തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്ക പാത ദുരന്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ റവന്യൂ-ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എംജി രാജമാണിക്യം കണ്‍വീനറായി 5 അംഗ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. സമിതിയില്‍ പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, ഭൗമ ശാസ്ത്ര വിദഗ്‌ധന്‍ ഡോ.സിപി രാജേന്ദ്രന്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. വിഷ്‌ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ.പി പുകഴേന്തി എന്നിവരാണ് മറ്റ് അംഗങ്ങള്‍. ആവശ്യമെങ്കില്‍ മറ്റ് വിദഗ്‌ധരെ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സമിതി കണ്‍വീനര്‍ക്ക് അധികാരമുണ്ടായിരിക്കും.
അപകടത്തിന്റെ കാരണങ്ങള്‍, കരാറുകാര്‍, കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ച പാരസ്ഥിതികാനുമതിയുടെ പരിശോധന, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വനം അനുമതി എന്നിവയാണ് സമിതിയുടെ പരിശോധനാ വിഷയങ്ങള്‍. ഒരു മാസത്തിനുള്ളില്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും ഇത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. ദുരന്ത നിവാരണ അതോറിട്ടി കമ്മിഷണറും സ്‌പെഷല്‍ സെക്രട്ടറിയുമായ കെ ജീവന്‍ബാബുവാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടിട്ടുള്ളത്.













