകിയ ഒമാൻ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും, വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന നടപടികൾക്കെതിരെ ഭാരതത്തിന്റെ
നിലപാടും മന്ത്രാലയം ആവർത്തിച്ചു.
മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരുന്നതിനായി സംഘർഷങ്ങൾ ഉടനടി അവസാനിപ്പിക്കാനും നയതന്ത്ര പരിഹാരത്തിനായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാനുമുള്ള ആവശ്യം ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നതായും ഭാരത വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തൽ കരാറിൽനിന്ന് യുഎസ് പിന്മാറിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. യുഎഇയിൽ പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ഖത്തറിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നതായി ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒമാനിലെ മുസണ്ടം ഗവർണറേറ്റിൽ ഡ്രോൺ ആക്രമണം ഉണ്ടായെന്ന് ഒമാനും സ്ഥിരീകരിച്ചു.
ആക്രമണത്തിൽ കുവൈറ്റിലെ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം, വെടിമരുന്ന് ശാല, യുഎസ് റഡാർ കേന്ദ്രം എന്നിവ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, തങ്ങളുടെ ആകാശപരിധിയിൽ എത്തിയ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി പ്രതിരോധിച്ചതായും എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി.
















