ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനില്‍ മതപരിവര്‍ത്തനത്തിന് വഴങ്ങാത്തതിന് അതിക്രൂരമായി കൊല ചെയ്യപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹരിപ്പാട് പിലാപ്പുഴ പൂതൂക്കാട് സുപ്രഭാതം വീട്ടില്‍ സാവരിയയുടെ ബന്ധുക്കളെ ഹിന്ദുഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു. കൊലപാതകിയെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ടീച്ചര്‍ പറഞ്ഞു. മാതാപിതാക്കളെയും ഉറ്റബന്ധുക്കളെയും ടീച്ചര്‍ ആശ്വസിപ്പിച്ചു.
കൊലപാതകിയുടെ അമ്മയും നിരന്തരം ഫോണിലൂടെ കൂട്ടിയെ ശല്യം ചെയ്തിരുന്നുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. കുട്ടിക്കുണ്ടായ മാനസികപീഡനത്തിന് ഇവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ടീച്ചര്‍ പിന്നീട് പ്രതികരിച്ചു. സാവരിയ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ താമസ സ്ഥലത്ത് തടവിലായിരുന്നോ എന്നും വീട്ടുകാര്‍ സംശയിക്കുന്നു. ദിവസവും വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്ന കുട്ടി രണ്ട് ദിവസം വീട്ടിലേക്ക് വിളിക്കാതിരുന്നപ്പോള്‍ അച്ഛന്‍ ബസന്ത് കുട്ടിയെ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും മറുപടി ടെക്സ്റ്റ് മെസേജായിരുന്നു. ഇത് സംശയം ജനിപ്പിക്കുന്നതാണ്. വാര്‍ത്തകളില്‍ നിന്നും അറിഞ്ഞതിനെക്കാള്‍ അതിക്രൂര കൊലപാതകമാണ് നടന്നതെന്നാണ് മാതാപിതാക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
കുട്ടിയുടെ പിതൃസഹോദരന്‍ ഉസ്ബെകിസ്ഥാനില്‍ എത്തിയപ്പോള്‍ ഒത്തുതീര്‍പ്പ് നടപടിയുമായി അവിടെ ചിലര്‍ എത്തിയതായി അറിയാന്‍ കഴിഞ്ഞു. പണത്തിന്റെയും മതപരമായ സ്വാധീനവും, ഇതിനായി ഉപയോഗിച്ചു. മുസ്ലിം രാജ്യമായതിനാലും പ്രതി മുസ്ലിം ആയതിനാലും കൊലപാതകിയായ സദറുള്‍ അനം രക്ഷപ്പെടാന്‍ സാഹചര്യം ഉണ്ടാകും. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ദീപ ഉണ്ണികൃഷ്ണന്‍, ജില്ലാ ജനല്‍ സെക്രട്ടറി അംബിക സോമന്‍, വര്‍ക്കിങ് പ്രസിഡന്റ് ഗിരിജകുമാരി, സംസ്ഥാന സമിതി അംഗം ഏവൂര്‍ ശശികുമാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി സൂമേഷ്, സൂര്യകുമാര്‍ മാവേലിക്കര തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.













