ന്യൂദല്‍ഹി: ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾക്കും സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഹണി ത്രെഹാൻ സംവിധാനം ചെയ്ത ‘സത്‌ലുജ്’ എന്ന ചിത്രം സെൻസർ സർട്ടിഫിക്കറ്റില്ലാതെ ‘സീ5’ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ജൂലൈ 3നാണ് ഒ ടി ടിയിൽ എത്തിയത്. എന്നാൽ സുരക്ഷാ കാരണങ്ങളും 2021ലെ ഐ ടി ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്ര നിർദേശപ്രകാരം രണ്ടു ദിവസത്തിനകം ചിത്രം ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തിരുന്നു.
നിലവിൽ ഒ ടി ടി ഉള്ളടക്കങ്ങൾ സെൻസർ ബോർഡിന്റെ പരിധിയിൽ വരുന്നില്ല. 2021ലെ ഐ ടി ചട്ടങ്ങൾ പ്രകാരമാണ് ഇവ നിയന്ത്രിക്കുന്നത്. സെൻസർ ബോർഡ് നിർദേശിച്ച 127 കട്ടുകൾ അംഗീകരിക്കാൻ സംവിധായകൻ തയ്യാറാകാതിരുന്നതോടെ കഴിഞ്ഞ മൂന്ന് വർഷമായി തടഞ്ഞുവെച്ച ചിത്രമാണ് സെൻസറിംഗ് ഇല്ലാതെ ഒ ടി ടിയിൽ എത്തിയത്. ആദ്യം ‘ഘല്ലൂഘാര’ എന്നും പിന്നീട് ‘പഞ്ചാബ് 95’ എന്നും പേരിട്ട ചിത്രം ഒടുവിൽ ‘സത്‌ലുജ്’ എന്ന പേരിലാണ് ഒ ടി ടിയിൽ പ്രദർശിപ്പിച്ചത്. സംഭവം വിവാദമായതോടെ ഐ ടി ചട്ടങ്ങളിൽ ഭേദഗതി വരുത്തി സിനിമകൾ ഒ ടി ടിയിൽ എത്തിക്കുന്നതിന് മുൻപ് സെൻസർ സർട്ടിഫിക്കേഷൻ നിർബന്ധമാക്കാനാണ് സർക്കാരിന്റെ നീക്കം.















