വിഴിഞ്ഞം: അഴിമതിയും ധൂര്‍ത്തും കാരണം കേരളത്തിന്റെ തുറമുഖ വികസനത്തിന് ശാപമായി മാറിയ കേരള മാരിടൈം ബോര്‍ഡിനെ, തുറമുഖങ്ങളുടെ ഭരണം, നിയന്ത്രണം, നടത്തിപ്പ് എന്നിവയുടെ നിയമപരമായ ഉദ്ദേശ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടു.
സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിനെ ഇല്ലാതാക്കി 2017ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ മാരിടൈം ബോര്‍ഡ് രൂപീകരിച്ച് ഇഷ്ടക്കാരെ തലപ്പത്ത് ഇരുത്തുകയായിരുന്നു. ബോര്‍ഡ് അധികൃതര്‍ 2023 മുതല്‍ 2025 വരെയുള്ള വാര്‍ഷിക ഭരണ റിപ്പോര്‍ട്ടുകള്‍ ഒന്നുപോലും സര്‍ക്കാരിന് കൈമാറിയില്ല. 2023 മാര്‍ച്ചില്‍ സിഎജി റിപ്പോര്‍ട്ടില്‍ ബോര്‍ഡിന്റെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചെങ്കിലും സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല.
അടിസ്ഥാന സൗകര്യങ്ങളോ പ്രവര്‍ത്തനമോ ഇല്ലാത്തതെന്ന് കാണിച്ച് ബഹുഭൂരിപക്ഷം തുറമുഖങ്ങളെയും പ്രവര്‍ത്തനമില്ലാത്തവയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് ബോര്‍ഡ് കഴിഞ്ഞമാസം 10ന് സര്‍ക്കാരിന് കത്ത് നല്‍കി.
സംസ്ഥാനത്ത് ആകെയുള്ള 17 തുറമുഖങ്ങളില്‍ പതിമൂന്നിനെയും ഡിനോട്ടിഫൈ ചെയ്യണമെന്ന് കാണിച്ചാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. അങ്ങനെ വരുമ്പോള്‍ നിലനില്‍ക്കുന്നവയില്‍ വിഴിഞ്ഞവും കൊല്ലവും ബേപ്പൂരും അഴീക്കലും മാത്രമായി ചുരുങ്ങും.
തുറമുഖങ്ങളുടെ ഭരണം, നിയന്ത്രണം, നടത്തിപ്പ് എന്നിവ ഉദ്ദേശിച്ചാണ് മാരിടൈം ബോര്‍ഡ് രൂപീകൃതമായത്. മറ്റ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി ചെയര്‍മാനും വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി മാരിടൈം ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ ഇവിടെ പാര്‍ട്ടിയിലെ ഇഷ്ടക്കാരെ ചെയര്‍മാനാക്കി കേരളത്തില്‍ ബോര്‍ഡുണ്ടാക്കി. വിഴിഞ്ഞത്തെ ക്രൂ ചേഞ്ച് നിര്‍ത്തലാക്കാന്‍ വരെ ബോര്‍ഡ് അധികൃതരില്‍ ചിലര്‍ കളിച്ചെന്ന പരാതി ഉയര്‍ന്നത് മുതല്‍ സംശയനിഴലിലായെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അനങ്ങിയില്ല. ഒടുവില്‍, നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ഗുരുതര വിഴ്ച വരുത്തിയത് കണ്ടെത്തിയതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് ഗസറ്റ് നോട്ടിഫിക്കേഷനില്‍ പറയുന്നു. ബോര്‍ഡ് സ്ഥാപിതമായി ഒമ്പത് വര്‍ഷം തികയുമ്പോഴും ലക്ഷ്യംവച്ച ഒരു പ്രോജക്ട് പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്.
















