Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലണ്ടന്‍: വാശിയേറിയ വനിതാ സിംഗിള്‍സ് വിംബിള്‍ഡണ്‍ സെമി പോരാട്ടത്തിനൊടുവില്‍ ചെക്ക് താരം കരോലിന മുച്ചോവ ഫൈനലില്‍ പ്രവേശിച്ചു.

മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചത് അമേരിക്കന്‍ താരം കോക്കോ ഗൗഫിനെ.വാശിയേറയ പോരാട്ടത്തിന്റെ ആദ്യ സെറ്റ് മുച്ചോവ ആധികാരികമായി ആഘോഷിച്ചു. രണ്ടാം സെറ്റില്‍ ഗൗഫ് അതേ നാണയത്തില്‍ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരികെ വന്നു. ഇതോടെ മത്സരത്തിന്റെ ആവേശവും ഇരട്ടിച്ചു. വിജയിയെ നിര്‍ണയിച്ച അവസാന സെറ്റ് തീരാന്‍ ഒന്നര മണിക്കൂറിലേറെ വേണ്ടിവന്നു. ഓരോ പോയിന്റും ഇരു താരവും ഒപ്പത്തിനൊപ്പം നേടിക്കൊണ്ടിരുന്നു. ഒടുവില്‍ 6-6 സമനിലയില്‍ നിന്ന് ടൈബ്രേക്കറിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മുച്ചോവ 12-10ന് മുന്നേറി മത്സരം പിടിച്ചെടുത്തു. സ്‌കോര്‍ 6-2, 1-6, 6-7(12-10)

വിംബിള്‍ഡണിന്റെ പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന് നടക്കും. വൈകീട്ട് ആറിന് ആദ്യ സെമിയില്‍ അലക്‌സാണ്ടര്‍ സ്വരേവും ആര്‍തര്‍ ഫെറിയും നേര്‍ക്കുനേര്‍ പോരടിക്കും. തുടര്‍ന്ന് നടക്കുന്ന രണ്ടാം സെമിയില്‍ യാനിക് സിന്നര്‍-നോവാക് ദ്യോക്കോവിച്ച് പോരാട്ടം. വിംബിള്‍ഡണില്‍ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണിത്.